Quantcast

ആൾക്കൂട്ടം തല്ലിക്കൊന്ന മുസ്‍ലിം യുവാവിനെതിരെ കവർച്ചക്ക് കേസെടുത്ത് യു.പി പൊലീസ്

ന്യൂനപക്ഷ സമുദായങ്ങളെ യോഗി സർക്കാർ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ്

MediaOne Logo

Web Desk

  • Updated:

    2024-06-30 08:29:47.0

Published:

30 Jun 2024 8:28 AM GMT

mob lynch aligrah
X

ലഖ്നൗ: ആൾക്കൂട്ടം തല്ലിക്കൊന്ന യുവാവടക്കം ഒമ്പതുപേർക്കെതിരെ കവർച്ചക്ക് കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. 10 ദിവസം മുമ്പ് അലീഗഢ് മാമഭഞ്ച മേഖലയിൽ കൊല്ലപ്പെട്ട മുഹമ്മദ് ഫരീദ് എന്ന ഔറംഗസേബിന് (35) എതിരെയാണ് അലീഗഢ് ഗാന്ധി പാർക്ക് പൊലീസ് കേസെടുത്തിരിക്കുന്നത്. മോഷ്ടാവെന്നാരോപിച്ചാണ് ഇയാളെ ആൾക്കൂട്ടം തല്ലിക്കൊന്നത്.

സംഘം ചേർന്നുള്ള കവർച്ച, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. ആൾക്കൂട്ട കൊലപാതക കേസിൽ അറസ്റ്റിലായ അനുരാഗ് മിത്തലിന്റെ ഭാര്യ സുമന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

തുണിക്കച്ചവടക്കാരനായ മുകേഷ് മിത്തലിന്റെ വീട്ടിൽ കവർച്ച നടത്തിയെന്നാരോപിച്ചാണ് മുഹമ്മദ് ഫരീദിനെ ആൾക്കൂട്ടം അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. ജൂൺ 18ന് രാത്രിയാണ് സംഭവം. ഇയാളെ അക്രമികൾ ഇരുമ്പുവടി കൊണ്ട് അടിക്കുകയും തെരുവിലൂടെ വലിച്ചിഴക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതുകണ്ട് സ്ഥലത്തെത്തിയ ഒരു പൊലീസുകാരൻ ​ഫരീദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

എന്നാൽ, ഒമ്പത് പേർ വീട്ടിലെത്തി തന്നെ തോക്കിൻമുനയിൽ നിർത്തി സ്വർണമാല​ കവർന്നുവെന്നാണ് സുമൻ നൽകിയ പരാതിയിൽ പറയുന്നത്. കവർച്ചസംഘം അലമാരയുടെ സമീപ​ത്തേക്ക് വലിച്ചുകൊണ്ടുപോയി താക്കോൽ ആവശ്യപ്പെടുകയും 2.5 ലക്ഷം രൂപയും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കവർന്നു. തന്നെയും വീട്ടിലുള്ള മറ്റു സ്ത്രീകളെയും പീഡിപ്പിക്കാനും ശ്രമിച്ചു. തുടർന്ന് ഇവർ രക്ഷപ്പെടവെ ഒരാൾ കോണിപ്പടിയിൽനിന്ന് വീഴുകയും ഭർത്താവും മകനും ചേർന്ന് ഇയാളെ കീഴടക്കിയതായും സുമൻ പരാതിയിൽ പറയുന്നുണ്ട്.

മരിച്ച ഫരീദ്, സഹോദരൻ മുഹമ്മദ് ജാക്കി എന്നിവരുൾപ്പെടെ ഏഴ് ആളുകളുടെ പേര് സുമൻ പറഞ്ഞതായി പൊലീസ് പറയുന്നു. ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരുടെയും പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് കേസിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് അലീഗഢ് സിറ്റി പൊലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖർ പഥക് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ സഹോദരന്റെ പരാതിയിൽ ആറുപേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവം യു.പിയിൽ വലിയ വിവാദമാണ് ഉയർത്തിയത്. പ്രതികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാതിരിക്കാൻ ബി.ജെ.പി സർക്കാർ നിർദേശിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ആൾക്കൂട്ട കൊലപാതക കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് സമാജ്‍വാദി പാർട്ടിയും ബി.എസ്.പിയും ആവശ്യപ്പെട്ടു. അതേസമയം, ജയിലിലുള്ളവരെ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് ബജ്റംഗ് ദൾ, അഖില ഭാരതീയ വിദ്യാർഥി പരിഷത് തുടങ്ങിയ തീവ്രഹിന്ദുത്വ കക്ഷികൾ ഭീഷണി മുഴക്കി രംഗത്ത് വന്നിട്ടുണ്ട്.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് കൊല്ലപ്പെട്ട ഫരീദിന്റെ വീട് കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു. ന്യൂനപക്ഷ സമുദായങ്ങളെ യോഗി സർക്കാർ പീഡിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മരിച്ചയാളുടെ കുടുംബാംഗങ്ങളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ പ്രക്ഷോഭം ആരംഭിക്കും. ഈ വിഷയം തങ്ങളുടെ എം.പിമാർ പാർ​ലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story