മുസ്‍ലിംകള്‍ എനിക്കും വോട്ട് ചെയ്തില്ല; വിവാദപരാമര്‍ശത്തില്‍ ജെഡിയു എം.പിയെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
സിങ്ങിന്‍റെ പരാമര്‍ശത്തിനെതിരെ ആര്‍ജെഡി രംഗത്തെത്തി
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യാത്ത മുസ്‍ലിം,യാദവ സമുദായങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കില്ലെന്ന് പറഞ്ഞ ജെഡിയു എം.പി ദേവേഷ് ചന്ദ്ര താക്കൂറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ സിങ്. മുസ്‍ലിംകള്‍ തനിക്കും വോട്ട് ചെയ്തില്ലെന്നും ഒരു പ്രത്യേക പാർട്ടിക്ക് വോട്ട് ചെയ്യേണ്ടതില്ലെന്ന മുസ്‍ലിംകളുടെ കൂട്ടായ തീരുമാനത്തിന്‍റെ ലക്ഷ്യം സനാതന ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
''താക്കൂര്‍ തന്‍റെ ഹൃദയത്തിലുള്ളത് തുറന്നുപറഞ്ഞു. വര്‍ഷങ്ങളോളം അദ്ദേഹം എംഎല്‍സിയായിരുന്നു. അദ്ദേഹത്തിന്‍റെ വീട്ടില്‍ എല്ലാ മതചിഹ്നങ്ങളും ഉണ്ടായിരുന്നു. എല്ലാവര്‍ക്കും വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്‍റെ ഹൃദയം തകര്‍ന്നു'' സിങ് ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ''മുസ്‍ലിംകള്‍ എനിക്കും വോട്ട് ചെയ്യുന്നില്ല. എന്തുകൊണ്ട്? സംസ്ഥാനത്തിന്‍റെയും കേന്ദ്രത്തിന്‍റെയും എല്ലാ പദ്ധതികളും പ്രയോജനപ്പെടുത്തിയ ശേഷം, ചില വിഭാഗങ്ങൾ ഒരു പ്രത്യേക പാര്‍ട്ടിക്ക് കൂടുതല്‍ വോട്ടുകളും മറ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യാതിരിക്കുകയും ചെയ്യുന്നു'' ഗിരിരാജ സിങ് കൂട്ടിച്ചേര്‍ത്തു.
സിങ്ങിന്‍റെ പരാമര്‍ശത്തിനെതിരെ ആര്‍ജെഡി രംഗത്തെത്തി. “ഇത്തരമൊരു സംവാദം തുടങ്ങിയത് നിർഭാഗ്യകരമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മംഗല്യസൂത്ര പരാമര്‍ശത്തിന്‍റെ തുടര്‍ച്ചയാണിത്. ഒരു എംഎല്‍എയും എ.പിയും ആ മണ്ഡലത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്നയാളാണ്. അല്ലാതെ ഒരു പ്രത്യേക മതത്തിന്‍റെയോ ജാതിയുടെയോ പ്രതിനിധിയല്ല. താക്കൂറിന്‍റെയും സിങ്ങിന്‍റെയും വിഭജന ഭാഷയില്‍ ഞങ്ങൾ അസ്വസ്ഥരാണ്. ചിലരുടെ ഇഷ്ടത്തിനല്ല, ഭരണഘടനയനുസരിച്ചാണ് രാജ്യം ഭരിക്കപ്പെടേണ്ടതെന്ന്'' ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു.
ഞായറാഴ്ച സീതാമർഹി സന്ദർശനത്തിനിടെ നടന്ന സ്വീകരണ പരിപാടിയിലായിരുന്നു താക്കൂറിന്‍റെ വിവാദ പരാമര്‍ശം. ''എനിക്കുവേണ്ടി അമ്പടയാളം അമർത്തിയിരുന്നെങ്കിൽ നരേന്ദ്ര മോദിയുടെ മുഖം നിങ്ങൾ കാണുമായിരുന്നു. അങ്ങനെയാണെങ്കിൽ, നിങ്ങളുടെ മുഖത്ത് എന്തുകൊണ്ട് ലാലു പ്രസാദ് യാദവിന്‍റെ മുഖവും റാന്തല്‍ ചിഹ്നവും എനിക്ക് കണ്ടുകൂടാ?'' താക്കൂര്‍ ചോദിച്ചു. മുസ്‌ലിംകൾക്കും യാദവർക്കും വേണ്ടി താൻ വ്യക്തിപരമായി വളരെയധികം പ്രവർത്തിച്ചിട്ടുണ്ടെന്നും എന്നാൽ അവർ തനിക്ക് വോട്ട് ചെയ്യാത്തതിനാൽ ഇനി അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പോളിംഗ് ബൂത്തിലെ കണക്കുകൾ പരിശോധിച്ചപ്പോള്‍ അതിൽ ഒരു ശതമാനം മാത്രമാണ് തനിക്ക് വോട്ട് ചെയ്തതെന്ന് കണ്ടെത്തിയെന്നും താക്കൂര്‍ കൂട്ടിച്ചേർത്തു.
“70 വർഷത്തെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാനിങ്ങനെ പറയുന്നത്. വളരെയധികം വേദനയുണ്ട്. എല്ലാവരെയും എൻ്റെ സ്ഥലത്തേക്ക് സ്വാഗതം ചെയ്യുന്നു. എൻ്റെ സുഹൃത്തുക്കളല്ലാത്തതോ ആദ്യമായി എൻ്റെ അടുക്കൽ വരുന്നതോ ആയ മുസ്‍ലിംകള്‍ക്കും യാദവർക്കും സ്വാഗതം.വരൂ, ചായയും പലഹാരവും കഴിക്കൂ. പക്ഷേ എന്തെങ്കിലും ആവശ്യത്തെക്കുറിച്ച് പറയരുത്. കാരണം ഞാനവര്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ല'' താക്കൂര്‍ പറഞ്ഞു. മുസ്‍ലിം സമുദായത്തില്‍ നിന്നും ഒരാള്‍ തന്നെ കാണാന്‍ വന്നതിനെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു. ബി.ജെ.പിയുമായി എന്‍റെ പാര്‍ട്ടി സഖ്യമുണ്ടാക്കി എന്ന ഒറ്റക്കാരണത്താല്‍ എനിക്ക് വോട്ട് ചെയ്യാതിരുന്ന നിങ്ങള്‍ക്ക് വേണ്ടി എങ്ങനെയാണ് പ്രവര്‍ത്തിക്കാനാവുകയെന്ന് ഞാന്‍ ആ മുസ്‍ലിം സഹോദരനോട് ചോദിച്ചു. എന്‍റെ ചോദ്യം കേട്ട് സന്ദര്‍ശകര്‍ അതിനോട് യോജിക്കുകയാണ് ചെയ്തത്. അത്തരത്തില്‍ വോട്ട് ചെയ്തതില്‍ അദ്ദേഹത്തിന് പശ്ചാത്താപം ഉണ്ടെന്നും ദേവേഷ് ചന്ദ്ര താക്കൂര്‍ പറഞ്ഞു. താന്‍ ചായയും പലഹാരങ്ങളും കൊടുത്ത് അദ്ദേഹത്തെ മടക്കിഅയച്ചെന്നും പക്ഷെ അയാള്‍ക്കു വേണ്ടി ജോലി ചെയ്യില്ലെന്ന് തീര്‍ത്ത് പറഞ്ഞതായും താക്കൂര്‍ വ്യക്തമാക്കി.
ജെഡിയു എൻഡിഎയുടെ ഭാഗമായതിനാലും ബി.ജെ.പിയുമായി ബന്ധപ്പെട്ടതിനാലുമാണ് മുസ്‍ലിംകളും യാദവരും തനിക്ക് വോട്ട് ചെയ്യാത്തതെന്നും എം.പി തറപ്പിച്ചു പറഞ്ഞു.“ഇത്തരം കാര്യങ്ങൾ എന്നെ വേദനിപ്പിക്കുന്നു. സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയോ കോവിഡ് വാക്‌സിനേഷനോ കൊണ്ടുവന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്കിടയിൽ വേർതിരിവ് കാണിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഏഴ് കുശ്വാഹ സ്ഥാനാർഥികൾക്ക് ഇന്‍ഡ്യാ മുന്നണി ടിക്കറ്റ് നൽകിയതിനാലാണ് കുശ്വാഹകൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യാത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Adjust Story Font
16