Quantcast

മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ല: 'ഗാന്ധി വധ'വുമായി സവർക്കറുടെ കൊച്ചുമകന്‍

ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്ന് രഞ്ജിത്ത് സവർക്കർ

MediaOne Logo

Web Desk

  • Updated:

    29 Aug 2022 12:31 PM

Published:

13 Oct 2021 1:16 PM

മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ല: ഗാന്ധി വധവുമായി സവർക്കറുടെ കൊച്ചുമകന്‍
X

ഗാന്ധി നിന്ദയുമായി സവർക്കറുടെ കൊച്ചുമകന്‍ രഞ്ജിത്ത് സവർക്കർ രംഗത്ത്. മഹാത്മാഗാന്ധിയെ താൻ രാഷ്ട്രപിതാവായി കാണുന്നില്ല. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടത്. വിസ്മരിക്കപ്പെട്ട ആയിരങ്ങൾ ഈ രാജ്യത്തുണ്ട്. രാജ്യത്തിന് 50 വര്‍ഷത്തെ പഴക്കമല്ല 500 വര്‍ഷത്തെ പഴക്കമുണ്ടെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു. വളച്ചൊടിച്ചാണ് ചരിത്രസംഭവങ്ങളെ ബിജെപി അവതരിപ്പിക്കുന്നതെന്നും ഇങ്ങനെപോയാല്‍ സവര്‍ക്കറെ ബിജെപി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്നുമുള്ള എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുമായിരുന്നു രഞ്ജിത് സവര്‍ക്കര്‍.

ആന്‍ഡമാന്‍ ജയിലില്‍നിന്നു മോചിതനാവാനായി വി.ഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാരോടു മാപ്പ് ചോദിച്ചത് മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നേരത്തെ പറയുകയുണ്ടായി. സവര്‍ക്കറുടെ മോചനത്തിനു ഗാന്ധിജി ശിപാര്‍ശ ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉദയ് മഹുര്‍ക്കര്‍, ചിരായു പണ്ഡിറ്റ് എന്നിവര്‍ ചേര്‍ന്നു രചിച്ച 'വീര സവര്‍ക്കര്‍- ദ് മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു രാജ്‌നാഥ് സിങ്. ആര്‍എസ്എസ് അധ്യക്ഷന്‍ ഡോ. മോഹന്‍ ഭാഗവത് പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വഹിച്ചു.

രാജ്‌നാഥ് സിങിന്‍റെ പരാമശത്തെ തള്ളി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തുവന്നു. സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പു ചോദിച്ചിട്ടില്ലെന്നാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. സ്വാതന്ത്ര്യ സമരകാലത്ത് ദീര്‍ഘകാലം ജയിലില്‍ കിടന്നവര്‍ പുറത്തുവരാന്‍ പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ജയിലില്‍ തന്നെ തുടരുകയല്ല, എങ്ങനെയെങ്കിലും പുറത്തുവരികയെന്നതാണ് ആ തന്ത്രങ്ങളുടെയൊക്കെ അടിസ്ഥാനം. രാഷ്ട്രീയത്തടവുകാര്‍ ഇത്തരം തന്ത്രങ്ങള്‍ സ്വീകരിക്കുന്നതു പതിവാണെന്നും ശിവസേനാ നേതാവ് അവകാശപ്പെട്ടു.



TAGS :

Next Story