Quantcast

ബി.ജെ.പിയുടെ വിജയത്തിന് ആരാണ് ഉത്തരവാദി? ഇനി ആരെ ബി ടീം, സി ടീം എന്നെല്ലാം വിളിക്കും? ഉവൈസി

ഉപതെരഞ്ഞെടുപ്പുകളിലെ എസ്.പിയുടെ തോൽവിക്ക് കാരണം എസ്‍.പി അധ്യക്ഷൻ അഖിലേഷ് യാദവാണെന്ന് ഉവൈസി കുറ്റപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    27 Jun 2022 4:11 AM GMT

ബി.ജെ.പിയുടെ വിജയത്തിന് ആരാണ് ഉത്തരവാദി? ഇനി ആരെ ബി ടീം, സി ടീം എന്നെല്ലാം വിളിക്കും? ഉവൈസി
X

ഹൈദരാബാദ്: ഉത്തര്‍പ്രദേശിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ചൂണ്ടിക്കാട്ടി സമാജ്‍വാദി പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എസ്.പിക്ക് കഴിയില്ലെന്ന് വ്യക്തമായെന്ന് ഉവൈസി പറഞ്ഞു. യു.പിയിലെ രാംപൂരിലെയും അസംഗഢിലെയും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് വിമര്‍ശനം.

"യു.പി ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത് സമാജ്‌വാദി പാർട്ടിക്ക് ബി.ജെ.പിയെ തോൽപ്പിക്കാൻ കഴിവില്ല എന്നാണ്. അവർക്ക് ബൌദ്ധികമായ സത്യസന്ധതയില്ല. ന്യൂനപക്ഷ സമുദായം ഇത്തരം കഴിവുകെട്ട പാർട്ടികൾക്ക് വോട്ട് ചെയ്യരുത്. ബി.ജെ.പിയുടെ വിജയത്തിന് ആരാണ് ഉത്തരവാദി? ഇപ്പോൾ ആരെയാണ് അവർ ബി ടീം, സി ടീം എന്നെല്ലാം വിളിക്കുക?"- ഉവൈസി ചോദിച്ചു.

ഉപതെരഞ്ഞെടുപ്പുകളിലെ എസ്.പിയുടെ തോൽവിക്ക് കാരണം എസ്‍.പി അധ്യക്ഷൻ അഖിലേഷ് യാദവാണെന്നും ഉവൈസി കുറ്റപ്പെടുത്തി- "അഖിലേഷ് യാദവിന് ധാര്‍ഷ്ട്യമാണ്. അദ്ദേഹം ആളുകളെ സന്ദർശിക്കാൻ പോലും തയ്യാറായില്ല"- ഉവൈസി വിശദീകരിച്ചു.

രാംപൂർ, അസംഗഢ് ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ എസ്.പിയുടെ സിറ്റിങ് സീറ്റുകളാണ് ബി.ജെ.പി പിടിച്ചെടുത്തത്. രാംപൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി ഘൻശ്യാം സിങ് ലോധി സമാജ്‌വാദി പാർട്ടി സ്ഥാനാർഥി മുഹമ്മദ് അസിം രാജയെ പരാജയപ്പെടുത്തി. അസംഗഢ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി ദിനേഷ് ലാൽ യാദവ് നിരാഹുവയാണ് വിജയിച്ചത്. രണ്ട് സീറ്റുകളും സമാജ്‌വാദി പാർട്ടിയുടെ ഉറച്ച കോട്ടകളായിരുന്നു.

അസംഗഢ്, രാംപൂർ സീറ്റുകളിൽ നിന്ന് യഥാക്രമം അഖിലേഷ് യാദവും അസം ഖാനും രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈ വർഷം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടര്‍ന്നാണ് ഇരു നേതാക്കളും ലോക്‌സഭാ എംപി സ്ഥാനം രാജിവച്ചത്.

അസംഗഢിലെയും രാംപൂരിലെയും ഉപതെരഞ്ഞെടുപ്പ് വിജയം ചരിത്രപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. കേന്ദ്രത്തിലെയും ഉത്തർപ്രദേശിലെയും ഇരട്ട എഞ്ചിൻ സർക്കാരുകൾക്കുള്ള വ്യാപകമായ സ്വീകാര്യതയും പിന്തുണയുമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഉത്തർപ്രദേശിലെ ബി.ജെ.പി പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

ഉപതെരഞ്ഞെടുപ്പിലെ വിജയം 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു- "ഉപതെരഞ്ഞെടുപ്പിലെ വിജയം 2024ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശുഭാപ്തിവിശ്വാസം നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇരട്ട എൻജിൻ സർക്കാരിൽ ജനങ്ങൾ വിശ്വാസം അര്‍പ്പിച്ചു. പരിവാർവാദികൾക്കും ജാതിവാദികൾക്കും വർഗീയവാദികൾക്കും ജനങ്ങൾ വ്യക്തമായ സന്ദേശം നൽകി"- യോഗി ആദിത്യനാഥ് പറഞ്ഞു.

TAGS :

Next Story