തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു; കുത്തനെ കുഴിക്കുന്ന നടപടി ഇന്ന് തുടങ്ങും
ഏറ്റവും ഒടുവിൽ സ്ഥാപിച്ച കുഴൽ വഴി കൂടുതൽ ഭക്ഷണവും മരുന്നും തൊഴിലാളികൾക്ക് നൽകുന്നുണ്ട്
ഉത്തരകാശിയിലെ തകര്‍ന്ന തുരങ്കം
ഉത്തരകാശി: ഉത്തരാഖണ്ഡിലെ സിൽക്യാര തുരംഗത്തിൽ അകപ്പെട്ട 41 തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം പത്താം ദിവസവും പുരോഗമിക്കുന്നു. ഏറ്റവും ഒടുവിൽ സ്ഥാപിച്ച കുഴൽ വഴി കൂടുതൽ ഭക്ഷണവും മരുന്നും തൊഴിലാളികൾക്ക് നൽകുന്നുണ്ട്. തുരങ്കത്തിൽ കുത്തനെ കുഴിച്ചുള്ള രക്ഷാ പ്രവർത്തനം ഇന്ന് ആരംഭിക്കും.
തുരങ്ക കവാടം വഴിയുള്ള രക്ഷാ പ്രവർത്തനം പ്രതിസന്ധിയിൽ ആയതോടെ ആണ് ബദൽ മാർഗങ്ങൾ അധികൃതർ തേടിയത്. അഞ്ച് തരത്തിൽ രക്ഷാപ്രവർത്തനം നടത്താനുള്ള ശ്രമങ്ങൾ ആണ് പുരോഗമിക്കുന്നത്. പ്രധാന മാർഗമായ ദൗത്യം ഇന്ന് ആരംഭിക്കും. തുരങ്കത്തിന് മുകളിൽ നിന്ന് തുരന്ന് തൊഴിലാളികൾക്ക് രക്ഷപ്പെടാൻ ഉള്ള മാർഗം സൃഷ്ടിക്കുക എന്നതാണ് അധികൃതരുടെ പദ്ധതി. ഇതിനായി തുരങ്കത്തിന് മുകളിലുള്ള മരങ്ങൾ മുറിച്ച് നീക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. രാപ്പകൽ ഭേദമന്യേ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനായി അന്താരാഷ്ട്ര തുരങ്ക വിദഗ്ദരുടെ സേവനം ഉൾപ്പടെ അധികൃതർ തേടിയിട്ടുണ്ട്.
ഏറ്റവും ഒടുവിൽ സ്ഥാപിച്ച ആറിഞ്ച് പൈപ്പ് വഴി കഞ്ഞി, സോയാബീൻ കിച്ചടി, ഓറഞ്ച് ജ്യൂസ് ഉൾപ്പടെയുള്ള ഭക്ഷണങ്ങൾ ഇന്നലെ മുതൽ നൽകുന്നുണ്ട്. ഇന്ന് മുതൽ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്തി രക്ഷാ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാൻ ആണ് വിദഗ്ദ തീരുമാനം. സിൽക്യാരയ്ക്ക് നേരെ എതിർ വശത്ത് നിന്നും തുരങ്കം തുരന്ന് മറ്റൊരു പാത നിർമ്മിക്കാൻ സാധിക്കുമോ എന്നും അധികൃതർ പരിശോധിക്കുന്നുണ്ട്. ബലഹീനമായ പാറകൾ ആണ് ഇത്തരം ശ്രമങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. തുരങ്കത്തിനുള്ളിൽ അകപ്പെട്ട 41 തൊഴിലാളികളും സുരക്ഷിതരാണ് എന്നാണ് അധികൃതർ നൽകുന്ന വിവരം.
Adjust Story Font
16