'പ്രാര്‍ഥിച്ചത് തുപ്പിയതാണെന്ന് കരുതുന്ന വിധത്തില്‍ സമൂഹം അധഃപതിച്ചു': ഷാരൂഖിന് പിന്തുണയുമായി ഊര്‍മിള
'രാജ്യാന്തര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ച നടനെക്കുറിച്ചാണ് നിങ്ങൾ ഈ പറയുന്നത്. രാഷ്ട്രീയം വളരെ തരംതാണ നിലയിലെത്തി'
ഗായിക ലതാ മങ്കേഷ്കറിന്റെ മൃതദേഹത്തിനു മുന്പില് ഷാരൂഖ് ഖാന് പ്രാര്‍ഥിക്കുന്ന ചിത്രം വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ നടിയും ശിവസേന നേതാവുമായ ഊര്‍മിള മതോണ്ഡ്കര്‍. രാഷ്ട്രീയം ഏറ്റവും തരംതാണ അവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്നും വളരെ സങ്കടകരമായ സാഹചര്യമാണിതെന്നും ഊര്‍മിള പ്രതികരിച്ചു.
"പ്രാര്‍ഥിക്കുക എന്നാല്‍ തുപ്പുകയാണെന്ന് കരുതുന്ന വിധത്തില്‍ സമൂഹമെന്ന നിലയില്‍ നമ്മള് അധഃപതിച്ചിരിക്കുന്നു. വിവിധ രാജ്യാന്തര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ച നടനെക്കുറിച്ചാണ് നിങ്ങൾ ഈ പറയുന്നത്. രാഷ്ട്രീയം വളരെ തരംതാണ നിലയിലെത്തി. ഇത് സങ്കടകരമാണ്"- ഊര്‍മിള പ്രതികരിച്ചു.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ലതാ മങ്കേഷ്കര്‍ ഫെബ്രുവരി 6നാണ് അന്തരിച്ചത്. ശിവാജി പാര്‍ക്കിലായിരുന്നു സംസ്കാരം. ഇന്ത്യയുടെ വാനമ്പാടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര് എത്തിയിരുന്നു. അവരില്‍ ലതാ മങ്കേഷ്കറിന് ദുആ (പ്രാര്‍ഥന) ചെയ്ത് ആദരാഞ്ജലി അര്‍പ്പിച്ച ഷാരൂഖ് ഖാന്റെ ചിത്രം ഉപയോഗിച്ച് വര്‍ഗീയവാദികള്‍ വിദ്വേഷ പ്രചാരണം അഴിച്ചുവിടുകയായിരുന്നു.
മാനേജര്‍ പൂജ ദദ്ലാനിക്കൊപ്പമാണ് ഷാരൂഖ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ഷാരൂഖ് ദുആ ചെയ്യുന്നതും പൂജ കൈകൂപ്പി പ്രാര്‍ഥിക്കുന്നതുമാണ് ചിത്രത്തിലുണ്ടായിരുന്നത്. ദുആ ചെയ്തശേഷം മാസ്ക് മാറ്റിയ ഷാരൂഖ് ഖാന് ലതാ മങ്കേഷ്കറുടെ മൃതദേഹത്തില്‍ തുപ്പി എന്ന തരത്തിലാണ് വിദ്വേഷ പ്രചാരണം തുടങ്ങിയത്. ഹരിയാനയിലെ ബി.ജെ.പി. നേതാവ് അരുണ്‍ യാദവ് തുടങ്ങിവെച്ച വിദ്വേഷ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ആളിപ്പടരുകയായിരുന്നു.
അതേസമയം രാജ്യത്തിന്റെ മതേതരത്വത്തെ അംഗീകരിക്കുന്നവര്‍ ഇതാണ് യഥാര്‍ഥ ഇന്ത്യ, ഇതാണ് ഇന്ത്യയുടെ വൈവിധ്യത്തിലധിഷ്ഠിതമായ സംസ്കാരം തുടങ്ങിയ അടിക്കുറിപ്പുകളോടെ ചിത്രം പങ്കുവെച്ചു.
Adjust Story Font
16