Quantcast

യുപിയിൽ വയറുവേദനയ്ക്ക് യൂട്യൂബ് നോക്കി തനിയെ ശസ്ത്രക്രിയ ചെയ്ത് യുവാവ്; ഒടുവിൽ ആശുപത്രിയിൽ

പല ഡോക്ടർമാരെ കണ്ടിട്ടും വയറുവേദന മാറാത്തതിനെ തുടർന്ന് യുവാവ് സ്വയം ചികിത്സിക്കാൻ തീരുമാനിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    20 March 2025 12:20 PM

Published:

20 March 2025 12:08 PM

UP man self-operates after watching YouTube tutorial, hospitalised
X

ലഖ്നൗ: വയറുവേദനയെ തുടർന്ന് യൂട്യൂബ് വീഡിയോകൾ കണ്ട് സ്വയം ശസ്ത്രക്രിയ നടത്താൻ ശ്രമിച്ച യുവാവ് ആശുപത്രിയിൽ. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. രാജാ ബാബുവെന്ന 32കാരനാണ് ആശുപത്രിയിലായത്.

പല ഡോക്ടർമാരെ കണ്ടിട്ടും വയറുവേദന മാറാത്തതിനെ തുടർന്ന് യുവാവ് സ്വയം ചികിത്സിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർ‍ന്നാണ് യൂട്യൂബ് പരതിയത്. തുടർന്ന് മെഡിക്കൽ ഷോപ്പിൽ ചെന്ന് ആവശ്യമായ മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും വാങ്ങുകയും വീഡിയോകളിൽ കണ്ടതുപ്രകാരം സ്വയം ശസ്ത്രക്രിയ ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

ബുധനാഴ്ചയാണ് സ്വന്തം മുറിയിൽ ശസ്ത്രക്രിയ ആരംഭിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ, അനസ്തേഷ്യയുടെ ഫലം കുറഞ്ഞു. ഇതോടെ കഠിനമായ വേദന അനുഭവപ്പെടുകയും അവസ്ഥ മോശമാവുകയും നിലവിളിച്ചുകൊണ്ട് പുറത്തേക്ക് വരികയും ചെയ്തു. കരച്ചിൽ കേട്ട് ഓടിയെത്തിയ കുടുംബക്കാർ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ദിവസങ്ങളായി താൻ വയറുവേദന അനുഭവിച്ചുവരുന്നതായി രാജു പറഞ്ഞു. പല ഡോക്ടർമാരെ കണ്ടിട്ടും കാര്യമുണ്ടായില്ല. വേദന അസഹനീയമായപ്പോൾ മഥുരയിൽ പോയി സർജിക്കൽ ബ്ലേഡും തുന്നൽ സാമഗ്രികളും അനസ്തെറ്റിക് മരുന്നുകളും വാങ്ങി ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്നാണ് യുവാവിന്റെ വാദം.

ഏകദേശം 18 വർഷം മുമ്പ് രാജാ ബാബുവിന് അപ്പെൻഡിക്സ് ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വയറുവേദന അനുഭവപ്പെടുന്നുണ്ടെന്നും നിരവധി ഡോക്ടർമാരെ സമീപിച്ചിട്ടും ആശ്വാസം ലഭിച്ചില്ലെന്നും അതോടെയാണ് സ്വയം ചികിത്സിക്കാൻ തീരുമാനിച്ചതെന്നും സഹോദരിയുടെ മകൻ‍ രാഹുൽ പറഞ്ഞു. നിലവിൽ ആഗ്രയിലെ എസ്എൻ ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്.

TAGS :

Next Story