ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് രാജിവെച്ചു
കഴിഞ്ഞ മാർച്ചിലാണ് ഇദ്ദേഹം ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരത്ത് സിംഗ് റാവത്ത് രാജി വച്ചു.ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് രാജി. രാജ് ഭവനിൽ എത്തി ഗവർണർ ബേബി റാണി മൗര്യക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.
പാർട്ടിക്കുള്ളിലെ തർക്കങ്ങളെ തുടർന്ന്, ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി, കഴിഞ്ഞ മാർച്ചിലാണ് തിരത് സിങ് റാവത്തിനെ ബിജെപി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാക്കിയത്. എന്നാൽ നാല് മാസം തികയും മുൻപ് രാജിയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. നിലവിൽ ഗഡ്വാളിൽ നിന്നുള്ള ലോക്സഭ എം പിയായ തിരത് റാവത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് നിയമസഭ അംഗമാവണമായിരുന്നു. എന്നാൽ നിലവിലെ നിയമ സഭയുടെ കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കുന്നതിനാൽ ഉപ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്.
ഈ സാഹചര്യത്തിൽ ഭരണഘടന പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് രാജി. ഉത്തരാഖണ്ഡിന്‍റെ ആദ്യ വിദ്യാഭ്യാസമന്ത്രിയായിരുന്ന തിരത് 2013 മുതല്‍ 2015 വരെ ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്നു. വിവാദ പരാമർശങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞു നിന്ന മുഖ്യമന്ത്രിയായിരുന്നു തിരത് സിങ് റാവത്ത്. പെൺകുട്ടികൾ കീറിയ ജീൻസിടുന്നതിനെതിരെ അദ്ദേഹം നടത്തിയ പരാമർശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിൽ ബിജെപി കേന്ദ്ര നേതൃത്വത്തിനും അതൃപ്‌തിയും ഉണ്ടായിരുന്നു. പുതിയ സഭ നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി ഉത്തരാഖണ്ഡ് ബിജെപി നിയമസഭാകക്ഷി യോഗം ശനിയാഴ്ച വൈകീട്ട് മൂന്നിന് ചേരും. യോഗത്തിൽ, ബിജെപി കേന്ദ്ര നിരീക്ഷകനായി കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമർ പങ്കെടുക്കും.
Adjust Story Font
16