പാനി പൂരി സൗജന്യമായി കൊടുത്തില്ല; വഴിയോര കച്ചവടക്കാരനെ മർദിച്ചു കൊന്ന് ഗുണ്ടാസംഘം
ഉത്തർപ്രദേശിലെ കാൻപൂരിൽ ദേഹത് സ്വദേശിയായ പ്രേം ചന്ദ്ര (40) ആണ് കൊല്ലപ്പെട്ടത്
കാൻപൂർ: പാനിപൂരി സൗജന്യമായി കൊടുക്കാത്തതിന് വഴിയോരക്കച്ചവടക്കാരനെ മർദിച്ചു കൊന്ന് ഗുണ്ടാസംഘം. ഉത്തർപ്രദേശിലെ കാൻപൂരിൽ ദേഹത് സ്വദേശിയായ പ്രേം ചന്ദ്ര (40) ആണ് കൊല്ലപ്പെട്ടത്. പാനി പൂരി ഫ്രീ ആയി നൽകാൻ പ്രേം ചന്ദ്ര വിസമ്മതിച്ചതോടെ സംഘം ഇദ്ദേഹത്തെ മർദിച്ചവശനാക്കുകയായിരുന്നു.
കാൻപൂരിലെ ചകേരി ഏരിയയിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കടയടച്ച് വീട്ടിലേക്ക് തിരിച്ചു പോകും വഴി പ്രേമിനെ പ്രദേശത്തെ ഗുണ്ടാനേതാവ് ധീരജ് അടങ്ങുന്ന സംഘം പിടിച്ചു നിർത്തി പാനി പൂരി ആവശ്യപ്പെട്ടു. ഫ്രീ ആയി വേണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. എന്നാലിത് പ്രേം നിരസിച്ചു. തുടർന്ന് ഇദ്ദേഹത്തെ അസഭ്യം പറഞ്ഞ സംഘം ക്രൂരമായി മർദിക്കുകയും ചെയ്തു. നാട്ടുകാരെത്തിയാണ് ഗുണ്ടകളെ പിടിച്ചു മാറ്റിയത്. തുടർന്ന് പ്രേം വീട്ടിലേക്ക് പോയെങ്കിലും രാത്രിയോടെ ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചു. മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എത്തിയതിന് ശേഷമേ വ്യക്തമാകൂ.
പ്രേം ചന്ദ്രയുടെ ശരീരത്തിൽ പ്രത്യക്ഷത്തിൽ മുറിവുകളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ചകേരി പൊലീസ് ഇൻസ്‌പെക്ടർ അശോക് കുമാർ ഡൂബേ അറിയിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എത്തിയതിന് ശേഷമേ കൂടുതൽ നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16