വന്ദേഭാരതിന് കാവിനിറം: നിറംമാറ്റത്തിൽ രാഷ്ട്രീയമില്ല, 100% ശാസ്ത്രചിന്തയെന്ന് റെയിൽവേ മന്ത്രി
യൂറോപ്പിലെല്ലാം 80 ശതമാനം ട്രെയിനുകളും ഒന്നുകിൽ ഓറഞ്ച് നിറത്തിലോ അല്ലെങ്കിൽ മഞ്ഞയും ഓറഞ്ചും കലർന്ന നിറത്തിലോ ആണുള്ളതെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: കാവി നിറത്തിലുള്ള വന്ദേഭാരതിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ വിശദീകരണവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിനിന്റെ നിറം മാറ്റിയതിൽ ഒരു രാഷ്ട്രീയവുമില്ലെന്നും നൂറുശതമാനം ശാസ്ത്രചിന്തയാണ് അതിനു പിന്നിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമപ്രവർത്തകരോടാണു മന്ത്രിയുടെ പ്രതികരണം.
മനുഷ്യരുടെ കണ്ണിനു കൂടുതൽ ദൃശ്യത നൽകുന്ന രണ്ടു നിറങ്ങളാണ് മഞ്ഞയും ഓറഞ്ചുമെന്ന് അശ്വിനി പറഞ്ഞു. യൂറോപ്പിലെല്ലാം 80 ശതമാനം ട്രെയിനുകളും ഒന്നുകിൽ ഓറഞ്ച് നിറത്തിലോ അല്ലെങ്കിൽ മഞ്ഞയും ഓറഞ്ചും കലർന്ന നിറത്തിലോ ആണുള്ളത്. വെള്ളി നിറം പോലെ മഞ്ഞയെപ്പോലെ തിളങ്ങുന്ന വേറെയും ഒരുപാട് നിറങ്ങളുണ്ട്. എന്നാൽ, ആളുകളുടെ കാഴ്ച പരിഗണിക്കുകയാണെങ്കിൽ ഈ രണ്ടു നിറങ്ങൾ പരിഗണിക്കുന്നതാണ് ഏറ്റവും നല്ലതെന്നും മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു.
നിറംമാറ്റത്തിനു പിന്നിൽ ഒരു രാഷ്ട്രീയവുമില്ല. നൂറുശതമാനം ശാസ്ത്രചിന്തയാണ് അതിനുപിന്നിലുള്ളത്. ഇതുകൊണ്ടാണ് വിമാനത്തിലെയും കപ്പലുകളിലെയും ബ്ലാക്ക്‌ബോക്‌സുകൾ ഓറഞ്ചുനിറത്തിലുള്ളത്. ദേശീയ ദുരന്ത നിവാരണ സേന ഉപയോഗിക്കുന്ന റെസ്‌ക്യൂ ബോട്ടുകളും ലൈഫ് ജാക്കറ്റുകൾ വരെ ഓറഞ്ച് നിറത്തിലുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 24നാണ് ഓറഞ്ച് നിറത്തിലുള്ള ആദ്യത്തെ വന്ദേഭാരത് അവതരിപ്പിച്ചത്. കാസർകോട്-തിരുവനന്തപുരം റൂട്ടിലാണ് ട്രെയിൻ ഓടുന്നത്. സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ്ഓഫ് ചെയ്ത എട്ട് വന്ദേഭാരത് ട്രെയിനുകളിലൊന്നാണിത്.
Summary: On orange Vande Bharat trains, Railway Minister says no politics, 100% science
Adjust Story Font
16