ഹിന്ദു നാമത്തില്‍ പണം സമ്പാദിച്ച നടനെന്ന് ബിജെപി നേതാവ്; താങ്കളെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ഊര്‍മിള മതോണ്ഡ്കര്‍
ബിജെപിയുടെ ഹരിയാനയിലെ സോഷ്യൽ മീഡിയ-ഐടി വിഭാഗം തലവൻ അരുണ്‍ യാദവിനോടാണ് നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്ന് ഊര്‍മിള
അന്തരിച്ച ബോളിവുഡ് താരം ദിലീപ് കുമാറിനെ അപമാനിച്ച ബിജെപി നേതാവിനെതിരെ നടിയും ശിവസേനാ നേതാവുമായ ഊര്‍മിള മതോണ്ഡ്കര്‍. ബിജെപിയുടെ ഹരിയാനയിലെ സോഷ്യൽ മീഡിയ-ഐടി വിഭാഗം തലവൻ അരുണ്‍ യാദവിനോടാണ് നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്ന് ഊര്‍മിള പറഞ്ഞത്.
ദിലീപ് കുമാറിനെ അപമാനിച്ച് അരുൺ യാദവിന്‍റെ ടീറ്റ് ഇങ്ങനെയായിരുന്നു- "സിനിമാ മേഖലയില്‍ ഹിന്ദു നാമത്തില്‍ പണം സമ്പാദിച്ച മുഹമ്മദ് യൂസുഫ് ഖാന്‍റെ (ദിലീപ് കുമാര്‍) മരണം ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്! ദുഖാര്‍ത്തരായ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് ദൈവം ശാന്തി നൽകട്ടെ". ഈ ട്വീറ്റിനോടാണ് താങ്കളെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്ന് ഊര്‍മിള പ്രതികരിച്ചത്.
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം
98 വയസ്സുള്ള ദിലീപ് കുമാര്‍ ഇന്നാണ് മുംബൈയിലെ ആശുപത്രിയില്‍ അന്തരിച്ചത്. ഇന്ത്യന്‍ സിനിമയിലെ നടനേതിഹാസമാണ് മുഹമ്മദ് യൂസുഫ് ഖാനെന്ന ദിലീപ് കുമാര്‍. അഞ്ച് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തില്‍ കഥാപാത്ര വൈവിധ്യങ്ങളുടെ പ്രപഞ്ചമാണ് ദിലീപ് കുമാര്‍ തീര്‍ത്തത്. അതിഭാവുകത്വം നിറഞ്ഞ അഭിനയ ശൈലിയില്‍ നിന്ന് ഇന്ത്യന്‍ സിനിമയെ മോചിപ്പിച്ച താരം. ബോളിവുഡിലെ എക്കാലത്തെയും സ്വപ്നനായകനും വിഷാദനായകനുമാണ് ദിലീപ് കുമാര്‍.
ഇന്നത്തെ പാകിസ്താന്റെ ഭാഗമായ പെഷാവറിൽ 1922ലാണ് ദിലീപ് കുമാറിന്റെ ജനനം. പിന്നീട് മുംബൈയിലെത്തി. പൂനെയ്ക്കടുത്ത് മിലിട്ടറി ക്യാമ്പിൽ ക്യാന്‍റീൻ നടത്തി വരികയായിരുന്ന ദിലീപ് കുമാറിനെ സിനിമയിലേക്ക് കൊണ്ടുവന്നത് ബോംബെ ടാക്കീസാണ്. 1944ല്‍ ബോംബെ ടാക്കീസ് നിര്‍മിച്ച ജ്വാര്‍ ബാട്ടയാണ് ആദ്യ സിനിമ. തുടക്കത്തില്‍ ദുരന്ത നായകന്റെ വേഷമാണ് തേടിയെത്തിയത്. വൈജയന്തിമാലക്കും മധുബാലക്കും നര്‍ഗീസിനുമൊപ്പമുള്ള നായക വേഷങ്ങളില്‍ പലതും ബോക്സോഫീസ് ഹിറ്റായി. 80കളില്‍ റൊമാന്റിക് ഹീറോയില്‍ നിന്ന് കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് മാറി. ദാഗ്, ആസാദ്, മുഗള്‍ ഇ അസം, ഗംഗാ ജമ്ന, കോഹിനൂര്‍, തുടങ്ങി നിരവധി ഹിറ്റുകള്‍. കഥാപാത്രങ്ങളിലേക്ക് ജീവന്‍ സന്നിവേശിപ്പിക്കുന്ന മെത്തേഡ് ആക്ടിങ് ഇന്ത്യന്‍ സിനിമയെ പരിചയപ്പെടുത്തിയത് ദിലീപ് കുമാറായിരുന്നു.
50കളില്‍ ഒരു സിനിമക്ക് ഒരു ലക്ഷം പ്രതിഫലം പറ്റിയ ഇന്ത്യയിലെ ഒരേ ഒരു നടനാണ് ദിലീപ് കുമാര്‍. ആദ്യമായി മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയതും ദിലീപ് കുമാറായിരുന്നു. അസ്മാ സാഹിബയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച് നടി സൈറാ ബാനുവിനെ ജീവിതവഴിയില്‍ കൂടെ കൂട്ടി. 1998ൽ ഇറങ്ങിയ കിലയിലാണ് അവസാനം അഭിനയിച്ചത്. മഹാരാഷ്ട്രയില്‍ നിന്ന് കോണ്‍ഗ്രസിന്‍റെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ തുടങ്ങി നിരവധി ബഹുമതികള്‍ തേടിയെത്തി.
फिल्मी जगत में हिन्दू नाम रखकर पैसा कमाने वाले मोहम्मद यूसुफ खान ( दिलीप कुमार ) का निधन भारतीय फिल्म जगत के लिए अपूरणीय क्षति है!
— Arun Yadav (@beingarun28) July 7, 2021
शोक संतप्त परिवार के प्रति गहन संवेदना!
दिवंगत आत्मा को शांति दे भगवान।
भावभीनी श्रद्धांजलि!
Adjust Story Font
16