പാകിസ്താനി ഗാനം കേട്ടതിന് യു.പിയിൽ രണ്ട് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു
യു.പി സ്വദേശിയായ ആശിഷ് പകർത്തിയ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കുട്ടികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ലഖ്‌നൗ: പാകിസ്താനി ഗാനം കേട്ടതിന് ഉത്തർപ്രദേശിലെ ബറേലിയിൽ രണ്ട് മുസ്‌ലിം കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ചയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു. ദേശീയോദ്ഗ്രഥനത്തെ തടസ്സപ്പെടുത്തൽ, മനപ്പൂർവം അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. യു.പി സ്വദേശിയായ ആശിഷ് പകർത്തിയ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കുട്ടികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
പാകിസ്താൻ ബാലതാരമായ ആരിഫിന്റെ 'പാകിസ്താൻ സിന്ദാബാദ്' എന്ന ഗാനം കേട്ട 16ഉം 17ഉം വയസുള്ള രണ്ട് ആൺകുട്ടികൾക്കെതിരെയാണ് കേസെന്ന് 'ദി വയർ' റിപ്പോർട്ട് ചെയ്തു. 40 സെക്കൻഡിൽ താഴെയുള്ള പാട്ട് അബദ്ധത്തിലാണ് ഇരുവരും കേട്ടതെന്നും അതിനുശേഷം ക്ഷമാപണം നടത്തിയിരുന്നതായും ബന്ധുവായ സദ്ദാം ഹുസൈൻ പറഞ്ഞു. ഇതിനിടെ ആശിഷ് ദൃശ്യം മൊബൈലിൽ പകർത്തി നടപടി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.
പാട്ട് കേൾക്കുന്നതിനെ ആശിഷ് എതിർത്തപ്പോൾ ഇരുവരും തർക്കിച്ചെന്നും പിന്നാലെ സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് ട്വിറ്ററിൽ അപ് ലോഡ് ചെയ്യുകയായിരുന്നുവെന്നും പിടിഐ റിപ്പോർട്ട് ചെയ്തു. പാട്ട് കേൾക്കുന്നത് നിർത്താർ പരാതിക്കാരിൻ ഇരുവരോടും ആവശ്യപ്പെട്ടപ്പോൾ അവർ അസഭ്യം പറയുകയും ഇന്ത്യയെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയുകയും ചെയ്തുവെന്നും എഫ്‌ഐആറിൽ പറയുന്നു.
പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബറേലി അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജ്കുമാർ അഗർവാൾ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഇരുവരെയും ചോദ്യം ചെയ്യാൻ കൊണ്ടുവന്നതായി ബറേലി പൊലീസ് സൂപ്രണ്ട് രോഹിത് സിങ് സജ് വാൻ പറഞ്ഞു. എന്നാൽ കുട്ടികളെ രാത്രിയിൽ കസ്റ്റഡിയിലെടുത്തിരുന്നോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
Adjust Story Font
16