ഗ്യാൻവാപി മസ്ജിദ് കേസിൽ യു.പിയിലെ പരിചയ സമ്പന്നനായ ജഡ്ജി വാദം കേൾക്കണമെന്ന് സുപ്രിംകോടതി
വാരാണസി കോടതിയിലെ മുഴുവൻ ഹരജികളും ജില്ലാ കോടതിയിലേക്ക് മാറ്റാനാണ് ഇന്ന് സുപ്രിംകോടതി ഉത്തരവിട്ടത്. സുപ്രിംകോടതി തീരുമാനം വരുന്നത് വരെ സിവിൽ കോടതി നടപടിക്കുള്ള സ്റ്റേ തുടരുക, കേസ് ജില്ലാ കോടതിക്ക് വിടുക എന്നീ നിർദേശങ്ങളാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നോട്ടുവെച്ചത്.
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് കേസിൽ യു.പി ജുഡീഷ്യൽ സർവീസിലെ പരിചയ സമ്പന്നനായ ജഡ്ജി വാദം കേൾക്കണമെന്ന് സുപ്രികോടതി. മസ്ജിദുമായി ബന്ധപ്പെട്ട് വാരാണസി കോടതിയിലെ മുഴുവൻ ഹരജികളും ജില്ലാ കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം. സന്തുലിതമായും സംയമനത്തോടെയും കേസ് പരിഗണിക്കാൻ പരിചയസമ്പന്നനായ ഒരാൾ വാദം കേൾക്കുന്നതായിരിക്കും നല്ലതെന്ന് കോടതി പറഞ്ഞു.
''വിഷയത്തിന്റെ സങ്കീർണതയും വൈകാരികതയും പരിഗണിച്ച് ഹരജി വാരാണസിയിലെ പരിചയസമ്പന്നനായ മുതിർന്ന ജുഡീഷ്യൽ ഓഫീസർ വാദം കേൾക്കുന്നതാണ് നല്ലത്''- കോടതി ഉത്തരവിൽ പറഞ്ഞു. സമുദായങ്ങൾ തമ്മിലുള്ള ഐക്യത്തിനും സമാധാനത്തിനുമാണ് പ്രധാന്യം നൽകുന്നതെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
പള്ളിയിൽ നടത്തുന്ന വീഡിയോ സർവേക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. ഗ്യാൻവാപി പള്ളിയുടെ പടിഞ്ഞാറൻ മതിലിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ നിത്യാരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ നൽകിയ ഹരജിയിലാണ് സർവേ നടത്തി വീഡിയോ പകർത്താൻ വാരാണസി കോടതി ഉത്തരവിട്ടത്. മെയ് ആറിനാണ് സർവേ ആരംഭിച്ചത്. സർവേക്കിടെ പള്ളിയുടെ കുളത്തിൽനിന്ന് ശിവലിംഗം കണ്ടെത്തിയെന്നാണ് ഹരജിക്കാരുടെ അഭിഭാഷകൻ അവകാശപ്പെട്ടത്.
വാരാണസി കോടതിയിലെ മുഴുവൻ ഹരജികളും ജില്ലാ കോടതിയിലേക്ക് മാറ്റാനാണ് ഇന്ന് സുപ്രിംകോടതി ഉത്തരവിട്ടത്. സുപ്രിംകോടതി തീരുമാനം വരുന്നത് വരെ സിവിൽ കോടതി നടപടിക്കുള്ള സ്റ്റേ തുടരുക, കേസ് ജില്ലാ കോടതിക്ക് വിടുക എന്നീ നിർദേശങ്ങളാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നോട്ടുവെച്ചത്.
ഹരജിയിൽ തീരുമാനമുണ്ടാവുന്നത് വരെ മെയ് 17ലെ ഇടക്കാല ഉത്തരവ് തുടരട്ടെയെന്നും ഒരു വിഭാഗത്തെ മാത്രം അനുകൂലിച്ചുള്ള തീരുമാനം എടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്ത് സുരക്ഷ ഉറപ്പാക്കുക, മുസ്‌ലിംകൾക്ക് ആരാധനക്കുള്ള സൗകര്യമൊരുക്കുക എന്നിവയാണ് ഇടക്കാല ഉത്തരവിൽ സുപ്രിംകോടതി നിർദേശിച്ചിരിക്കുന്നത്.
Adjust Story Font
16