മോർച്ചറിയിലെ ഫ്രീസറിൽ ഏഴു മണിക്കൂർ; പോസ്റ്റുമോർട്ടത്തിനു തൊട്ടുമുമ്പ് ജീവിതത്തിലേക്ക് മടങ്ങി 'പരേതൻ'
ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ശ്രീകേഷിനെ മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ അദ്ദേഹത്തിന് ബോധം വീണിട്ടില്ല, എങ്കിലും ഗുരുതരാവസ്ഥ പിന്നിട്ടതായി ഡോക്ടർമാർ പറഞ്ഞു.
ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി മോർച്ചറിയിലേക്ക് മാറ്റിയ ആൾ ഏഴു മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് അപൂർവമായ സംഭവം. ഇലക്ട്രിഷ്യനായ ശ്രീകേഷ് കുമാർ (40) ആണ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്നത്. ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീകേഷ് കുമാറിനെ വ്യാഴാഴ്ച രാത്രിയാണ് മൊറാദാബാദ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. പരിശോധിച്ച ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയതിനെ തുടർന്ന് ഇയാളെ മോർച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റി.
രാവിലെ പോസ്റ്റുമോർട്ടത്തിനായി ഡോക്ടർമാർക്കൊപ്പം മോർച്ചറിയിലെത്തിയ ശ്രീകേഷ് കുമാറിന്റെ ബന്ധുവായ യുവതിയാണ് ഇയാൾ ശ്വസിക്കുന്നത് കണ്ടത്. ''എമർജൻസി മെഡിക്കൽ ഓഫീസർ പുലർച്ചെ മൂന്നു മണിക്ക് പരിശോധിച്ചപ്പോൾ അദ്ദേഹത്തിന് ഹൃദയസ്പന്ദനം ഉണ്ടായിരുന്നില്ല. പലതവണ പരിശോധിച്ചെന്നാണ് ഡോക്ടർ പറഞ്ഞത്. തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. രാവിലെ പൊലീസ് സംഘവും ശ്രീകേഷിന്റെ ബന്ധുക്കളും എത്തിയപ്പോഴാണ് അദ്ദേഹത്തിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്''-മൊറാദാബാദ് ചീഫ് മെഡിക്കൽ സൂപ്രണ്ട് ശിവ സിങ്ങിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ശ്രീകേഷിന്റെ സംഭവം അപൂർവങ്ങളിൽ അപൂർവമാണെന്നും സൂപ്രണ്ട് പറഞ്ഞു. ഒരാൾ മരിച്ചതായി സ്ഥിരീകരിക്കുന്നതിന് നിരവധി ബുദ്ധിമുട്ടുകളുണ്ട്. അത്തരം ബുദ്ധിമുട്ടുകളാണ് ഇത്തരം അസാധാരണ സാഹചര്യങ്ങൾക്ക് കാരണമാവുന്നത്. സംഭവത്തെക്കുറിച്ച് അന്തിമ റിപ്പോർട്ട് വരുന്നതുവരെ ഇതിനെ ഡോക്ടർമാരുടെ വീഴ്ചയായി പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ശ്രീകേഷിനെ മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ അദ്ദേഹത്തിന് ബോധം വീണിട്ടില്ല, എങ്കിലും ഗുരുതരാവസ്ഥ പിന്നിട്ടതായി ഡോക്ടർമാർ പറഞ്ഞു. മൊറാദാബാദ് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ വീഴ്ചക്കെതിരെ പരാതി നൽകുമെന്ന് ശ്രീകേഷ് കുമാറിന്റെ ബന്ധു മധുബാല പറഞ്ഞു.
Adjust Story Font
16