ടീപ്പോയിൽ തലയിടിച്ച് വീണു: വാണി ജയറാമിന്റെ മരണകാരണം തലയിലെ മുറിവെന്ന് നിഗമനം
പൊലീസെത്തി വീട് തുറന്നപ്പോഴാണ് തറയിൽ കിടക്കുന്ന രീതിയിൽ വാണി ജയറാമിനെ കണ്ടെത്തിയത്
ചെന്നൈ: പിന്നണി ഗായിക വാണി ജയറാമിന്റെ മരണകാരണം തലയിലുണ്ടായ മുറിവെന്ന് നിഗമനം. ടീപ്പോയിൽ തലയിടിച്ചു വീണ് അബോധാവസ്ഥയിലായ നിലയിലാണ് ഗായികയെ വീടിനുള്ളിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് ജയറാമിന്റെ വിയോഗശേഷം ചെന്നൈയിലെ വസതിയിൽ തനിച്ചായിരുന്നു വാണി ജയറാമിന്റെ താമസം. ഇന്ന് രാവിലെ വീട്ടുജോലിക്കാരിയെത്തി വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് പൊലീസെത്തി വീട് തുറന്നപ്പോഴാണ് തറയിൽ കിടക്കുന്ന രീതിയിൽ വാണി ജയറാമിനെ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ചലച്ചിത്ര രംഗത്തെ നിരവധി പേർ മരണത്തിൽ അനുശോചനമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കുടുംബത്തിലെ ഒരാൾ നഷ്ടപ്പെട്ടു എന്നാണ് വിയോഗ വാർത്തയോട് ഗായകൻ എം.ജി ശ്രീകുമാർ പ്രതികരിച്ചത്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ കുടുംബാംഗങ്ങൾ പുറത്തുവിട്ടിട്ടില്ല.
എട്ടാം വയസ്സിൽ ആകാശവാണിയിൽ ആദ്യ ഗാനം ആലപിച്ചാണ് വാണി ജയറാം സംഗീതലോകത്ത് ചുവടു വയ്ക്കുന്നത്. തുടർന്ന് മലയാളം, കന്നഡ, തെലുഗു, മറാത്തി, ഹിന്ദി ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകൾ പാടി. ഏഴുസ്വരങ്ങൾ(1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നീ ചിത്രങ്ങളിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ വാണി ജയറാമിനെ തേടിയെത്തി. ഈ വർഷം പത്മഭൂഷൺ നൽകിയും രാജ്യം ആദരിച്ചിരുന്നു.
'സ്വപ്‌നം' എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിൽ അവതരിപ്പിക്കുന്നത്. ഈ സിനിമയിലെ 'സൗരയുഥത്തിൽ വിടർന്നൊരു കല്യാണ' എന്ന ഗാനം ഏറെ ശ്രദ്ധനേടിയതോടെ വാണി ജയറാം എന്ന ഗായികയെ മലയാള സിനിമ ഏറ്റെടുത്തു.
1971ൽ പുറത്തിറങ്ങിയ ഗുഡ്ഡി എന്ന ചിത്രത്തിലെ ബോലേ രേ പപ്പി എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തിയാർജിക്കുന്നത്. ഗുഡ്ഡിയിലെ ഗാനത്തിന് അഞ്ച് അവാർഡുകൾ വാണി ജയറാമിനെ തേടിയെത്തി.1974ൽ ചെന്നൈയിലേക്ക് താമസം മാറിയതോടെ ദക്ഷിണേന്ത്യൻ സിനിമകളിലും സജീവമായി.
Adjust Story Font
16