'എ.എ.പിയെ വിജയിപ്പിക്കൂ, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കാം': കെജ്‍രിവാള്‍ ഗുജറാത്തില്‍
27 വർഷത്തെ ബി.ജെ.പി ഭരണം ഗുജറാത്തിലെ ജനങ്ങൾക്ക് മടുത്തെന്ന് കെജ്‍രിവാള്‍
സൂറത്ത്: ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ വാഗ്ദാനങ്ങളുമായി എ.എ.പി കണ്‍വീനര്‍ അരവിന്ദ് കെജ്‍രിവാള്‍. ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്ന് കെജ്‌രിവാൾ വാഗ്ദാനം ചെയ്തു. സൂറത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത ഡൽഹി മുഖ്യമന്ത്രി, പവര്‍ കട്ടില്ലാത്ത വൈദ്യുതി വിതരണം ഉറപ്പുനൽകുകയും ചെയ്തു.
"ഞാൻ നിങ്ങൾക്ക് ഒരു ഉറപ്പ് നൽകുന്നു. സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ എല്ലാ ഉറപ്പുകളും ഞങ്ങൾ നിറവേറ്റും. പിന്നീട് എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ, അടുത്ത തെരഞ്ഞെടുപ്പിൽ എ.എ.പിക്ക് വോട്ട് ചെയ്യാതിരിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്." - കെജ്‍രിവാള്‍ പറഞ്ഞു.
2021 ഡിസംബർ 31ന് മുന്‍പുള്ള എല്ലാ വൈദ്യുതി ബില്ലുകളും എഴുതിത്തള്ളുമെന്നും കെജ്‌രിവാൾ പറഞ്ഞു. ഈ മാസം രണ്ടാം തവണയാണ് കെജ്‍രിവാള്‍ ഗുജറാത്ത് സന്ദര്‍ശിച്ചത്.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ, ഗുജറാത്തിലെ ജനങ്ങളുമായി ആം ആദ്മി പാർട്ടി തങ്ങളുടെ അജണ്ട പങ്കിടുമെന്ന് കെജ്‍രിവാള്‍ വ്യക്തമാക്കി. 27 വർഷത്തെ ബി.ജെ.പി ഭരണം ഗുജറാത്തിലെ ജനങ്ങൾക്ക് മടുത്തെന്നും ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കെജ്‍രിവാള്‍ അവകാശപ്പെട്ടു. അഴിമതി ഇല്ലാതാക്കിയാൽ ഗുജറാത്തിൽ സൗജന്യ വൈദ്യുതി സാധ്യമാകുമെന്ന് ഡൽഹി മോഡൽ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
Summary- Aam Aadmi Party's national convener Arvind Kejriwal on Thursday promised that his party will provide free electricity up to 300 units per month if voted to power in Gujarat where polls are due this year
Adjust Story Font
16