മോഷണക്കുറ്റം ആരോപിച്ച് കമ്പനി മാനേജരെ തല്ലിക്കൊന്നു; മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് മുങ്ങി
വൈദ്യുതാഘാതമേറ്റതിന്റെ പാടുകൾ ശരീരത്തിൽ കാണാത്തതിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥന് സംശയം തോന്നിയത്
ലഖ്‌നൗ: ഉത്തർപ്രദേശിൽ ഷാജഹാൻപൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. ഷാജഹാൻപുരിലെ ട്രാൻസ്‌പോർട്ട് കമ്പനി മാനേജർ ശിവം ജോഹറിയാണ് കൊല്ലപ്പെട്ടത്. ട്രാൻസ്‌പോർട്ട് കമ്പനി ഉടമകൾ മാനേജരടക്കം നാലു പേരെ കെട്ടിയിട്ട് തല്ലുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ 32 കാരൻ കൊല്ലപ്പെടുകയായിരുന്നു. ഇയാളുടെ മൃതദേഹം പിന്നീട് സർക്കാർ ആശുപത്രിയിൽ ഉപേക്ഷിച്ച് പ്രതികൾ മുങ്ങുകയും ചെയ്തു.
സംഭവത്തിൽ ഏഴു പ്രതികളാണ് ഉള്ളതെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ടശിവത്തെ മർദിക്കുന്ന ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ വൈറലായി. വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് ആശുപത്രിയിൽ നിന്ന് ശിവത്തിന്റെ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥൻ മൃതദേഹം പരിശോധിച്ചപ്പോഴാണ് വൈദ്യുതഘാതമേറ്റതിന്റെ പരിക്കുകളല്ല ശരീരത്തിലുള്ളതെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ മർദനത്തിന്റെ കഥപുറത്തുവന്നത്.
ട്രാൻസ്‌പോർട്ട് വ്യവസായിയായ ബങ്കിം സൂരിക്കൊപ്പം കഴിഞ്ഞ ഏഴ് വർഷമായി ശിവം ജോലി ചെയ്യുകയായിരുന്നു. അടുത്തിടെ പ്രമുഖ ബിസിനസ് സ്ഥാപനത്തിന്റെ ഹോസിയറിയുടെ ഒരു പാക്കേജ് കാണാതായിരുന്നു. ഇതിനെ തുടർന്നാണ് മോഷണക്കുറ്റം ആരോപിച്ച് ട്രാൻസ്പോർട്ടേഴ്സിലെ നിരവധി ജീവനക്കാരെ മർദിച്ചത്.
യുവാവിനെ തല്ലിക്കൊന്ന കേസിൽ ഹോസിയറിയുടെ ഉടമ നീരജ് ഗുപ്തയടക്കം എട്ടുപേരാണ് പ്രതികൾ. കനിയ ഹോസിയറിയുടെ പരിസരത്ത് നിന്ന് ഒരു കാറുംപൊലീസ് പിടിച്ചെടുത്തിട്ടുണ്ട്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി.
Adjust Story Font
16