Quantcast

ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പും വധഭീഷണിയും; കേന്ദ്രമന്ത്രിയുടെ മകനെതിരെ കേസ്

കര്‍ണാടകയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര റെയില്‍വേ സഹമന്ത്രിയുമായ വി. സോമണ്ണയുടെ മകന്‍ അരുണ്‍ ബി.എസിനെതിരെയാണ് ബെംഗളൂരു പൊലീസിന്റെ നടപടി

MediaOne Logo

Web Desk

  • Updated:

    2024-06-15 06:47:47.0

Published:

15 Jun 2024 6:30 AM GMT

Union minister V Somanna’s son Arun BS booked for fraud, criminal intimidation in the name of event management company,
X

വി. സോമണ്ണ, അരുണ്‍ ബി.എസ്

ബെംഗളൂരു: സാമ്പത്തിക തട്ടിപ്പുകേസില്‍ ബി.ജെ.പി നേതാവും കേന്ദ്ര റെയില്‍വേ സഹമന്ത്രിയുമായ വി. സോമണ്ണയുടെ മകനെതിരെ കേസ്. അരുണ്‍ ബി.എസിനെതിരെയാണ് ബെംഗളൂരു പൊലീസ് കേസെടുത്തത്. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം തട്ടിയെടുത്തു, സാമ്പത്തിക തട്ടിപ്പ് നടത്തി, ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു തുടങ്ങിയ പരാതികളിലാണു നടപടി.

തൃപ്തി, ഭര്‍ത്താവ് മാധവരാജ് എന്നിവരുടെ പരാതിയിലാണ് അഡിഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം പൊലീസ് കേസെടുത്തത്. രണ്ടു പതിറ്റാണ്ടിലേറെയായി ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്നവരികയാണ് ദമ്പതികള്‍. ഇതിന്റെ ഭാഗമായി 2013ല്‍ ഒരു സര്‍ക്കാര്‍ പരിപാടിക്കിടെ സോമണ്ണയുടെ മകന്‍ അരുണിനെ ഇവര്‍ പരിചയപ്പെടുകയും പിന്നീട് സൗഹൃദത്തിലാകുകയും ചെയ്തു. ഈ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ 2017ല്‍ അരുണിന്റെ മകളുടെ ജന്മദിന പാര്‍ട്ടിയും ഇവരെ ഏല്‍പിച്ചു. ഇതിനുശേഷവും വിവിധ പരിപാടികള്‍ ദമ്പതികളുടെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തെ ഏല്‍പിച്ചിരുന്നു.

2019ല്‍ മാധവരാജുമായി ചേര്‍ന്ന് അരുണ്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം ആരംഭിക്കുകയും കമ്പനി സാമ്പത്തികമായി നഷ്ടത്തിലായ ശേഷം മാധവരാജിനെ അരുണ്‍ കമ്പനിയുടെ ഉടമസ്ഥതയില്‍നിന്നു നീക്കുകയും ചെയ്തതായി പരാതിയില്‍ പറുന്നു. മാധവരാജിനെ പുറത്താക്കിയ ശേഷം പുതിയ ആളുകളെ കമ്പനിയില്‍ എടുത്തു. മാധവരാജിന്റെ ഓഹരി പങ്കാളിത്തം 30ല്‍നിന്ന് 10 ശതമാനമായി കുറയ്ക്കുകയും ചെയ്തു. ഇതിനുശേഷം കമ്പനിയുടെ മറവില്‍ വ്യാജ രേഖകള്‍ നിര്‍മിച്ചും അല്ലാതെയും നിരവധി ക്രമക്കേടുകള്‍ നടന്നതായും പരാതിയില്‍ പറയുന്നു.

പിന്നീട് 1.2 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് അരുണ്‍ നിരന്തരം പീഡനം ആരംഭിച്ചതായും മാധവരാജ് പറയുന്നു. കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ഗുണ്ടകളെ അയച്ചു മര്‍ദിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോയി ഇരുട്ടുമുറിയില്‍ ഇട്ടു ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ചതായി തൃപ്തി ആരോപിച്ചു.

സംഭവത്തില്‍ ബെംഗളൂരുവിലെ സഞ്ജയ് നഗര്‍ പൊലീസാണ് അരുണിനും ഇയാളുടെ കൂട്ടാളികളായ ജീവന്‍ കുമാര്‍, പ്രമോദ് റാവു എന്നിവര്‍ക്കുമെതിരെ കേസെടുത്തത്. ഐ.പി.സി 506, 34, 504, 387, 420, 477 എ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

Summary: Union minister V Somanna’s son booked for fraud, criminal intimidation in the name of event management company

TAGS :

Next Story