ഹരക് സിംഗ് റാവത്തിന്റെ തിരിച്ചുവരവിനെ ചൊല്ലി ഉത്തരാഖണ്ഡ് കോൺഗ്രസിൽ ഭിന്നത
മുൻ ബി.ജെ.പി മന്ത്രിയെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നതിനോട് കോൺഗ്രസ് പ്രചാരണ സമിതി മേധാവി ഹരീഷ് റാവത്തിന് താൽപര്യമില്ല
ബി.ജെ.പി പുറത്താക്കിയ മുതിർന്ന ഉത്തരാഖണ്ഡ് നേതാവ് ഹരക് സിംഗ് റാവത്തിന്റെ തിരിച്ചുവരവിനെ ചൊല്ലി സംസ്ഥാന കോൺഗ്രസിൽ ഭിന്നത. മുൻ ബി.ജെ.പി മന്ത്രി കൂടിയായ ഹരക് സിംഗ് റാവത്തിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നതിനോട് കോൺഗ്രസ് പ്രചാരണ സമിതി മേധാവി ഹരീഷ് റാവത്തിന് താൽപര്യമില്ലെന്നാണ് പറയപ്പെടുന്നത്. എന്നാൽ കോൺഗ്രസിന്റെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം അതിനായി സമ്മർദ്ദം ചെലുത്തുന്നുണ്ട്.
ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി കൂടിയായ ഹരീഷ് റാവത്ത് തന്റെ അഭിപ്രായം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അതേസമയം പാർട്ടിയെ വിജയത്തിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും തന്റെ അഭിപ്രായം ഒരു പരിധിക്കപ്പുറം അടിച്ചേൽപിക്കില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്. ഹരക് സിംഗ് റാവത്തിനെ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര നേതൃത്വം നിർബന്ധിക്കുന്നുവെങ്കിൽ അത് ചെയ്യട്ടെയെന്നും ഹരീഷ് പറഞ്ഞതായും അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായം പറയാൻ ഇഷ്ടപ്പെടുന്നില്ല. വ്യക്തികളല്ല പ്രധാനം. പാർട്ടി കൂട്ടായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹരീഷ് റാവത്തുമായി അത്ര നല്ല രസത്തിലല്ലാത്ത സിഎൽപി നേതാവ് പ്രീതം സിങ്ങും എ.ഐ.സി.സി സംസ്ഥാന ചുമതലയുള്ള ദേവേന്ദ്ര യാദവും ഹരക് റാവത്തിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുന്നുണ്ട്. 2016 ൽ ഹരീഷ് റാവത്ത് സർക്കാറിനെ താഴെയിറക്കിയതിൽ പ്രധാനി കൂടിയാണ് ഹരക് സിംഗ് റാവത്ത്.
Adjust Story Font
16