'പൊലീസ് കസ്റ്റഡിയിലിരിക്കെ നിർബന്ധിച്ച് ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ചു'; ആരോപണവുമായി യുപി സ്വദേശി
മതപരിവർത്തനം തന്റെ വ്യക്തിപരമായ വിശ്വാസങ്ങളെയും മതസ്വാതന്ത്ര്യത്തെയും ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു
ന്യൂഡൽഹി: പൊലീസ് കസ്റ്റഡിയിലിരിക്കെ നിർബന്ധിച്ച് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ചെന്ന ആരോപണവുമായി യുപി സ്വദേശി. ഉത്തർപ്രദേശിലെ സിതാപൂർ സ്വദേശിയായ ഫത്തേ ഉദ്ദീൻ എന്നയാളാണ് ആരോപണവുമായി രംഗത്തെത്തിയത്. സിതാപൂർ എസ്പിയും ഒരു പ്രമുഖ ഹിന്ദുത്വ നേതാവുമാണ് തന്നെ മതപരിവർത്തനത്തിന് നിർബന്ധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആയുധങ്ങൾ കൈവശം വച്ചെന്ന വ്യാജ കുറ്റം ചുമത്തി ഫത്തേ ഉദ്ദീനെ കുടുക്കുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തി. അവർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ തന്റെ മുഴുവൻ കുടുംബത്തെയും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. ശക്തമായി എതിർത്തെങ്കിലും അവരുടെ സമ്മർദത്തിന് വഴങ്ങേണ്ടി വന്നുവെന്ന് ഫത്തേ ഉദ്ദീൻ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മതപരിവർത്തനം തന്റെ വ്യക്തിപരമായ വിശ്വാസങ്ങളെയും മതസ്വാതന്ത്ര്യത്തെയും ലംഘിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫത്തേ ഉദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് വ്യക്തമല്ല. 'കസ്റ്റഡിയിലിക്കെ തന്റെ ഇഷ്ടത്തിന് വിരുദ്ധമായി തന്നെ നിർബന്ധിച്ച് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കുകയായിരുന്നു. മതപരിവർത്തനം നടത്തിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥനും ഹിന്ദുത്വ നേതാവും ഭീഷണിപ്പെടുത്തി.'- ഫത്തേ ഉദ്ദീൻ പറയുന്നു.
സംഭവം ഇതിനോടകം ആളുകൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മതസ്വാതന്ത്ര്യത്തെക്കുറിച്ചും അധികാരികളുടെ അധികാര ദുർവിനിയോഗത്തെക്കുറിച്ചും ഗുരുതരമായ ആശങ്കയാണ് ഇത് ഉയർത്തുന്നത്. എന്നാൽ തദ്ദേശ ഭരണകൂടം ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
Adjust Story Font
16