Quantcast

വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ 'ബേഠി ബച്ചാവോ, ബേഠി പഠാവോ' തെറ്റിച്ചെഴുതി കേന്ദ്രമന്ത്രി

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 12-ാം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യതയായി കേന്ദ്ര വനിതാ-ശിശു വികസന സഹമന്ത്രി സാവിത്രി വ്യക്തമാക്കിയിരുന്നത്

MediaOne Logo

Web Desk

  • Updated:

    2024-06-20 09:45:05.0

Published:

20 Jun 2024 9:44 AM GMT

‘12th pass’ union minister Savitri Thakur fails to write ‘Beti Bachao, Beti Padhao’ at MP school event
X

ഭോപ്പാല്‍: കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ പദ്ധതിയായ 'ബേഠി ബച്ചാവോ ബേഠി പഠാവോ'യില്‍ പിഴച്ച് കേന്ദ്രമന്ത്രി. ബി.ജെ.പി നേതാവും കേന്ദ്ര വനിതാ-ശിശു വികസന സഹമന്ത്രി കൂടിയായ സാവിത്രി താക്കൂറാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മുന്നില്‍ പദ്ധതിയുടെ പേര് തെറ്റിച്ചു വാര്‍ത്തകളില്‍ നിറഞ്ഞത്. മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ ഒരു സ്‌കൂളില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം.

സ്‌കൂളില്‍ സന്ദര്‍ശനത്തിനിടെ ക്ലാസ് മുറിയില്‍ കയറി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ പേര് ബോര്‍ഡില്‍ എഴുതുകയായിരുന്നു മന്ത്രി. പെണ്‍കുട്ടികളെ രക്ഷിക്കൂ, പെണ്‍കുട്ടികളെ പഠിപ്പിക്കൂ എന്ന അര്‍ഥത്തിലുള്ള 'ബേഠി ബച്ചാവോ, ബേഠി പഠാവോ' എന്നാണ് കാമറകള്‍ക്കും ആള്‍ക്കൂട്ടത്തിനും മുന്നില്‍ മന്ത്രി എഴുതാന്‍ ശ്രമിച്ചത്. എന്നാല്‍, എഴുതിവന്നപ്പോള്‍ അത് 'ബേഠി പഠാവോ ബച്ചാവ്' എന്നു മാത്രമേ ആയുള്ളൂ. ധറില്‍ 'സ്‌കൂള്‍ ചലോ അഭിയാന്‍' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കെത്തിയതായിരുന്നു മന്ത്രി. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു ഇവര്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സാവിത്രി താക്കൂര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 12-ാം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യതയായി വ്യക്തമാക്കിയിരുന്നു. 12 വരെ പഠിച്ചിട്ടും അക്ഷരം കൃത്യമായി കൂട്ടിയെഴുതാന്‍ മന്ത്രിക്കായില്ലെന്നു ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും പരിഹാസവും ശക്തമാക്കുകയാണ്.

അതേസമയം, ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ക്കു പോലും സ്വന്തം മാതൃഭാഷയില്‍ കൂട്ടിയെഴുതാന്‍ കഴിയുന്നില്ലെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ദുര്‍വിധിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ മിശ്ര പ്രതികരിച്ചു. ഇത്തരമൊരു അവസ്ഥയിലുള്ളയാള്‍ എങ്ങനെയാണ് സ്വന്തമായൊരു മന്ത്രാലയം കൈകാര്യം ചെയ്യുന്നത്? ഭരണഘടന തിരുത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.

എന്നാല്‍, കോണ്‍ഗ്രസിന്റെ ആദിവാസി വിരുദ്ധ മനോഭാവത്തിന്റെ ഉദാഹരണമാണ് മന്ത്രിക്കെതിരായ പരിഹാസമെന്ന് ബി.ജെ.പി നേതാവ് മനോജ് സോമാനി വിമര്‍ശിച്ചു. സാവിത്രിയുടെ വികാരങ്ങള്‍ ശുദ്ധമാണ്. കോണ്‍ഗ്രസിന് അതു മനസിലാക്കാന്‍ കഴിയുന്നില്ല. ആദിവാസി സ്ത്രീയെ അപമാനിച്ചതിന് ആദിവാസി സമൂഹം മാപ്പുനല്‍കില്ലെന്നും മനോജ് പറഞ്ഞു.

മധ്യപ്രദേശില്‍നിന്നുള്ള ബി.ജെ.പി നേതാവാണ് സാവിത്രി താക്കൂര്‍. ധര്‍ മണ്ഡലത്തില്‍നിന്ന് 2.18 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു തെരഞ്ഞെടുക്കപ്പെട്ടാണ് അവര്‍ ലോക്‌സഭയിലെത്തിയത്. 2014ല്‍ ഇവിടെനിന്നു തന്നെ 1.04 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചിരുന്നു.

Summary: ‘12th pass’ union minister Savitri Thakur fails to write ‘Beti Bachao, Beti Padhao’ at MP school event

TAGS :

Next Story