Quantcast

മുസ്‍ലിം എം.എല്‍.എയുടെ സന്ദര്‍ശനത്തിന് പിന്നാലെ യുപി ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചു

യുപിയിലെ സിദ്ധാര്‍ഥനഗര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    28 Nov 2023 6:19 AM

Published:

28 Nov 2023 6:18 AM

UP temple purified with Gangajal after
X

ക്ഷേത്രം ഗംഗാജലം തളിച്ചു ശുദ്ധീകരിക്കുന്നു

ലഖ്നൗ: മുസ്‍ലിം എം.എല്‍.എയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഉത്തര്‍പ്രദേശിലെ ക്ഷേത്രം ഗംഗാജലം തളിച്ചു ശുദ്ധീകരിച്ചു. സമാജ്‌വാദി പാർട്ടിയുടെ മുസ്‌ലിം എം.എൽ.എ സയ്യദ ഖാത്തൂനിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ക്ഷേത്രത്തില്‍ ശുദ്ധീകരണ പ്രവൃത്തി നടന്നത്. യുപിയിലെ സിദ്ധാര്‍ഥനഗര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം.

ഞായറാഴ്ച ബൽവ ഗ്രാമത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ സംയ മാതാ ക്ഷേത്ര ഭരണസമിതി തന്നെ ക്ഷണിച്ചിരുന്നതായി ഡൊമാരിയഗഞ്ചിൽ നിന്നുള്ള നിയമസഭാംഗമായ സയ്യദ ഖാത്തൂൻ പറഞ്ഞു. പരിപാടിക്ക് ശേഷം പ്രാദേശിക പഞ്ചായത്ത് ചെയർമാനും ഹിന്ദു സംഘടനാ അംഗങ്ങളും ചേര്‍ന്ന് ക്ഷേത്രത്തിലെത്തി ഗംഗാജാലം തളിക്കുകയും ഹനുമാൻ ചാലിസ ചൊല്ലുകയും എസ്പി നേതാവിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംയ മാതാ മന്ദിർ ഭക്തരുടെ വിശ്വാസ കേന്ദ്രമാണെന്ന് ബർഹ്‌നി ചാഫ നഗർ പഞ്ചായത്ത് ചെയർമാൻ ധർമരാജ് വർമ ​​പറഞ്ഞു.''നിരവധി ഭക്തര്‍ ഒത്തുകൂടുന്ന ക്ഷേത്രത്തിനോട് എം.എല്‍.എ അനാദരവ് കാണിച്ചു. അവര്‍ നോണ്‍ വെജിറ്റേറിയനാണ്. അവരുടെ സന്ദര്‍ശനം ക്ഷേത്രത്തിന്‍റെ പവിത്രതയെ ബാധിച്ചു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രം ശുദ്ധീകരിക്കാന്‍ താനാണ് ഗംഗാജലം തളിച്ചതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.

സംഭവം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് സംഘർഷ സാധ്യത ഒഴിവാക്കാൻ ഒരു സംഘം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. "ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. മാത്രമല്ല, ഞാനൊരു ജനപ്രതിനിധിയാണ്. ക്ഷേത്രമായാലും പള്ളിയായാലും എന്നെ ക്ഷണിച്ചാൽ ഞാൻ തീർച്ചയായും അവിടെ പോകും." സയ്യദ പ്രതികരിച്ചു.

2018ലും യുപിയില്‍ സമാനസംഭവം നടന്നിരുന്നു. ബി.ജെ.പിയുടെ ദലിത് വനിതാ എം.എല്‍.എയുടെ സന്ദര്‍ശനത്തിനു പിന്നാലെ മുസ്കാര ഖുര്‍ദിലുള്ള ക്ഷേത്രം ഗംഗാജലം തളിച്ചു ശുദ്ധീകരിച്ചിരുന്നു. സ്ത്രീകള്‍ കയറിയാല്‍ ക്ഷേത്രം അശുദ്ധമാകുമെന്നാരോപിച്ചാണ് ക്ഷേത്രം ശുദ്ധീകരിച്ചത്. എം.എല്‍.എ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനു ശേഷം ഗ്രാമത്തില്‍ മഴ ലഭിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചിരുന്നു.

TAGS :

Next Story