യുപിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തു
എസ്.എച്ച്.ഒ ഉൾപ്പെടെ ആറ് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു
ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തു. ലളിത്പൂരിലാണ് 13കാരി ബലാത്സംഗത്തിന് ഇരയായത്. എസ്.എച്ച്.ഒ ഉൾപ്പെടെ ആറ് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പീഡന പരാതി പറയാനെത്തിയ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. ചൈൽഡ് ലൈൻ പ്രവർത്തകരെ പെണ്‍കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്.
എസ്.എച്ച്.ഒ തിലക്ധാരി സരോജ് ഉള്‍പ്പെടെയുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സരോജ് ഒളിവിലാണെന്നും പൊലീസ് ഇയാളെ തിരയുകയാണെന്നും ലളിത്പൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. മറ്റ് മൂന്ന് പ്രതികൾ കൂടി പിടിയിലായിട്ടുണ്ട്. പെൺകുട്ടിയെ നാല് പേർ പ്രലോഭിപ്പിച്ച് ഏപ്രിൽ 22ന് ഭോപ്പാലിലേക്ക് കൊണ്ടുപോയി നാല് ദിവസത്തോളം ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് എങ്ങനെയോ രക്ഷപ്പെട്ട് ഗ്രാമത്തിലെത്തിയ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു.
മൊഴി രേഖപ്പെടുത്തുന്നതിനായി അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച പെണ്‍കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു. കുട്ടിയുടെ അമ്മായിയും അപ്പോള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. എഫ്.ഐ.ആറില്‍ ഇവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. പോക്സോ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Adjust Story Font
16