'ഹലോ'ക്ക് പകരം വന്ദേമാതരം പറയൂ; ഉത്തരവ് ഉടനെന്ന് മഹാരാഷ്ട്ര മന്ത്രി സുധീര്‍ മുഗന്തിവര്‍
വന്ദേമാതരം എന്നത് വെറുമൊരു വാക്ക് മാത്രമല്ല, ഓരോ ഇന്ത്യക്കാരനും അനുഭവിക്കുന്ന വികാരമാണ്
മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനി മുതല്‍ ഫോണ്‍ എടുക്കുമ്പോള്‍ 'ഹലോ' എന്നതിനു പകരം 'വന്ദേമാതരം' പറയണമെന്ന് സാംസ്‌കാരിക മന്ത്രി സുധീര്‍ മുഗന്തിവര്‍. ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
''ഹലോ ഒരു ഇംഗ്ലീഷ് വാക്കാണ്, അത് ഉപേക്ഷിക്കേണ്ടത് പ്രധാനമാണ്. വന്ദേമാതരം എന്നത് വെറുമൊരു വാക്ക് മാത്രമല്ല, ഓരോ ഇന്ത്യക്കാരനും അനുഭവിക്കുന്ന വികാരമാണ്. നാം സ്വാതന്ത്ര്യത്തിന്‍റെ 76-ാം വർഷത്തിലേക്ക് കടക്കുകയാണ്. നമ്മള്‍ അമൃത് മഹോത്സവം ആഘോഷിക്കുകയാണ്.അതിനാൽ ഉദ്യോഗസ്ഥർ ഹലോ എന്നതിനുപകരം ഫോണിലൂടെ 'വന്ദേമാതരം' പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു'' സുധീര്‍ പറഞ്ഞു.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വകുപ്പുകൾ കൈമാറിയതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ തീരുമാനം. അതേസമയം മന്ത്രിസഭാ വികസനത്തിന് പിന്നാലെ ശിവസേനയിൽ അതൃപ്തി പുകയുകയാണ്. എല്ലാം ബി.ജെ.പിക്ക് നൽകിയതിലാണ് ഒരുവിഭാഗം നേതാക്കൾക്ക് അതൃപ്തി. ചില ശിവസേന നേതാക്കളുടെ വകുപ്പുകളിൽ ബി.ജെ.പിയും അതൃപ്തി പ്രകടിപ്പിച്ചു.
മഹാ വികാസ് അഘാഡി സഖ്യത്തിൽ എൻ.സി.പി കൈകാര്യം ചെയ്തിരുന്ന സുപ്രധാന വകുപ്പുകളാണ് ബിജെപി ഏറ്റെടുത്തത്. ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഏറ്റെടുത്ത ധനകാര്യം ഉൾപ്പടെ ഇതിൽ പെടും. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന രാധാകൃഷ്ണ വിഖേയ്ക്ക് റവന്യൂ വകുപ്പും മന്ത്രി സഭയിലെ പുതുമുഖമായ അതുൽ സാവേക്ക് സഹകരണ വകുപ്പും ബി.ജെ.പി ചോദിച്ച് വാങ്ങി. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നീ വകുപ്പുകൾ ആണ് നിലവിൽ ശിവസേനയ്ക്ക് ലഭിച്ചതിൽ പ്രധാന വകുപ്പുകൾ. ഈ വകുപ്പ് വിഭജനത്തിൽ ബി.ജെ.പിയിലും അതൃപ്തി ഉണ്ട്.
ആവശ്യമെങ്കിൽ അടുത്ത ഘട്ട മന്ത്രിസഭാ വികസനത്തിന് മുൻപായി വകുപ്പുകൾ വെച്ചുമാറാമെന്ന് ഫഡ്‌നാവിസ് അറിയിച്ചിട്ടുണ്ട്. ശിവസേന ഇനി പ്രതീക്ഷ വയ്ക്കുന്നത് നികത്താനുള്ള 20 മന്ത്രി സ്ഥാനങ്ങളിൽ ആണ്. നിലവിൽ ഒരു വനിതാ അംഗം പോലും ഇല്ലാത്ത മന്ത്രിസഭയിൽ കൂടുതൽ വകുപ്പുകൾ ലഭിക്കാൻ ആണ് ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയുടെ നീക്കം. എന്നാൽ മുൻ ധാരണ പ്രകാരം സുപ്രധാന സ്ഥാനങ്ങളും കൂടുതൽ മന്ത്രി സ്ഥാനങ്ങളും ബി.ജെ.പി വിട്ട് നൽകാൻ സാധ്യതയില്ല.
Adjust Story Font
16