മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനമൊരുക്കി ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥികൾ
സർവകലാശാലയിലെ വിദ്യാർഥി സംഘടനയായ ഫ്രറ്റേണിറ്റിയാണ് പ്രദർശനമൊരുക്കിയത്
മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി വീക്ഷിക്കുന്ന വിദ്യാർഥികൾ
ഹൈദരാബാദ്: ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ബി.ബി.സി ഡോക്യുമെന്ററി ഹൈദരാബാദ് സർവകലാശാല കാമ്പസിൽ പ്രദർശിപ്പിച്ച് വിദ്യാർഥികൾ. ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥി സംഘടനയായ ഫ്രറ്റേണിറ്റിയാണ് പ്രദർശനമൊരുക്കിയത്.
ഏകദേശം 200ഓളം വിദ്യാർഥികൾ ഡോക്യുമെന്ററി കാണാൻ എത്തിയിരുന്നു. ഡോക്യുമെന്ററിയെ അധിക്ഷേപിക്കാനും വിലക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും അതിനെതിരെയുള്ള മുന്നറിയിപ്പെന്ന നിലയിലാണ് പ്രദർശനമൊരുക്കിയതെന്നും ഫ്രറ്റേണിറ്റി അംഗം വ്യക്തമാക്കി.
അതേസമയം മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഷെയർ ചെയ്യുന്ന ട്വീറ്റുകൾ തടയാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ചിലരുടെ ട്വീറ്റുകൾ ട്വിറ്റർ തന്നെ നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്. യൂട്യൂബിനോട് ഡോക്യുമെന്ററി ലിങ്കുകള്‍ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാന്റെ അടക്കം ട്വീറ്റുകളാണ് ട്വിറ്റർ നീക്കം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സർക്കാർ ഡോക്യുമെന്ററിക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. നരേന്ദ്ര മോദിയേയും ഇന്ത്യൻ സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡോക്യുമെന്ററിക്ക് പിന്നിൽ എന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം.
ഗുജറാത്ത് വംശഹത്യ സമയത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് വംശഹത്യയിൽ പങ്കുണ്ടെന്നായിരുന്നു ഡോക്യമെന്ററിയിലെ ഉള്ളടക്കം. ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നുത്. രണ്ടാം ഭാഗം ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്‍റെ തടയൽ നടപടി. കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെ പ്രതിഷേധങ്ങളും ശക്തമാണ്.
Adjust Story Font
16