ഉത്തരകാശി ആക്രമണം: ഉത്തരാഖണ്ഡില്‍ മഹാപഞ്ചായത്ത് പ്രഖ്യാപിച്ച് മുസ്‌ലിം നേതാക്കൾ
ഉത്തരകാശിയിൽ മുസ്‌ലിം സ്ഥാപനങ്ങളും വീടുകളും തിരഞ്ഞുപിടിച്ച് ആക്രമണം തുടരുന്നതിനിടെയാണ് ജൂൺ 18ന് ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിൽ മഹാപഞ്ചായത്ത് നടത്താൻ തീരുമാനം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മുസ്‌ലിംകളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടരുന്നതിനിടെ മഹാപഞ്ചായത്ത് പ്രഖ്യാപിച്ച് മതനേതാക്കൾ. ജൂൺ 18നാണ് പ്രതിഷേധ സംഗമം നടത്താൻ തീരുമാനം. ഉത്തരകാശിയിൽ മുസ്‌ലിം വ്യാപാരികളെ ഒഴിപ്പിക്കുകയും സമുദായത്തെ ലക്ഷ്യമാക്കി വർഗീയ ആക്രമണം തുടരുകയും ചെയ്യുന്നതിനിടെയാണ് നേതാക്കളുടെ ഇടപെടൽ.
ഉത്തരാഖണ്ഡിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ഡേറാഡൂൺ ഖാദി മുഹമ്മദ് അഹ്മദ് ഖാസ്മിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മുസ്‌ലിം നേതാക്കളുടെ യോഗം വിളിച്ചുചേർത്തിരുന്നു. ഇതിലാണ് മഹാപഞ്ചായത്ത് വിളിച്ചുചേർക്കാൻ തീരുമാനമായിരിക്കുന്നത്. 18ന് ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലാണ് സംഗമം നടക്കുകയെന്നാണ് വിവരം. ഡേറാഡൂണിനു പുറമെ ഹരിദ്വാർ, ഉദ്ദംസിങ് നഗർ, ഹൽദ്വാനി ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ മഹാപഞ്ചായത്തിൽ സംബന്ധിക്കുമെന്ന് സംഘാടക സമിതിയുടെ ഭാഗമായ മുസ്‌ലിം സേവാ സംഘം മീഡിയ ഇൻചാർജ് വസീം അഹ്മദ് പറഞ്ഞു.
മലയോര മേഖലകളിൽനിന്നെല്ലാം നിരപരാധികളായ മുസ്‌ലിംകളെ കുടിയൊഴിപ്പിക്കുകയാണെന്ന് വസീം പറഞ്ഞു. കുറ്റവാളികളെ നിർബന്ധമായും ശിക്ഷിക്കണം. അതിന്റെ പേരിൽ സമുദായത്തെ ഒന്നാകെ വേട്ടയാടുകയും തൊഴിലില്ലാതാക്കുന്നതുമൊന്നും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മഹാപഞ്ചായത്ത് തടയുമെന്ന് സംഘ്പരിവാര്‍ സംഘടനകൾ പ്രഖ്യാപിച്ചു. മുസ്ലിം മതനേതാക്കൾ ആഹ്വാനം ചെയ്ത പരിപാടി എന്തു വിലകൊടുത്തും തടയുമെന്ന് ദേവഭൂമി രക്ഷാ അഭിയാൻ അറിയിച്ചു. ജൂൺ 15ന് മഹാപഞ്ചായത്ത് നടത്താനും ഇവരുടെ നീക്കമുണ്ട്. അതേസമയം, പരിപാടിക്ക് അനുമതി തേടി ആരും തങ്ങളെ ഇതുവരെ സമീപിച്ചിട്ടില്ലെന്ന് ഡേറാഡൂൺ ജില്ലാ അഡിഷനൽ മജിസ്‌ട്രേറ്റ് ശിവകുമാർ ബരൻവാൾ പറഞ്ഞു.
മേയ് 26ന് 14കാരിയെ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തിനു പിന്നാലെയാണ് മുസ്‍ലിംകളെ തിരഞ്ഞെടുപിടിച്ച് സംസ്ഥാനത്തുടനീളം അക്രമസംഭവങ്ങൾ അരങ്ങേറുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ആരോപണമുയര്‍ന്നത്. സംഭവത്തില്‍ ഉത്തരകാശിയിലെ പുരോള മാർക്കറ്റിൽ കച്ചവടക്കാരനായ ഉബേദ് ഖാൻ, മോട്ടോർ സൈക്കിൾ മെക്കാനിക്കായ ജിതേന്ദർ സൈനി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇത് 'ലവ് ജിഹാദ്' നീക്കമാണെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘങ്ങൾ തെരുവിലിറങ്ങിയത്.
മേയ് 29ന് ഉൾപ്പെടെ പുരോളയിലും മറ്റും നടന്ന ഹിന്ദുത്വ പ്രതിഷേധ പരിപാടികളിൽ മുസ്‌ലിംകളുടെ കടകളും സ്ഥാപനങ്ങളും തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ദേവഭൂമി രക്ഷാ അഭിയാൻ മുസ്‌ലിംകൾക്കു മുന്നറിയിപ്പുമായി നഗരത്തിലുടനീളം പോസ്റ്ററുകൾ പതിച്ചത്. ജൂൺ 15നകം മുസ്‌ലിം വ്യാപാരികൾ കടകൾ അടച്ചുപൂട്ടി സംസ്ഥാനം വിടണമെന്ന് പോസ്റ്ററിൽ അന്ത്യശാസനം നൽകിയിട്ടുണ്ട്. ഇതോടെ ഭയവിഹ്വലരായ മുസ്‌ലിംകൾ കടകൾ പൂട്ടിയിട്ടിരിക്കുകയാണ്. ചില കുടുംബങ്ങൾ അയൽനാടുകളിലേക്ക് പലായനം ചെയ്തതായും 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.
Summary: Muslim leaders to hold mahapanchayat on June 18 over targeting of the community in Uttarkashi's Purola, in Uttarakhand
Adjust Story Font
16