Quantcast

വോട്ടിംഗ് യന്ത്രങ്ങള്‍ കടത്തുന്നു; വോട്ടെണ്ണല്‍ മന്ദഗതിയിലാക്കാനും നീക്കമെന്ന് അഖിലേഷ് യാദവ്

ട്രക്കില്‍ സൂക്ഷിച്ചിരുന്ന യന്ത്രങ്ങള്‍ വോട്ടെണ്ണുന്നതിന് രണ്ട് ദിവസം മുമ്പാണ് പുറത്തെടുത്തതെന്നണ് ആരോപണം

MediaOne Logo

Web Desk

  • Updated:

    2022-03-09 02:54:55.0

Published:

9 March 2022 2:47 AM GMT

വോട്ടിംഗ് യന്ത്രങ്ങള്‍ കടത്തുന്നു; വോട്ടെണ്ണല്‍ മന്ദഗതിയിലാക്കാനും നീക്കമെന്ന് അഖിലേഷ് യാദവ്
X

വാരാണസിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ കടത്തുവെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പരാജയപ്പെടാന്‍ സാധ്യതയുള്ള മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മന്ദഗതിയിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അഖിലേഷ് ആരോപിച്ചു.

ട്രക്കില്‍ സൂക്ഷിച്ചിരുന്ന യന്ത്രങ്ങള്‍ വോട്ടെണ്ണുന്നതിന് രണ്ട് ദിവസം മുമ്പാണ് പുറത്തെടുത്തതെന്നണ് ആരോപണം. ഇതിന്‍റേതെന്ന് കരുതുന്ന ദ്യശ്യങ്ങള്‍ സമാജ്‍വാദി പാര്‍ട്ടി അനുയായികള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, പരിശീലന ആവശ്യങ്ങള്‍ക്കാണ് ഈ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നതെന്നും അവ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നില്ലെന്നും വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ''ചില രാഷ്ട്രീയ പാർട്ടികള്‍ കിംവദന്തികൾ പ്രചരിപ്പിക്കുന്നു. തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇവിഎമ്മുകൾ എല്ലാം സി.ആർ.പി.എഫിന്‍റെ കൈവശമുള്ള സ്‌ട്രോങ് റൂമിൽ അടച്ചിരിക്കുകയാണ്. സിസി ടിവി നിരീക്ഷണത്തിലാണ് അത്. മാണ്ഡി വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്റ്റോറേജ് ഏരിയയിൽ നിന്ന് പ്രാദേശിക കോളേജിലേക്കാണ് ഇവിഎമ്മുകൾ കൊണ്ടുപോയത്'' ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ പറഞ്ഞു. രണ്ടോ മൂന്നോ വാഹനങ്ങളിലാണ് കടത്തിയതെന്ന് ചിലർ പറഞ്ഞു. എന്നാൽ ഇവിടെയും ക്യാമ്പസിലുടനീളം സിസി ടിവി ഉണ്ട്. ആർക്കും അത് (ഫൂട്ടേജ്) പരിശോധിക്കാം, അതിനാൽ ഈ വിഷയം ഇവിടെ അവസാനിക്കുന്നു'' കൗശല്‍ രാജ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ ഈ അവകാശവാദങ്ങളെ അഖിലേഷ് ശക്തമായി എതിര്‍ത്തു. സംശയാസ്പദമായ പ്രവർത്തനങ്ങളൊന്നും നടന്നില്ലെങ്കിൽ, ഇവിഎമ്മുകളുള്ള രണ്ട് ട്രക്കുകൾ എങ്ങനെയാണ് രക്ഷപ്പെട്ടത്? സ്ഥാനാർത്ഥികളുടെ സമ്മതമില്ലാതെ നിങ്ങൾക്ക് എവിടെയും ഇവിഎമ്മുകൾ നീക്കാൻ കഴിയില്ലെന്നും അഖിലേഷ് പറഞ്ഞു. 2017-ൽ 50ഓളം സീറ്റുകളിൽ ബി.ജെ.പിയുടെ വിജയമാർജിൻ 5000ത്തിൽ താഴെ മാത്രമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS :

Next Story