യു.പിക്കു പിന്നാലെ ഉത്തരാഖണ്ഡും; കാവഡ് യാത്രാറൂട്ടിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവ്
യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വിവാദ ഉത്തരവിനെതിരെ ബി.ജെ.പി സഖ്യകക്ഷികളില്‍നിന്ന് ഉള്‍പ്പെടെ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഹരിദ്വാര്‍ പൊലീസും വിവാദ നിര്‍ദേശം പുറത്തിറക്കിയത്
ഡെറാഡൂണ്‍: കാവഡ് യാത്രയില്‍ ഉത്തര്‍പ്രദേശിനു പിന്നാലെ വിവാദ ഉത്തരവുമായി ഉത്തരാഖണ്ഡും. യാത്രാറൂട്ടിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹരിദ്വാര്‍ പൊലീസ്. ഉടമസ്ഥരെ ചൊല്ലി യാത്രയ്ക്കിടയില്‍ ഉടലെടുക്കാനിടയുള്ള പ്രശ്‌നങ്ങള്‍ തടയാനെന്നാണു ന്യായീകരണമായി പറഞ്ഞിരിക്കുന്നത്. യു.പി സര്‍ക്കാരിന്റെ ഉത്തരവിനെതിരെ ബി.ജെ.പി സഖ്യകക്ഷികളില്‍നിന്ന് ഉള്‍പ്പെടെ വന്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഉത്തരാഖണ്ഡും ഇത് ഏറ്റുപിടിച്ചിരിക്കുന്നത്.
കാവഡ് യാത്രയ്ക്കിടെ കടയുടമകള്‍ പേര് വെളിപ്പെടുത്താത്തതു കാരണം സാധാരണ തര്‍ക്കങ്ങളുണ്ടാകാറുണ്ടെന്ന് ഹരിദ്വാര്‍ പൊലീസ് സൂപ്രണ്ട് പ്രമേന്ദ്ര ദോഭല്‍ പറഞ്ഞു. പലതവണ ഇതിനെതിരെ യാത്രികര്‍ രംഗത്തെത്തിയതുമാണ്. ഈ വിഷയം പരിഹരിക്കാനായി യാത്രാ റൂട്ടിലുള്ള മുഴുവന്‍ കടകളും റെസ്റ്റോറന്റുകളും ഹോട്ടലുകളും ധാബകളും തട്ടുകടകളുമെല്ലാം ഹരിദ്വാര്‍ പൊലീസ് പരിശോധിക്കും. സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ഉടമകളുടെ പേരുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം. ക്യു.ആര്‍ കോഡിലും ഉടമകളുടെ പേരുകള്‍ വ്യക്തമാക്കണമെന്നും പ്രമേന്ദ്ര ഉത്തരവിട്ടു.
ജില്ലയിലെ ബന്ധപ്പെട്ട വ്യാപാരികളുമായും അധികൃതരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് പൊലീസ് പറയുന്നത്. കാവഡ് യാത്രയുമായി ബന്ധപ്പെട്ട് വിവിധ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഒരു യോഗം കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി വിളിച്ചുചേര്‍ത്തിരുന്നു. ഇതിലാണു തീരുമാനം കൈക്കൊണ്ടതെന്നാണു വിവരം.
ഉത്തരാഖണ്ഡിലെ ഭഗവന്‍പൂര്‍ പൊലീസും സമാനമായ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭക്ഷണശാലകളിലൊന്നും ഇറച്ചി, മുട്ട, ഉള്ളി എന്നിവ പാകം ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്. പണമടക്കുന്ന ക്യു.ആര്‍ കോഡില്‍ ഉടമയുടെ പേര് രേഖപ്പെടുത്തിയിരിക്കണം. ഭക്ഷണ വിലവിവരങ്ങളും പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മേഖലയിലെ ധാബ-ഹോട്ടല്‍ ഉടമകളുമായി നടത്തിയ യോഗത്തിലാണു തീരുമാനമെന്നാണ് പൊലീസ് അറിയിച്ചത്.
അതിനിടെ, യു.പിയിലെ വിവാദ ഉത്തരവില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും സഖ്യകക്ഷിയായ ജെ.ഡി.യുവും രംഗത്തെത്തിയിട്ടുണ്ട്. മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജനം സൃഷ്ടിക്കുന്നത് അംഗീകരിക്കില്ലെന്നാണ് ലോക് ജനശക്തി പാര്‍ട്ടി(രാംവിലാസ്) നേതാവ് വ്യക്തമാക്കിയത്. പ്രധാനമന്ത്രി പറഞ്ഞുനടക്കുന്ന 'സബ് കാ സാത്, സബ് കാ വികാസ്' മുദ്രാവാക്യങ്ങള്‍ക്കു വിരുദ്ധമാണു നടപടിയെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും മുതിര്‍ന്ന ജെ.ഡി.യു നേതാവ് കെ.സി ത്യാഗിയും ആവശ്യപ്പെട്ടിരിക്കുകയാണ്.
Summary: After Uttar Pradesh, Uttarakhand Police in Haridwar order eateries along kanwar yatra will have to display owner name
Adjust Story Font
16