ബീഫ് സമൂസ വിറ്റതിന് വഡോദരയിൽ ഹോട്ടൽ ഉടമകൾ അറസ്റ്റിൽ
ഹോട്ടൽ ഉടമകളായ യൂസുഫ് ശൈഖ്, നഈം ശൈഖ് എന്നിവരെയും നാല് ജോലിക്കാരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വഡോദര: ബീഫ് സമൂസ വിറ്റതിന് വഡോദരയിൽ ഹോട്ടൽ ഉടമകൾ അറസ്റ്റിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഹുസൈനി സമൂസ സെന്ററിൽ നടത്തിയ റെയ്ഡിൽ 113 കിലോ ഇറച്ചി പിടിച്ചെടുത്തു. ഫൊറൻസിക് പരിശോധനയിൽ ഇത് പശു ഇറച്ചിയാണെന്ന് കണ്ടെത്തിയതായി ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമകളായ യൂസുഫ് ശൈഖ്, നഈം ശൈഖ് എന്നിവരെയും നാല് ജോലിക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബീഫ് സപ്ലൈ ചെയ്ത ഇംറാൻ ഖുറൈശിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
''ഒരു വീട്ടിൽ പശുവിന്റെ ഇറച്ചി ഉപയോഗിച്ചുള്ള സമൂസ വിൽക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ 61 കിലോ സമൂസ, 113 കിലോ ബീഫ്, 152 കിലോ സമൂസ നിർമാണത്തിനുള്ള വസ്തുക്കളും കണ്ടെത്തി. ഫൊറൻസിക് പരിശോധനയിൽ ഇത് പശു ഇറച്ചിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്''-വഡോദര ഡി.സി.പി പന്ന മമോയ പറഞ്ഞു.
ഹോട്ടൽ ഉടമകൾക്ക് മുൻസിപ്പൽ കോർപ്പറേഷന്റെയോ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റിന്റെയോ അംഗീകാരമില്ലെന്ന് പൊലീസ് പറഞ്ഞു. 2017ൽ ഭേദഗതി ചെയ്ത ഗുജറാത്ത് മൃഗസംരക്ഷണ നിയമപ്രകാരം പശുവിനെ കൊല്ലുന്നവർക്ക് ജീവപര്യന്തം തടവും 1-5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
Adjust Story Font
16