അനുമതി ലഭിച്ചില്ല; വി20യുടെ അവസാന ദിന പരിപാടികൾ റദ്ദാക്കി
ഗതാഗത തടസ്സങ്ങൾ ഉൾപ്പടെയുണ്ടാകുമെന്നും പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളുടെ പേരുവിവരങ്ങൾ നൽകിയില്ലെന്നുമായിരുന്നു പൊലീസിന്റെ വാദം
ന്യൂഡൽഹി: ഡൽഹി സുർജിത് ഭവനിൽ നടക്കുന്ന വി20യുടെ അവസാന ദിന പരിപാടികൾ റദ്ദാക്കി. അനുമതിയില്ലെന്ന് പറഞ്ഞ് ഡൽഹി പൊലീസ് ഇന്നലെ പരിപാടി തടഞ്ഞിരുന്നു.
ജി20 ക്ക് എതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ ആണ് സിപിഎം പഠന കേന്ദ്രമായ ഹർകിഷൻ സിംഗ് സുർജിത്ത് സിംഗ് ഭവനിൽ വിവിധ സംഘടനകൾ ത്രിദിന സെമിനാർ സംഘടിപ്പിച്ചത്.. എന്നാൽ രണ്ടാം ദിനമായ ഇന്നലെ പൊലീസെത്തി പരിപാടി തടഞ്ഞു. ഇതിനു ശേഷം ഇന്നത്തെ പരിപാടിക്ക് വേണ്ടി സംഘാടകർ അനുമതി തേടിയെങ്കിലും ഡൽഹി പൊലീസ് നിഷേധിക്കുകയായിരുന്നു.
ഗതാഗത തടസ്സങ്ങൾ ഉൾപ്പടെയുണ്ടാകുമെന്നും പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളുടെ പേരുവിവരങ്ങൾ നൽകിയില്ലെന്നുമായിരുന്നു പൊലീസിന്റെ വാദം. ഇതിനെ തുടർന്ന് അധികൃതർ വി20 അവസാന ദിനമായ ഇന്നത്തെ പരിപാടികൾ റദ്ദാക്കുകയായിരുന്നു. എന്നാൽ മൈക്ക് പോലുമുപയോഗിക്കാതെ അകത്ത് നടത്തുന്ന പരിപാടി ആണ് സംഘടിപ്പിച്ചതെന്നും അതിനെതിരെയാണ് പൊലീസ് നടപടിയെന്നും വൻ വിമർശനമാണുയരുന്നത്.
ഇന്നലെ സുർജീത് ഭവന്റെ ഗേറ്റ് പൂട്ടിയ പൊലീസ് ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്, മേധാ പട്കർ ഉൾപ്പടെ സെമിനാറിൽ പങ്കെടുക്കാനെത്തിയവരെ വലിയ വാക്കുതർക്കങ്ങൾക്കൊടുവിലാണ് ഗേറ്റിന് പുറത്തെത്തിച്ചത്.
Adjust Story Font
16