Quantcast

വരാണസി ഐഐടി കൂട്ടബലാത്സംഗ കേസ്: അറസ്റ്റിലായ ബിജെപി പ്രവർത്തകരെ പുറത്താക്കിയെന്ന് പാർട്ടി

രണ്ട് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതികൾ അറസ്റ്റിലായതിന് പിന്നാലെയാണ് പാർട്ടി നടപടി.

MediaOne Logo

Web Desk

  • Published:

    1 Jan 2024 3:22 PM GMT

varanasi iit gang rape case bjp says arrested workers expelled from party
X

വരാണസി: ബനാറസ് ഐഐടിയിലെ കൂട്ടബലാത്സംഗ കേസിൽ പ്രതികളായ ബിജെപി പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ബി.ടെക് വിദ്യാർഥിനിയെ തോക്ക് ചൂണ്ടി കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ ബിജെപി ഐ.ടി സെൽ പ്രവർത്തകരായ രണ്ട് പേർ ഉൾപ്പെടെ മൂന്നു പേരാണ് ശനിയാഴ്ച അറസ്റ്റിലായത്.

മൂവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് ഹൻസ്‍രാജ് വിശ്വകർമ അറിയിച്ചു. രണ്ട് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതികൾ അറസ്റ്റിലായതിന് പിന്നാലെയാണ് പാർട്ടി നടപടി. പ്രതികൾ വഹിച്ചിരുന്ന പദവികൾ എന്തൊക്കെയാണെന്ന് പറയാതിരുന്ന ജില്ലാ പ്രസിഡന്റ്, തുടർനടപടികൾ പാർട്ടി നേതാക്കളുടെ അഭിപ്രായം തേടിയ ശേഷം തീരുമാനിക്കുമെന്നും വ്യക്തമാക്കി.

ബിജെപി ഐ.ടി സെൽ വരാണസി മെട്രോപോളിറ്റൻ കോഡിനേറ്റർ കുനാൽ പാണ്ഡെ, സഹ കൺവീനർ സാക്ഷാം പ​ട്ടേൽ, ആനന്ദ് എന്ന അഭിഷേക് ചൗഹാൻ എന്നിവരാണ് പിടിയിലായത്. ഇവർ ഉപയോഗിച്ച ബൈക്കും കണ്ടെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

നവംബർ ഒന്നിന് പുലർച്ചെ 1.30നായിരുന്നു സംഭവം. കാമ്പസിലെ ഗാന്ധി സ്മൃതി ഹോസ്റ്റലിന് സമീപം സുഹൃത്തുമായി സംസാരിക്കുകയായിരുന്നു ​വിദ്യാർഥിനി. ഇതിനിടെ ബൈക്കിലെത്തിയ സംഘം സുഹൃത്തിനെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ച ശേഷം പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു. ശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വസ്ത്രം അഴിപ്പിക്കുകയും കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ പകർത്തുകയുമായിരുന്നു. വിദ്യാർഥിനിയുടെ ഫോണും സംഘം പിടിച്ചുവാങ്ങി.

പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധവുമായി രം​ഗത്തിറങ്ങിയിരുന്നു. കാമ്പസിലെ 170ഓളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. മുതിർന്ന ബിജെപി നേതാക്കളാണ് പ്രതികളെ ഇതുവരെ സംരക്ഷിച്ചതെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്തെത്തിയിരുന്നു.

TAGS :

Next Story