Quantcast

‘ബേഠി പഠാവോ’ ഹിന്ദിയിൽ എഴുതാനറിയാതെ കേന്ദ്ര മന്ത്രി; വിഡിയോ വൈറൽ

മൂന്നാം മോദി സർക്കാറിൽ വനിത, ശിശു വികസന സഹമന്ത്രിയാണ് സാവിത്രി താക്കൂർ

MediaOne Logo

Web Desk

  • Published:

    19 Jun 2024 2:13 PM GMT

Union minister Savitri Thakur
X

ഭോപ്പാൽ: ‘ബേഠി ബചാവോ, ബേഠി പഠാവോ’ (മകളെ രക്ഷിക്കൂ, മകളെ പഠിപ്പിക്കൂ) എന്ന മുദ്രാവാക്യം ഹിന്ദിയിൽ തെറ്റിച്ചെഴുതി കേന്ദ്ര സഹമന്ത്രി സാവിത്രി താക്കൂർ. മധ്യപ്രദേശ് ധർ ജില്ലയിലെ സർക്കാർ സ്കൂളിൽ നടന്ന ‘സ്കൂൾ ചലോ അഭിയാൻ’ പരിപാടിക്കിടെ ബോർഡിൽ എഴുതുമ്പോഴാണ് തെറ്റ് സംഭവിച്ചത്. ധർ മണ്ഡലത്തിൽനിന്നുള്ള ലോക്സഭാ അംഗമായ സാവിത്രി പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. മൂന്നാം മോദി സർക്കാറിൽ വനിത, ശിശു വികസന സഹമന്ത്രിയാണ് ഇവർ.

സംഭവത്തിന്റെ വിഡിയോ വൈറലായതോടെ പലരും മന്ത്രിയെ വിമർശിച്ച് രംഗത്തുവന്നു. ഭരണഘടനാ പദവികളും വലിയ വകുപ്പുകളുടെ ചുമതലകളും വഹിക്കുന്നവർക്ക് സ്വന്തം മാതൃഭാഷയിൽ പോലും അവഗാഹമില്ല എന്നത് ജനാധിപത്യത്തിന്റെ ദൗർഭാഗ്യമാണെന്ന് ​മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ. മിശ​്ര പറഞ്ഞു. അവർക്ക് എങ്ങനെ തന്റെ വകുപ്പുകളെ കൈകാര്യം ചെയ്യാനാകും. ഒരുവശത്ത് രാജ്യത്തെ പൗരൻമാർ സാക്ഷരരാണെന്ന് അവകാശപ്പെടുന്നു. എന്നാൽ, മറുവശത്ത് ഉത്തരവാദിത്തപ്പെട്ട ആളുകൾക്ക് പോലും സാക്ഷരതയില്ല. അപ്പോൾ എന്താണ് സത്യം? ഇത് ഒരു വ്യക്തിയുമായി ബന്ധപ്പെട്ട പ്രശ്നമല്ല, ഒരു സംവിധാനവുമായി ബന്ധപ്പെട്ടതാണെന്നും കെ.കെ. മിശ്ര പറഞ്ഞു.

അതേസമയം, കോൺഗ്രസിനെതിരെ ബി.ജെ.പി രംഗത്തുവന്നു. കോൺഗ്രസിന്റെ ആദിവസി വിരുദ്ധ ചിന്താഗതിയാണ് ഇവിടെ വെളിവായതെന്ന് ധർ ജില്ലാ ബി.ജെ.പി പ്രസിഡന്റ് മനോജ് സോമാനി പറഞ്ഞു. ആദിവാസി സ്ത്രീയെ അപമാനിക്കുന്നത് ആദിവാസി സമൂഹം പൊറുക്കില്ല. ഒരു ആദിവാസി സ്ത്രീയുടെ വളർച്ച അംഗീകരിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​അതേസമയം, മധ്യപ്രദേശിലെ ആദിവാസി വിഭാഗത്തിൽനിന്നുള്ള പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാറും മന്ത്രിയെ വിമർശിച്ച് രംഗത്തുവന്നു. ‘എന്തുതരം നേതൃത്വമാണിത്. റബ്ബർ സ്റ്റാമ്പായ മന്ത്രിമാരെ മാത്രമാണോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സർക്കാറിൽ ആവശ്യമുള്ളത്? ഒരു ജനപ്രതിനിധി എങ്ങനെയാവണമെന്ന് എന്നതിന് പ്രത്യേക മാനദണ്ഡമില്ല. പക്ഷെ, കുറഞ്ഞപക്ഷം സാക്ഷരരായിരിക്കണം’ -ഉമാങ് സിംഗാർ കൂട്ടിച്ചേർത്തു. രാജ്യത്തെ പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് ബേഠി ബചാവോ ബേഠി പഠാവോ.

TAGS :

Next Story