Quantcast

'റിട്ട. ജഡ്ജിമാരുടെ യോഗം രഹസ്യപരിപാടി'; ചിത്രങ്ങൾ പുറത്തുവിട്ടതില്‍ കേന്ദ്രത്തിനെതിരെ വിഎച്ച്പി

റിട്ട. ജഡ്ജിമാരെ മാത്രമാണു ക്ഷണിച്ചതെന്ന് വിഎച്ച്പി പറയുന്നുണ്ടെങ്കിലും ഡൽഹി ഹൈക്കോടതിയിലെ രണ്ട് സിറ്റിങ് ജഡ്ജിമാരും ചടങ്ങിൽ സംബന്ധിച്ചിരുന്നതായാണു വിവരം

MediaOne Logo

Web Desk

  • Updated:

    2024-09-17 07:56:24.0

Published:

17 Sep 2024 7:53 AM GMT

റിട്ട. ജഡ്ജിമാരുടെ യോഗം രഹസ്യപരിപാടി; ചിത്രങ്ങൾ പുറത്തുവിട്ടതില്‍ കേന്ദ്രത്തിനെതിരെ വിഎച്ച്പി
X

ന്യൂഡൽഹി: വിവിധ മതവിഷയങ്ങൾ ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത റിട്ട. ജഡ്ജിമാരുടെ യോഗം രഹസ്യപരിപാടിയായിരുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി). പരിപാടി പരസ്യമാക്കിയതില്‍ കേന്ദ്ര നിയമമന്ത്രാലയത്തെ വിഎച്ച്പി ഇന്റർനാഷനൽ വർക്കിങ് പ്രസിഡന്റ് അഡ്വ. അലോക് കുമാർ വിമര്‍ശിച്ചു. ചിത്രങ്ങള്‍ പുറത്തുവിട്ടത് മന്ത്രാലയത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സെപ്റ്റംബർ എട്ടിന് ന്യൂഡൽഹിയിൽ നടന്ന യോഗത്തിൽ കാശി-മഥുര തര്‍ക്കവും വഖഫ് ഭേദഗതി ബില്ലുമായിരുന്നു പ്രധാന ചര്‍ച്ച.

മുൻ സുപ്രിംകോടതി-ഹൈക്കോടതി ജഡ്ജിമാർ, കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ എന്നിവരെല്ലാം ചടങ്ങിൽ സംബന്ധിച്ചിരുന്നു. പരിപാടി വിവാദമായതോടെയാണ് വിഎച്ച്പി അധ്യക്ഷൻ നിയമ വെബ്‌പോർട്ടൽ 'ബാർ ആൻഡ് ബെഞ്ചി'നോട് യോഗത്തിന്റെ വിശദാംശങ്ങളെ കുറിച്ച് പ്രതികരിച്ചത്. രാജ്യത്തിന്റെ നന്മയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനായി വിളിച്ച സ്വകാര്യ പരിപാടിയായിരുന്നു അതെന്ന് അലോക് കുമാർ പറഞ്ഞു. മുൻ ജഡ്ജിമാർ മാത്രമാണ് അടച്ചിട്ട മുറിയിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചത്. നിയമമന്ത്രി ചിത്രം പുറത്തുവിട്ടത് വീഴ്ചയാണെന്നും അദ്ദേഹം വിമർശിച്ചു.

''സുപ്രിംകോടതി-ഹൈക്കോടതി റിട്ട. ജഡ്ജിമാരെയാണു പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. വഖഫ് ഭേദഗതി ബിൽ, ക്ഷേത്രങ്ങളുടെ കൈമാറ്റം, മതപരിവർത്തനം ഉൾപ്പെടെ സമൂഹത്തിനു മുന്നിലുള്ള പൊതുവിഷയങ്ങളാണു യോഗത്തിൽ ചർച്ചയായത്. പരസ്പരം കാര്യങ്ങൾ മനസിലാക്കാനായി ജഡ്ജിമാരും വിഎച്ച്പി നേതാക്കളും തമ്മിലുള്ള തുറന്ന ആശയസംവാദമായിരുന്നു ഇതുകൊണ്ടു ലക്ഷ്യമാക്കിയത്''-അലോക് കുമാർ പറഞ്ഞു.

റിട്ട. ജഡ്ജിമാരെ മാത്രമാണു ക്ഷണിച്ചതെന്ന് വിഎച്ച്പി പറയുന്നുണ്ടെങ്കിലും ഡൽഹി ഹൈക്കോടതിയിലെ രണ്ട് സിറ്റിങ് ജഡ്ജിമാരും ചടങ്ങിൽ സംബന്ധിച്ചിരുന്നതായാണു വിവരം. പരിഷത്ത് നേതാക്കൾ തന്നെ ബാർ ആൻഡ് ബെഞ്ചിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. മധ്യപ്രദേശ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് രോഹിത് ആര്യ, സുപ്രിംകോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ ഉൾപ്പെടും.

ജസ്റ്റിസ് രോഹിത് അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. എപ്പോഴും ബിജെപി ആദർശത്തോട് ഒത്തുപോകുന്നതായിരുന്നു തന്റെ തത്വശാസ്ത്രമെന്നാണ് അദ്ദേഹം ബാർ ആൻഡ് ബെഞ്ചിനോട് പ്രതികരിച്ചത്. 2022 ഒക്ടോബറിൽ ഹിജാബ് കേസിൽ വിധി പറഞ്ഞ സുപ്രിംകോടതി ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് ഹേമന്ത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക ഹൈക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ജസ്റ്റിസ് ആദർശ് 2018 മുതൽ 2023 ജൂലൈ വരെ ദേശീയ ഹരിത ട്രിബ്യൂണൽ ചെയർപേഴ്‌സനായിരുന്നു.

കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാളിന്റെ എക്‌സ് പോസ്റ്റിനു പിന്നാലെയാണ് വിഎച്ച്പി ചടങ്ങിനെച്ചൊല്ലി വിവാദം ഉടലെടുത്തത്. വികസിത ഇന്ത്യയുടെ നിർമാണത്തിനു വേണ്ടിയുള്ള ജുഡിഷ്യൽ പരിഷ്‌ക്കാരങ്ങൾ സംബന്ധിച്ചുള്ള വിശദമായ ചർച്ചകളാണ് വിഎച്ച്പി ലീഗൽ സെൽ സംഘടിപ്പിച്ച 'ജഡ്ജസ് മീറ്റി'ൽ നടന്നതെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്. റിട്ട. ജഡ്ജിമാർ, മറ്റ് നിയമജ്ഞർ, അഭിഭാഷകർ, പ്രമുഖ ബുദ്ധിജീവികൾ ഉൾപ്പെടെ ചടങ്ങിൽ സംബന്ധിച്ചെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ചിത്രങ്ങളും മന്ത്രി അർജുൻ മേഘ്‌വാൾ പങ്കുവച്ചിരുന്നു. പരിപാടിക്കു പിന്നാലെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ആശങ്കകളും ഉയരുകയാണ്.

30 റിട്ട. ജഡ്ജിമാരാണ് യോഗത്തിൽ സംബന്ധിച്ചതെന്ന് 'ഇന്ത്യൻ എക്‌സ്പ്രസ്' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സംഘ്പരിവാർ വലിയ വിവാദമായി ഉയർത്തിക്കൊണ്ടുവന്ന നിരവധി വിഷയങ്ങൾ വിവിധ കോടതികളുടെ പരിഗണനയിലിരിക്കെയുള്ള വിഎച്ച്പി പരിപാടിക്ക് കൂടുതൽ രാഷ്ട്രീയപ്രാധാന്യമുണ്ട്. വാരാണസിയിലെ കാശിവിശ്വനാഥ്-ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി മസ്ജിദ് തുടങ്ങിയവയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. രണ്ടും വിഎച്ച്പി പരിപാടിയിൽ ചർച്ചയായിട്ടുണ്ട്. ഇതിനു പുറമെ വഖഫ് ഭേദഗതി ബിൽ, ഗോവധം, മതപരിവർത്തനം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയിൽ വന്നു.

Summary: ''It was mistake on part of Law Ministry to tweet VHP Judge's Meet; it was a closed-door event'': Vishwa Hindu Parishad (VHP) International Working President and advocate Alok Kumar

TAGS :

Next Story