Quantcast

'വെടിയേറ്റ വേദികയുമായി ബി.ജെ.പി നേതാവ് ഏഴു മണിക്കൂർ കാറിൽ കറങ്ങി'; കൊലപാതകത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ജബൽപൂരിലുള്ള കമ്പനി ഓഫിസിൽ വച്ചാണ് വേദികയ്ക്ക് വെടിയേല്‍ക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-06-27 11:35:21.0

Published:

27 Jun 2023 9:54 AM GMT

Vedika Thakur murder case-accused BJP leader Priyansh Vishwakarma
X

ഭോപ്പാൽ: 26കാരിയായ എം.ബി.എ വിദ്യാർത്ഥി വേദിക താക്കൂറിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെടിവച്ച ശേഷം വേദികയുമായി കുറ്റാരോപിതനായ ബി.ജെ.പി നേതാവ് പ്രിയൻഷ് വിശ്വകർമ ഏഴു മണിക്കൂറോളം കാറിൽ നഗരം ചുറ്റിക്കറങ്ങിയതായി റിപ്പോർട്ട്. തെളിവുകൾ നശിപ്പിക്കാൻ ഇയാൾ ശ്രമിച്ചതായും വിവരമുണ്ട്.

കഴിഞ്ഞ ജൂൺ 16നാണ് ജബൽപൂരിലുള്ള പ്രിയൻഷിന്റെ നിർമാണ കമ്പനി ഓഫിസിൽ വച്ച് വെടിയേൽക്കുന്നത്. സംഭവത്തില്‍ ഗുരുതരാവസ്ഥയിലായിരുന്ന യുവതി പത്തു ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ജീവനുമായി മല്ലടിക്കുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസമാണ് അവർ മരണത്തിനു കീഴടങ്ങുന്നത്.

സംഭവത്തിനു പിന്നാലെ ജൂൺ 19ന് നഗരത്തിലെ പ്രമുഖ ബി.ജെ.പി നേതാവായ പ്രിയൻഷ് പൊലീസിന്റെ പിടിയിലായി. ആദ്യം കൊലപാതകശ്രമക്കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് ജയിലിലടച്ചത്. പിന്നീട് വേദികയുടെ മരണത്തോടെ കൊലക്കുറ്റവും ചുമത്തി.

വേദികയും സുഹൃത്ത് പായലുമാണ് സംഭവദിവസം പ്രിയൻഷിന്റെ ഓഫിസിലെത്തിയത്. ഉച്ചയ്ക്ക് 12.30നും ഒരു മണിക്കും ഇടയിലാണ് വെടിയേൽക്കുന്നതെന്ന് വേദികയുടെ അമ്മാവൻ അശോക് താക്കൂർ പറഞ്ഞു. സംഭവത്തിനുശേഷം പായലിനെ കാണാനില്ല. ഇതുവരെയും യുവാവിനെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

വെടിവച്ച ശേഷം വേദികയുമായി വൈകീട്ട് ആറു മണി വരെ നഗരത്തിൽ കാറിൽ കറങ്ങിനടന്നതായി വ്യക്തമായിട്ടുണ്ടെന്ന് അശോക് പറഞ്ഞു. ശേഷം സുഹൃത്തിന്റെ ആശുപത്രിയിൽ പെൺകുട്ടിയെ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നു. ഓഫിസിലെ സി.സി.ടി.വിയുടെ ഡി.വി.ആർ എടുത്താണ് ഇയാൾ മുങ്ങിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രിയൻഷെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. പാർട്ടി എം.എൽ.എമാർക്കൊപ്പം പ്രിയൻഷ് നിൽക്കുന്ന ചിത്രങ്ങളടങ്ങിയ നഗരത്തിലുടനീളം പതിച്ച പോസ്റ്ററുകളും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ ഇയാളെ തള്ളിപ്പറയുന്നതിൽ അർത്ഥമില്ലെന്നും കുടുംബം പറയുന്നു.

പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കിടെ വേദികയുടെ ശരീരത്തിൽനിന്ന് കണ്ടെത്തിയ ബുള്ളറ്റ് പൊലീസ് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രിയൻഷിൽനിന്ന് പിടിച്ചെടുത്ത തോക്കിൽനിന്ന് തന്നെയാണോ വെടിയേറ്റതെന്ന് ഫോറൻസിക് സംഘം പരിശോധിക്കും.

Summary: BJP leader Priyansh Vishwakarma drove his car with Vedika Thakur for 7 hours after shooting her

TAGS :

Next Story