'റോഡിൽ മതാഘോഷങ്ങൾ വേണ്ട'; ഈദിന് മുമ്പ് യോഗിയുടെ ഉത്തരവ്
ആരാധനാ കേന്ദ്രങ്ങളുടെ സുരക്ഷ മുൻനിർത്തി പൊലീസ് സേനയെ വിന്യസിക്കുമെന്ന് ഡി.ജി.പി വിശ്വകർമ
റോഡ് ഗതാഗതം തടസപ്പെടുത്തിയുള്ള മതാഘോഷങ്ങൾ നിരോധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെ പുതിയ ഉത്തരവ്. ഈദുൽ ഫിത്വർ അടക്കമുള്ള ആഘോഷങ്ങൾ വരാനിരിക്കേയാണ് ഉത്തരവ്. നേരത്തേ അനുവാദം വാങ്ങാതെയുള്ള ഘോഷയാത്രകളോ മറ്റോ അനുവദിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു.
ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ്, ഡി.ജി.പി ആർ.കെ വിശ്വകർമ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് നടത്തിയ റിവ്യൂ മീറ്റിലാണ് തീരുമാനം. പരമ്പരാഗതമായ മതചടങ്ങുകൾക്ക് മാത്രമേ ഇനി അനുമതി നൽകൂ.
ആരാധനാ കേന്ദ്രങ്ങളുടെ സുരക്ഷ മുൻനിർത്തി പൊലീസ് സേനയെ വിന്യസിക്കുമെന്ന് ഡി.ജി.പി വിശ്വകർമ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
''സംസ്ഥാനത്തെ ഓരോ പൗരന്റേയും സുരക്ഷയുടെ പ്രാഥമിക ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. റമദാൻ മാസമാണിത്. ഈദുൽ ഫിത്വറും അക്ഷയ ത്രിതീയയും പരശുറാം ജയന്തിയുമൊക്കെ വരാനിരിക്കുന്നു. നിലവിലെ സാഹചര്യം പരിഗണിച്ച് പോലീസ് കൂടുതൽ ജാഗരൂകരായിരിക്കേണ്ടതുണ്ട്''- സഞ്ജയ് പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
Adjust Story Font
16