Quantcast

കന്യാദാനം നടത്താനും പന്തലലങ്കരിക്കാനുമെല്ലാം സൈനികർ; അപകടത്തിൽ സൈനികൻ മരിച്ചു, മകളുടെ വിവാഹം നടത്തി സഹപ്രവർത്തകർ

അച്ഛന്റെ വിയോഗത്തോടെ തകർന്ന് പോയ യുവതി തനിക്ക് വിവാഹം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്...

MediaOne Logo

Web Desk

  • Published:

    9 Dec 2024 6:25 AM GMT

UP Servicemen perform kanyadaan of ex-colleagues daughter in Mathura
X

മഥുര: അപകടത്തിൽ മരിച്ച സൈനികന്റെ മകളുടെ വിവാഹം ഏറ്റെടുത്ത് നടത്തി സഹപ്രവർത്തകർ. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. ദേവേന്ദ്ര സിങ് (48) എന്ന സൈനിന്റെ മകളുടെ വിവാഹമാണ് നിശ്ചയിച്ച സമയത്ത് തന്നെ സൈന്യം നടത്തിയത്. യുവതിയുടെ കന്യാദാനവും സൈനികർ നിർവഹിച്ചു.

ശനിയാഴ്ചയാണ് ദേവേന്ദ്ര സിങ്ങിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹ ആവശ്യങ്ങൾക്കായി പോകുംവഴി വ്യാഴാഴ്ച ഒരു വാഹനാപകടത്തിൽ ഇദ്ദേഹം മരിച്ചു. അച്ഛന്റെ വിയോഗത്തോടെ തകർന്ന് പോയ യുവതി തനിക്ക് വിവാഹം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി ഇവർ വിവാഹത്തിന് സമ്മതിച്ചെങ്കിലും കന്യാദാനം നടത്താൻ പിതാവ് ഇല്ലാത്തത് കുടുംബത്തെ അലട്ടി.

തുടർന്ന് വിവരം ദേവേന്ദ്രയുടെ കമാൻഡിംഗ് ഓഫീസറുടെ ചെവിയിലെത്തി. ഉടൻ തന്നെ വിവാഹം നടത്താനായി അഞ്ച് സൈനികരെ അദ്ദേഹം മന്ദിലുള്ള ദേവേന്ദ്രയുടെ വീട്ടിലേക്കയച്ചു. സുബേദാർ സോൺവീർ സിങ്, സുബേദാർ മുകേഷ് കുമാർ, ഹവൽദാർ പ്രേംവീർ, വിനോദ്, ബെട്ടാൽ സിങ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

വിവാഹത്തിന് പന്തലൊരുക്കിയതും ആളുകളെ ക്ഷണിച്ചിരുത്തിയുമൊക്കെ സൈന്യം ഏറ്റെടുത്ത് നടത്തുന്ന കാഴ്ചയാണ് പിന്നീട് കുടുംബം കണ്ടത്. യുവതിയുടെ കന്യാദാനം സംഘത്തിലുണ്ടായിരുന്ന മുതിർന്ന അംഗം നിർവഹിച്ചു. ദമ്പതികൾക്ക് എല്ലാവിധ ആശംസയും നേർന്നാണ് സൈന്യം മടങ്ങിയത്.

TAGS :

Next Story