Quantcast

'പ്രതിഷേധക്കാരെ കൊല ചെയ്ത് നിശ്ശബ്ദമാക്കാനാകില്ല'; മുന്നറിയിപ്പുമായി വരുൺ ഗാന്ധി

രണ്ടാം തവണയാണ് വരുൺ ഗാന്ധി ലഖിംപൂര്‍ ഖേരി സംഭവത്തില്‍ വീഡിയോ പങ്കുവയ്ക്കുന്നത്.

MediaOne Logo

abs

  • Published:

    7 Oct 2021 5:21 AM GMT

പ്രതിഷേധക്കാരെ കൊല ചെയ്ത് നിശ്ശബ്ദമാക്കാനാകില്ല; മുന്നറിയിപ്പുമായി വരുൺ ഗാന്ധി
X

ലഖ്‌നൗ: ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപി ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ വീണ്ടും പ്രതിരോധത്തിലാക്കി വരുൺ ഗാന്ധി എം.പി. പ്രതിഷേധക്കാരെ കൊല ചെയ്ത് നിശ്ശബ്ദമാക്കാനാകില്ല എന്ന് വരുൺ ഗാന്ധി തുറന്നടിച്ചു. പ്രതിഷേധക്കാർക്കിടയിലേക്ക് വാഹനമിടിച്ചു കയറ്റുന്നതിന്റെ വീഡിയോ പങ്കുവച്ചാണ് പിലിഭിത്ത് എംപിയുടെ പ്രതികരണം. ഇത് രണ്ടാം തവണയാണ് വരുൺ ഗാന്ധി ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

'ഇത് സുവ്യക്തമാണ്. പ്രതിഷേധക്കാരെ കൊല ചെയ്ത് നിശ്ശബ്ദമാക്കാനാകില്ല. ക്രൂരതയും അഹന്തയും പ്രതിഫലിക്കുന്ന ഈ ദൃശ്യങ്ങൾ ഓരോ കർഷകന്റെയും മനസ്സിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് നിരപരാധികളായ കർഷകരുടെ ചോര വീഴ്ത്തിയവർ ഉത്തരവാദിത്തം ഏൽക്കണം. അവർക്ക് നീതി ലഭ്യമാകണം.'- വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ബിജെപിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രതിക്കൂട്ടിൽ നിൽക്കുന്ന സംഭവത്തിലാണ് എംപിയുടെ രൂക്ഷമായ പരാമർശങ്ങൾ.

ഉത്തരവാദികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് നേരത്തെ വരുൺഗാന്ധി രംഗത്തെത്തിയിരുന്നു. 'ലഖിംപൂർ ഖേരിയിൽ കർഷകരുടെ ഇടയിലേക്ക് ബോധപൂർവം വാഹനം ഇടിച്ചുകയറ്റുന്ന ഈ ദൃശ്യം ആരുടെയും ഉള്ളുലയ്ക്കും. പൊലീസ് ഈ വീഡിയോ ശ്രദ്ധിക്കുക. ഈ വാഹനങ്ങളുടെ ഉടമകളെയും അവയിൽ ഇരിക്കുന്നവരെയും ഈ കേസിൽ ഉൾപ്പെട്ട മറ്റ് ആളുകളെയും ഉടൻ അറസ്റ്റ് ചെയ്യണം'- എന്നായിരുന്നു വരുണിന്റെ ട്വീറ്റ്.

കർഷകർ വാഹനത്തിലുള്ളവർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും ഇതോടെ നിയന്ത്രണം വിട്ടതാണെന്നുമുള്ള കേന്ദ്രമന്ത്രി അജയ് മിശ്രയുടെ അവകാശവാദം തെറ്റാണെന്ന തെളിയിക്കുന്നതാണ് പുറത്തുവന്ന പുതിയ വീഡിയോ. സമാധാനപരമായി മുന്നോട്ട് പോകുകയായിരുന്ന കർഷക പ്രതിഷേധത്തിലേക്ക് അതിവേഗതയിലെത്തിയ കറുത്ത നിറത്തിലുള്ള മഹീന്ദ്ര ഥാർ ഇടിച്ചുകയറ്റുന്നതാണ് വീഡിയോയിലുള്ളത്.

അതിനിടെ, കർഷകരുടെ കൊലപാതകത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കൊലപാതകത്തിനു പിന്നാലെ സുപ്രീം കോടതി മേൽ നോട്ടത്തിൽ ഉന്നതതല അന്വേഷണം വെണമെന്നാവശ്യപ്പെട്ട് യുപിയിലെ രണ്ട് അഭിഭാഷകർ ഹരജി നൽകിയിരുന്നു. ഇതിനു പുറമെയാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. കേസിൽ യുപി സർക്കാറിൻറെ വിശദീകരണം കോടതി തേടിയേക്കും. കർഷകരുടെ കൊലപാതകത്തിൽ രാജ്യ വ്യാപക പ്രതിഷേധം നടക്കുന്നതിനിടയിലാണ് കോടതിയുടെ ഇടപെടൽ.

ഞായറാഴ്ച വൈകീട്ടാണ് ലഖിംപൂർ ഖേരിയിൽ പ്രതിഷേധ സമരം നടത്തിയ കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ വാഹനം ഓടിച്ചുകയറ്റിയത്. നാല് കർഷകർ ഉൾപ്പെടെ എട്ടുപേരാണ് ഇതിൽ കൊല്ലപ്പെട്ടത്. വാഹനമോടിച്ചത് അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണെന്നാണ് കർഷകർ ആരോപിക്കുന്നത്. അദ്ദേഹത്തിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല.

TAGS :

Next Story