അടിച്ചുമാറ്റാമെന്ന് കരുതേണ്ട..! തക്കാളിക്ക് സെക്യൂരിറ്റിക്കാരെ നിയമിച്ച് പച്ചക്കറി കച്ചവടക്കാരൻ-വീഡിയോ
മൊബൈൽ ഫോൺ വാങ്ങിയാൽ രണ്ടുകിലോ തക്കാളി സൗജന്യമായി നൽകുമെന്നാണ് ഒരു കടയിലെ ഓഫര്‍
വാരണാസി: രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയരുകയാണ്. കിലോക്ക് പലയിടത്തും നൂറ് രൂപ കടന്നിട്ടുണ്ട്. ചിലയിടങ്ങളിൽ കിലോക്ക് 200 രൂപക്കും മുകളിലാണ് വില. വില കൂടിയതോടെ വൻ ഡിമാന്റാണ് തക്കാളിക്ക്. പലപ്പോഴായി കടയിൽ നിന്ന് തക്കാളി മോഷണം പോയതോടെ അത് തടയാന്‍ വ്യത്യസ്തമായ വഴി സ്വീകരിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ വാരണാസിയിലെ പച്ചക്കറിക്കച്ചവടക്കാരൻ.
ആളുകൾ പലപ്പോഴും കടയിൽ നിന്ന് തക്കാളി മോഷ്ടിക്കുകയാണ്. ഇത് തടയാനായി കുറച്ച് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചെന്ന് അജയ് ഫൗജിയെന്ന കച്ചവടക്കാരൻ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ആളുകൾ കടയിലേക്ക് തള്ളിക്കയറുകയും ആ ബഹളത്തിനിടയിൽ തക്കാളി കൈക്കലാക്കുകയും ചെയ്യുകയാണെന്നാണ് ഇദ്ദേഹത്തിന്റെ പരാതി. സെക്യൂരിറ്റി ജീവനക്കാരെ വെച്ചതോടെ പേടികൂടാതെ കച്ചവടം നടത്താൻ കഴിയുന്നുണ്ട്. തക്കാളി കിലോയ്ക്ക് 160 രൂപയ്ക്കാണ് വിൽക്കുന്നത്. ആളുകൾ 50 ഗ്രാമും 100 ഗ്രാമുമെല്ലാമാണ് വാങ്ങുന്നത്. കടക്കാരന്‍ പിടിഐയോട് പറഞ്ഞു.
അതേസമയം, വില നൂറ് കടന്നതോടെ തക്കാളിയുടെ വില കുതിച്ചുയർന്നതോടെ വമ്പൻ ഓഫറുകളുമായാണ് കച്ചവടസ്ഥാപനങ്ങൾ മുന്നോട്ട് വന്നിട്ടുള്ളത്. മധ്യപ്രദേശിലെ അശോക് നഗറിൽ ഒരു മൊബൈൽ ഫോൺ വാങ്ങിയാൽ രണ്ടുകിലോ തക്കാളി സൗജന്യമായി നൽകുമെന്നാണ് ഒരു കച്ചവടക്കാരന്റെ 'വെറൈറ്റി ഓഫർ'.
'മൊബൈൽ ഫോൺ വിപണയിൽ മത്സരം കടുത്തതാണ്. അതുകൊണ്ട് തന്നെ ഫോൺ വാങ്ങാനെത്തുന്നവർക്ക് എന്തെങ്കിലും 'വിലപിടിപ്പുള്ള സമ്മാനം' നൽകമമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തക്കാളി നൽകാൻ തീരുമാനിച്ചത്'. കടയുടമയായ അഭിഷേക് അഗർവാൾ പറയുന്നു. ഇത്രയും വിലപിടിപ്പുള്ള സമ്മാനം വേറെന്താണെന്നും അദ്ദേഹം ചോദിക്കുന്നു. പുതിയ ഓഫർ പ്രഖ്യാപിച്ചതോടെ കച്ചവടം കൂടിയെന്നാണ് കടയുടമയുടെ അവകാശവാദമെന്ന് 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.
വില കൂടിയതോടെ അന്താരാഷ്ട്ര ഭക്ഷ്യശൃംഖലയായ മക്‌ഡൊണാൾഡിന്റെ ഡൽഹിയിലെ ശാഖകൾ ബർഗർ വിഭവങ്ങളിൽ നിന്നടക്കം തക്കാളി ഒഴിവാക്കിയെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16