യു.പിയിലെ 23 ജില്ലകള്‍ കോവിഡ് മുക്തം; രോഗമുക്തി നിരക്ക് 98 ശതമാനം
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 62 ജില്ലകളില്‍ ഒരു കോവിഡ് കേസും പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
23 ജില്ലകള്‍ കോവിഡ് മുക്തമായതായി യുപി സര്‍ക്കാര്‍. കോവിഡ് മഹാമാരിയെ തുടച്ചുനീക്കുന്നതിനായി നടപ്പിലാക്കിയ 'യുപി കോവിഡ് നിയന്ത്രണ മാതൃക' വിജയമായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 98 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമേഠി, ബാഗ്പത്, ബന്ദ, ബസ്തി, ബിജ്നോർ, ചിത്രകൂട്, ഡിയോറിയ, ഇറ്റ, ഫറൂഖാബാദ്, ഫത്തേപൂർ, ഗോണ്ട, ഹമിർപൂർ, ഹർദോയ്, ജാൻപൂർ, കാൺപൂർ ദേഹത്ത്, മഹോബ, മൗ, മുസഫർനഗർ, പിലിഭിത്, രാംപൂർ, സന്ത് കബീർ നഗർ, സീതാപൂർ, ഉന്നാവോ എന്നിവയാണ് കോവിഡ് മുക്തമായ ജില്ലകള്‍. കൂടാതെ 75 ജില്ലകളില്‍ ഒന്നില്‍ പോലും കോവിഡ് കേസുകള്‍ രണ്ടക്കം കടന്നിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 62 ജില്ലകളില്‍ ഒരു കോവിഡ് കേസും പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 13 ജില്ലകളിലെ കോവിഡ് കണക്ക് പത്തില്‍ താഴെയാണ്.
യുപിയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 269 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ച 1,87,638 സാമ്പിളുകളിൽ 21 എണ്ണം പോസിറ്റീവ് ആണ്. ഈ കാലയളവില്‍ തന്നെ 17 രോഗികള്‍ സുഖം പ്രാപിച്ചു. ഇതുവരെ 16,86,182 ൽ അധികം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 0.006 ശതമാനമാണ്. യുപിയില്‍ പ്രതിദിനം 3 ലക്ഷം സാമ്പിളുകളാണ് പരിശോധിക്കുന്നത്. ഇതുവരെ 7.21 കോടി സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16