Quantcast

പ്രശസ്ത കോളമിസ്റ്റ് എ.ജി നൂറാനി അന്തരിച്ചു

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബദ്‌റുദ്ദീൻ തിയാബ്ജി, മുൻ പ്രസിഡന്റ് സാകിർ ഹുസൈൻ എന്നിവരുടെ ജീവചരിത്രമടക്കം 10 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    29 Aug 2024 12:00 PM GMT

Veteran scholar A.G. Noorani dies at 94
X

മുംബൈ: പ്രശസ്ത കോളമിസ്റ്റും അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ എ.ജി നൂറാനി (94) അന്തരിച്ചു. 1930ൽ മുംബൈയിലാണ് അബ്ദുൽ ഗഫൂർ മജീദ് നൂറാനി എന്ന എ.ജി നൂറാനി ജനിച്ചത്. ഹിന്ദുസ്ഥാൻ ടൈംസ്, ദ ഹിന്ദു, ഡോൺ, ദ സ്‌റ്റേറ്റ്‌സ്മാൻ, ഫ്രണ്ട്‌ലൈൻ, എകണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി, ദൈനിക് ഭാസ്‌കർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ നൂറാനി കോളങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

'ദ കശ്മീർ ക്വസ്റ്റിയൻ', 'മിനിസ്‌റ്റേഴ്‌സ് മിസ്‌കോൺഡക്ട്', 'ബ്രഷ്‌നേവ്‌സ് പ്ലാൻ ഫോർ ഏഷ്യൻ സെക്യൂരിറ്റി', 'ദ പ്രസിഡൻഷ്യൽ സിസ്റ്റം', 'ദി ട്രയൽ ഓഫ് ഭഗത് സിങ്', 'കോൺസ്റ്റിറ്റിയൂഷനൽ ക്വസ്റ്റിയൻസ് ഇൻ ഇന്ത്യ', 'ദ ആർ.എസ്.എസ് ആൻഡ് ദ ബി.ജെ.പി: എ ഡിവിഷൻ ഓഫ് ലേബർ', 'ദ ആർ.എസ്.എസ്: എ മെനസ് ടു ഇന്ത്യ' തുടങ്ങിയ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബദ്‌റുദ്ദീൻ തിയാബ്ജി, മുൻ പ്രസിഡന്റ് സാകിർ ഹുസൈൻ എന്നിവരുടെ ജീവചരിത്രം എഴുതിയതും എ.ജി നൂറാനിയാണ്.

മുംബൈയിലെ ഗവൺമെന്റ് ലോ കോളജിൽ നിന്നാണ് നൂറാനി നിയമബിരുദം നേടിയത്. കശ്മീർ മുൻ മുഖ്യമന്ത്രി ശൈഖ് അബ്ദുല്ല ദീർഘകാലം ജയിലിൽ കഴിഞ്ഞപ്പോൾ അദ്ദേഹത്തിനായി കോടതിയിൽ ഹാജരായത് നൂറാനിയായിരുന്നു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയും രാഷ്ട്രീയ എതിരാളിയായ ജെ. ജയലളിതയും തമ്മിലുള്ള കേസിൽ കരുണാനിധിയുടെ അഭിഭാഷകനും നൂറാനിയായിരുന്നു.

TAGS :

Next Story