Quantcast

മധ്യപ്രദേശിനു പിന്നാലെ ഉത്തർപ്രദേശിലും 'കേരള സ്റ്റോറി'ക്ക് നികുതിയിളവ്

വിദ്വേഷം പ്രചരിപ്പിക്കുന്ന സിനിമയാണെന്ന് ചൂണ്ടിക്കാട്ടി മമത ബാനർജി 'കേരള സ്റ്റോറി' ബംഗാളിൽ നിരോധിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    9 May 2023 4:43 AM

Published:

9 May 2023 4:41 AM

TheKeralaStory, taxfree, YogiAdityanath, KeralaStoryinUP, UttarPradesh, Uttar Pradesh to declare The Kerala Story tax-free
X

ലഖ്‌നൗ: മധ്യപ്രദേശിനു പിന്നാലെ വിദ്വേഷ ചിത്രം 'ദ കേരള സ്റ്റോറി'ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശും. യു.പി മുഖ്യമന്ത്രി യോഗി ആതിത്യനാഥാണ് ചിത്രത്തിന് നികുതിയിളവ് നല്‍കുമെന്ന് പ്രഖ്യാപനം നടത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ലോക്ഭവനിൽ യോഗിക്കും മറ്റു മന്ത്രിമാർക്കുമായി 'കേരള സ്റ്റോറി'യുടെ പ്രത്യേക ഷോ ഒരുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അറിയിച്ചു. നേരത്തെ, യു.പി ബി.ജെ.പി സെക്രട്ടറി രാഘവേന്ദ്ര മിശ്രയുടെ നേതൃത്വത്തിൽ ലഖ്‌നൗവിൽ പ്രദർശനം നടന്നിരുന്നു.

സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ച തീരുമാനത്തെ യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് സ്വാഗതം ചെയ്തു. ഉത്തർപ്രദേശിലെ ജനങ്ങൾ സിനിമ കണ്ട് നമ്മുടെ സഹോദരിമാരുടെ യാതനയെക്കുറിച്ച് മനസിലാക്കണമെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ 'എ.എൻ.ഐ'യോട് പറഞ്ഞു. സിനിമയെ നിരോധിച്ച മമത ബാനർജി സർക്കാരിന്റെ നടപടിയെ ബംഗാൾ ജനത അംഗീകരിക്കില്ലെന്നും ബ്രജേഷ് പറഞ്ഞു.

ദിവസങ്ങൾക്കുമുൻപാണ് മധ്യപ്രദേശ് സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ചത്. എം.പി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹനാണ് ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശിൽ മതപരിവർത്തനത്തിനെതിരെ ഇതിനകം നിയമം ഉണ്ടാക്കിയിട്ടുണ്ട്. മതപരിവർത്തനത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനാലാണ് സിനിമയ്ക്ക് നികുതി ഒഴിവാക്കുന്നതെന്നാണ് ചൗഹാൻ ന്യായീകരിച്ചത്. അതേസമയം, വിദ്വേഷം പ്രചരിപ്പിക്കുന്ന സിനിമയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മമത ബാനർജി 'കേരള സ്റ്റോറി'ക്ക് ബംഗാളിൽ നിരോധനമേർപ്പെടുത്തിയത്. നിരോധനം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശവും നൽകിയിട്ടുണ്ട്. എന്നാൽ, നിരോധനത്തിനെതിരെ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പിയും സിനിമാ നിർമാതാക്കളും അറിയിച്ചിട്ടുണ്ട്. ചിത്രം പ്രദർശിപ്പിക്കില്ലെന്ന് തമിഴ്‌നാട്ടിലെ മൾട്ടിപ്ലക്‌സ് ഉടമകളും വ്യക്തമാക്കിയിട്ടുണ്ട്.

Summary: Uttar Pradesh Chief Minister Yogi Adityanath announced that his government will declare the controversial movie 'The Kerala Story' tax-free in the state.

TAGS :

Next Story