ബിൻ ലാദനോട് ആരാധന,ഓഫീസിൽ ചിത്രം: യുപിയിൽ സർക്കാർ ജീവനക്കാരനെ പിരിച്ചു വിട്ടു
ലാദനാണ് ലോകത്തേക്കും മികച്ച എഞ്ചിനീയറെന്നായിരുന്നു ഇയാളുടെ വാദം
ലഖ്‌നൗ: ഓഫീസിൽ അൽഖായിദ തലവൻ ഒസാമ ബിൻ ലാദന്റെ ചിത്രം പതിപ്പിച്ചതിന് യുപിയിൽ സർക്കാർ ജീവനക്കാരനെ പിരിച്ചു വിട്ടു. ഉത്തർ പ്രദേശ് പവർ കോർപറേഷൻ ലിമിറ്റഡിന്റെ സബ് ഡിവിഷനൽ ഓഫീസർ രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് പിരിച്ചു വിട്ടത്. യുപിപിസിഎൽ ചെയർമാൻ എം.ദേവരാജിന്റേതാണ് ഉത്തരവ്.
ബിൻ ലാദനോടുള്ള കടുത്ത ആരാധന മൂലമാണ് രവീന്ദ്ര ചിത്രം ഓഫീസിൽ സ്ഥാപിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. 2022 ജൂണിൽ സർവീസിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ഇയാൾ ഓഫീസിൽ ലാദന്റെ ചിത്രം സ്ഥാപിച്ചിരുന്നു. ലാദന് എഞ്ചിനീയറിംഗ് ഡിഗ്രി ഉണ്ടെന്നതാണ് രവീന്ദ്രയെ ആകർഷിച്ചിരുന്നത്. ലാദനാണ് ലോകത്തേക്കും മികച്ച എഞ്ചിനീയറെന്നായിരുന്നു ഇയാളുടെ വാദം. ഫറൂഖാബാദിലെ ഈ ഓഫീസിന്റെ വീഡിയോ വലിയ രീതിയിൽ വൈറലാവുകയും ചെയ്തതോടെ അന്വേഷണം നടത്തുകയും രവീന്ദ്ര ലാദനെ ആരാധിച്ചിരുന്നതായി കണ്ടെത്തുകയുമായിരുന്നു.
രവീന്ദ്ര ജോലിസംബന്ധമായ ഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്തിയിരുന്നതായും മേലധികാരികളോട് അസഭ്യമായ ഭാഷയിൽ സംസാരിച്ചിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ തിങ്കളാഴ്ച ഇയാളെ സർവീസിൽ നിന്ന് പിരിച്ചു വിടുകയായിരുന്നു.
പിരിച്ചു വിട്ടെങ്കിലും തന്റെ ലാദൻ ആരാധനയെ ന്യായീകരിക്കുകയല്ലാതെ തള്ളിപ്പറയാൻ രവീന്ദ്ര കൂട്ടാക്കിയിട്ടില്ല. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയെ ആരാധിക്കുന്ന നാട്ടിൽ ബിൻ ലാദനെ എന്തുകൊണ്ട് ആരാധിച്ചു കൂട എന്നായിരുന്നു നടപടികളോട് രവീന്ദ്രയുടെ പ്രതികരണം.
Adjust Story Font
16