Quantcast

‘പ്രകോപനത്തിന് കാരണമാകും’; രാഹുൽ ഗാന്ധി സംഭലിലേക്ക് വരരുതെന്ന് യുപി അധികൃതർ

ഡിസംബർ 10 വരെ പുറത്തുനിന്ന് ആളുകൾ വരുന്നത് ജില്ലാ മജിസ്ട്രേറ്റ് നിരോധിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-12-03 16:15:54.0

Published:

3 Dec 2024 2:18 PM GMT

CBI probe initiated against Rahul Gandhis British citizenship issue, Delhi HC told, Rahul Gandhi citizenship, Rahul Gandhi
X

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംഭലിലേക്കുള്ള യാത്ര റദ്ദാക്കണമെന്ന് ഉത്തർ പ്രദേശ് അധികൃതർ. അഞ്ച് കോൺഗ്രസ് എംപിമാരോടൊപ്പമാണ് രാഹുൽ ബുധനാഴ്ച സംഭൽ സന്ദർശിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രകോപനത്തിന് ഇടയാക്കുമെന്ന് മൊറാദാബാദ് ഡിവിഷനൽ കമ്മീഷണർ ആഞ്ജനേയ കുമാർ സിങ് പറഞ്ഞു. നിലവിൽ സ്ഥിതി ശാന്തമാണ്. മാർക്കറ്റുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ​ശ്രമങ്ങളാണ് നടക്കുന്നത്.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. ഡിസംബർ 10 വരെ പുറത്തുനിന്ന് ആളുകൾ വരുന്നത് ജില്ലാ മജിസ്ട്രേറ്റ് നിരോധിച്ചിട്ടുണ്ട്. അന്തരീക്ഷം ഇപ്പോൾ ശാന്തമാണെങ്കിലും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ആരെങ്കിലും പുറത്തുനിന്ന് വന്നാൽ, പ്രകോപനം കാരണം എന്തെങ്കിലും സംഭവിക്കാൻ സാധ്യതയുണ്ട്. പുറത്തുനിന്ന് ആരും വരരുതെന്ന് ഞങ്ങൾ അപേക്ഷിക്കുകയാണ്, അങ്ങനെയാണെങ്കിൽ സമാധാനം പൂർണമായും പുനഃസ്ഥാപിക്കാൻ സാധിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനം റദ്ദാക്കാൻ അപേക്ഷിക്കുകയാണ്’ -ആഞ്ജനേയ കുമാർ സിങ് പറഞ്ഞു.

രാഹുൽ ഗാന്ധിയും അഞ്ച് കോൺഗ്രസ് എംപിമാരും ബുധനാഴ്ച സംഭൽ സന്ദർശിക്കുമെന്ന് ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആണ് അറിയിച്ചത്. പ്രിയങ്ക ഗാന്ധി എം.പിയും സംഘത്തിലുണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഉത്തർ പ്രദേശിന്റെ ചുമതലയുമുള്ള അവിനാശ് പാണ്ഡെയുമുണ്ടാകും. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.

അതേസമയം, രാഹുൽ ഗാന്ധിയെ തടയാൻ സംഭൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കിയിട്ടുണ്ട്. അയൽ ജില്ലകളായ ബുലന്ദ്ഷഹർ, അംരോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് സംഭൽ ജില്ലാ മജിസ്ട്രേറ്റ് നിർദേശം നൽകിയത്.

ഷാഹി മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് നവംബർ 24ന് സംഭലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥലം സന്ദർശിക്കാനിരുന്ന മുസ്‍ലിം ലീഗ്, സമാജ്‍വാദി പാർട്ടി എംപിമാരെ നേരത്തെ യുപി പൊലീസ് തടഞ്ഞിരുന്നു.

TAGS :

Next Story