സീമ ഹൈദറിന് 'ഇംഗ്ലീഷ് ടെസ്റ്റ്' നടത്തി എ.ടി.എസ്; അഞ്ച് പാക് പാസ്‌പോർട്ടുകള്‍ പിടിച്ചെടുത്തെന്ന് പൊലീസ്
പബ്ജിയിലൂടെ പ്രണയത്തിലായ സീമ ഹൈദറും സച്ചിൻ മീണയും കഴിഞ്ഞ മാർച്ചിൽ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ വച്ചാണ് ആദ്യമായി നേരിൽകാണുന്നത്
സീമാ ഹൈദറും സച്ചിന്‍ മീണയും
ലഖ്‌നൗ: പബ്ജി പ്രണയത്തിൽ പാക് യുവതി സീമാ ഹൈദറിനെ ഉത്തർപ്രദേശ് പൊലീസിന്റെ ഭീകരവിരുദ്ധ സംഘം(എ.ടി.എസ്) രണ്ടു ദിവസം തുടർച്ചയായി ചോദ്യംചെയ്തു. പാകിസ്താനുവേണ്ടിയുള്ള ചാരവൃത്തി ആരോപണം ഉയര്‍ന്നതിനു പിന്നാലെയായിരുന്നു എ.ടി.എസിന്റെ ചോദ്യംചെയ്യൽ. അഞ്ച് പാകിസ്താൻ പാസ്‌പോർട്ടുകളും ഒരു ഉപയോഗിക്കാത്ത പാസ്‌പോർട്ടും ഉൾപ്പെടെ ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ചോദ്യംചെയ്യലിനിലെ സീമയുടെ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനവും അന്വേഷണസംഘം പരീക്ഷിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇംഗ്ലീഷിലുള്ള ഒരു കുറിപ്പ് നൽകി വായിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വൃത്തിയിൽ ഇംഗ്ലീഷ് വായിക്കുന്നതു മാത്രമല്ല, ഉച്ചാരണമടക്കം വളരെ കൃത്യമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
പാസ്‌പോർട്ടുകൾക്കു പുറമെ നാല് മൊബൈൽ ഫോണുകളും രണ്ട് വിഡിയോ കാസറ്റുകളും സീമ ഹൈദറിൽനിന്ന് കണ്ടെടുത്തിട്ടുണ്ടെന്നാണ് യു.പി ഡി.ജി.പി വിജയകുമാർ അറിയിച്ചത്. ഇന്ത്യയിലേക്ക് അനധികൃതമായാണ് കടന്നതെന്നതിനാൽ പൊലീസ് നിയമനടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ കേസിൽ കുറ്റാരോപിതരെല്ലാം ജാമ്യത്തിലാണെന്നും ഡി.ജി.പി പറഞ്ഞു. പ്രണയം അല്ലാത്ത മറ്റു താൽപര്യങ്ങൾ ഇന്ത്യയിലേക്കുള്ള വരവിനു പിന്നിലുണ്ടോയെന്നാണ് എ.ടി.എസ് പരിശോധിക്കുന്നത്. ഇവരുടെ യു.പി സ്വദേശിയായ ഭർത്താവ് സച്ചിൻ മീണ(22), മീണയുടെ പിതാവ് നേത്രപാൽ സിങ് എന്നിവരെ അന്വേഷണസംഘം ചോദ്യംചെയ്തിട്ടുണ്ട്.
അതേസമയം, സീമ പാക് ചാരനാണോയെന്ന ചോദ്യത്തോട് കൃത്യമായ തെളിവില്ലാതെ ഒന്നും പറയാനാകില്ലെന്നായിരുന്നു യു.പി ക്രമസമാധാന വിഭാഗം സ്‌പെഷൽ ഡി.ജി പ്രശാന്ത് കുമാർ പ്രതികരിച്ചത്. 'എല്ലാ ഏജൻസികളും അവരുടെ പണിചെയ്യുന്നുണ്ട്. ഇത് രണ്ട് രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട കാര്യമാണ്. മതിയായ തെളിവില്ലാതെ ഒന്നും പറയുന്നത് ശരിയല്ല. നേരത്തെ ജയിലിലായിരുന്ന ഇവർ ഇപ്പോൾ ജാമ്യത്തിലാണ്. തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.'-പ്രശാന്ത് കുമാർ അറിയിച്ചു.
പബ്ജിയിലൂടെ പ്രണയത്തിലായ ശേഷം കഴിഞ്ഞ മാർച്ചിലാണ് സീമ ഹൈദറും സച്ചിൻ മീണയും കണ്ടുമുട്ടുന്നത്. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. അവിടെവച്ച് രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്. കാഠ്മണ്ഡുവിൽ ഒരാഴ്ച തങ്ങിയ ശേഷം ഇവർ കറാച്ചിയിലേക്ക് മടങ്ങി.
പിന്നീട് ടൂറിസ്റ്റ് വിസയിൽ ദുബൈയിലേക്കും ദുബൈയിൽനിന്ന് വീണ്ടും കാഠ്മണ്ഡുവിലേക്കും എത്തി. കാഠ്മണ്ഡുവിൽനിന്നാണ് ഖുൻവാ അതിർത്തി വഴി ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്‌നഗറിലേക്ക് കടക്കുന്നത്. ഇവിടെനിന്ന് ലഖ്‌നൗവിലേക്കും ആഗ്രഹിയിലേക്കുമെല്ലാം പോയി. ഒടുവിലാണ് ഗ്രേറ്റർ നോയിഡയിലെ റബുപുരയിൽ പോകുന്നത്. ഇവിടെ സച്ചിൻ മീണ ഒരു വീട് വാടകയ്‌ക്കെടുത്തിരുന്നു.
Summary: UP ATS asked Seema Haider to read text in English and 5 Pakistan-authorised passports and 1 unused passport recovered from her
Adjust Story Font
16