മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് യുപി സർക്കാർ
2025 ജനുവരിയിലാണ് മഹാകുംഭമേള ആരംഭിക്കുന്നത്
ലഖ്‌നൗ: മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. മഹാകുംഭമേള ജില്ല എന്നാണ് പുതിയ ജില്ലയുടെ പേര്. മഹാകുംഭമേള മികച്ച രീതിയിൽ നടത്തുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തെന്നാണ് സർക്കാരിന്റെ വിശദീകരണം.
പുതിയതായി രൂപീകരിക്കുന്ന ജില്ലയിൽ കുംഭമേള സമയത്തുള്ള തയ്യാറെടുപ്പുകൾക്കും സേവനങ്ങൾക്കുമായി പ്രത്യേക അഡ്മിനിസ്ട്രേറ്റീവ് സംഘവും ഉണ്ടായിരിക്കും. ഭക്തർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനു വേണ്ടിയണ് സർക്കാർ പുതിയ ജില്ല രൂപീകരിച്ചതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലോകമെമ്പാടുനിന്നും വരുന്ന ഭക്തർക്ക്, ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അടുത്ത വർഷം ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയണ് മഹാകുംഭമേള നടക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും മഹാകുംഭമേള ജില്ല വന്നതോടെ യുപിയിലെ ജില്ലകളുടെ എണ്ണം 76 ആയി ഉയർന്നു. 67 ഗ്രാമങ്ങളാണ് പുതുതായി പ്രഖ്യാപിച്ച ജില്ലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രയാഗ്‌രാജ് ജില്ലാ കലക്‌ടര്‍ രവീന്ദ്ര കുമാർ മദാർ ആണ് മഹാകുംഭമേള ജില്ലയെ താത്‌കാലിക ജില്ലയായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. വിജ്ഞാപന പ്രകാരം കുംഭമേള ഓഫിസർ വിജയ് കിരൺ ആനന്ദ് മഹാകുംഭമേള ജില്ലാ കലക്‌ടറായി പ്രവർത്തിക്കും.
Adjust Story Font
16