ആംബുലൻസ് തടഞ്ഞ് യു.പി ബിജെപി നേതാവിന്റെ കാർ പാർക്കിങ്; ചികിത്സ കിട്ടാതെ രോഗി മരിച്ചു; ക്രൂരതയും ഭീഷണിയും നോക്കിനിന്ന് പൊലീസ്
ഇത് ചോദ്യം ചെയ്ത തങ്ങളെ പൊലീസ് കേസിൽപ്പെടുത്തുമെന്നും ഇല്ലാതാക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബാംഗങ്ങൾ പറഞ്ഞു.
ലഖ്നൗ: അടിയന്തര ചികിത്സ ലഭിക്കേണ്ട രോഗിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് തടഞ്ഞ് ബിജെപി നേതാവിന്റെ കാർ പാർക്കിങ്. യഥാസമയം ചികിത്സ കിട്ടാതെ റോഡിൽ കുടുങ്ങിയ രോഗിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലാണ് ക്രൂരത അരങ്ങേറിയത്. സുരേഷ് ചന്ദ്ര എന്ന രോഗിയാണ് മരണപ്പെട്ടത്.
ബി.ജെ.പി നേതാവ് ഉമേഷ് മിശ്രയാണ് ആംബുലൻസിന് കടന്നുപോകാനാവാത്ത വിധം കാർ പാർക്ക് ചെയ്ത് രോഗിയെ മരണത്തിലേക്ക് തള്ളിവിട്ടത്. ഇത് ചോദ്യം ചെയ്ത തങ്ങളെ പൊലീസ് കേസിൽപ്പെടുത്തുമെന്നും ഇല്ലാതാക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബാംഗങ്ങൾ പറഞ്ഞു.
ശനിയാഴ്ച നെഞ്ചുവേദനയെ തുടർന്ന് രോഗിയായ സുരേഷ് ചന്ദ്രയെ ആദ്യം പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയിൽ നിന്ന് ഉടൻ തന്നെ ലഖ്‌നൗ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. മിശ്രയ്ക്ക് ഹൃദയാഘാത പ്രശ്നമുണ്ടെന്നും ഉടൻ ലഖ്നൗ ആശുപത്രിയിലേക്ക് പോവണമെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. ഇതനുസരിച്ച് രോഗിയേയും കൊണ്ട് കുടുംബം ലഖ്നൗവിലെ ആശുപത്രിയിലേക്ക് പോവുമ്പോഴാണ് സംഭവം.
ഉമേഷ് മിശ്ര തന്റെ വാഗൺആർ കാർ റോഡരികിൽ വഴി തടസ്സപ്പെടുത്തി പാർക്ക് ചെയ്തതിനാൽ ആംബുലൻസ് നിർത്താൻ നിർബന്ധിതരായി. തുടർന്ന് വാഹനത്തിൽ നിന്നിറങ്ങി കുടുംബം കാര്യം പറയുകയും കാർ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും ബിജെപി നേതാവ് കേൾക്കാൻ കൂട്ടാക്കാതെ അവിടെ നിന്ന് പോവുകയായിരുന്നു. 30 മിനിറ്റിലധികമാണ് ആംബുലൻസ് ഇവിടെ കുടുങ്ങിയത്.
ഇതോടെ വേദന കൊണ്ട് പുളഞ്ഞ സുരേഷ് ചന്ദ്ര ആംബുലൻസിൽ കിടന്ന് തന്നെ മരിച്ചു. പിന്നീട് തിരിച്ചെത്തിയ ബിജെപി നേതാവ് കുടുംബാംഗങ്ങളോട് ആക്രോശിക്കുകയും അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ബിജെപി നേതാവും ബ്ലോക്ക് മേധാവിയുമായ രാംകിങ്കർ പാണ്ഡെയുടെ സഹോദരനാണെന്ന് പറഞ്ഞ ഉമേഷ് മിശ്ര മരിച്ചയാളുടെ ഭാര്യാസഹോദരനെ അധിക്ഷേപിക്കുകയും പൊലീസ് കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ചെയ്യുന്നത് രോഗിയുടെ കൂടെയുള്ളവർ പകർത്തിയ വീഡിയോയിൽ കാണാം.
ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും താൻ പറയുന്നതേ കേൾക്കൂ എന്നും നിന്നെ ഞാൻ ഇല്ലാതാക്കുമെന്നും ബിജെപി നേതാവ് മരിച്ചയാളുടെ സഹോദരനെ ഭീഷണിപ്പെടുത്തി. ഈ സമയമൊക്കെ ഇവിടെ ചില പൊലീസുകാർ ഉണ്ടായിരുന്നെങ്കിലും ഇവരാരും ഇടപെട്ടില്ല. തുടർന്ന് ഇയാൾ കാറിൽ സ്ഥലംവിട്ടു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യു.പി പൊലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
Adjust Story Font
16