Quantcast

ഫലസ്തീൻ പതാക വീശിയവരെ വേട്ടയാടി കൊല്ലണമെന്ന് വി.എച്ച്.പി നേതാവ്

ഫലസ്തീൻ പതാക വീശിയതിന് വിവിധ സംസ്ഥാനങ്ങളിൽ നിരവധി പേർ അറസ്റ്റിൽ, വിമർശിച്ച് നിയമവിദഗ്ധർ

MediaOne Logo

Web Desk

  • Published:

    20 July 2024 6:51 AM GMT

VHP leader Ashok Paliwal
X

ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ അധികാരമേറ്റെടുത്ത ശേഷം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ, പ്രത്യേകിച്ച് മുസ്‍ലിംകൾക്കെതിരെ വലിയ ആക്രമണമാണ് ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ അഴിച്ചുവിടുന്നത്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഫലസ്തീൻ പതാക വീശിയതിന്റെ പേരിൽ നടക്കുന്ന പ്രകോപനവും അറസ്റ്റുമെല്ലാം. മുഹറം ഘോഷയാത്രക്കിടെ ഫലസ്തീൻ പതാക വീശിയവരെ വേട്ടയാടി കൊല്ലണമെന്ന് പ്രസംഗിച്ചത് മധ്യപ്രദേശിലെ വിശ്വഹിന്ദു പരിഷത് നേതാവ് അശോക് പലിവാളാണ്. വിദ്വേഷ പ്രസംഗം നടത്തിയ അദ്ദേഹത്തിനെതിരെ കേസില്ലെന്ന് മാത്രമല്ല, പലിവാളിന്റെ പരാതിയിൽ നാലുപേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. മധ്യപ്രദേശിന് പുറമെ ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിരവധി പേരെയാണ് ഫലസ്തീൻ പതാക വീശിയതിന് പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ, ഈ അറസ്റ്റിനെ ചോദ്യം ചെയ്ത് നിയമ വിദഗ്ധരും രാഷ്ട്രീയ നേതാക്കളുമെല്ലാം രംഗത്തുവന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ഇവർ ചോദിക്കുന്നു. ഫലസ്തീനുമായി നയതന്ത്ര ബന്ധം പുലർത്തുന്ന രാജ്യം കൂടിയാണ് ഇന്ത്യ.

ഫലസ്തീന്റെ ആവശ്യത്തിനായുള്ള ഇന്ത്യയുടെ പിന്തുണ രാജ്യത്തിന്റെ വിദേശനയത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ് സർക്കാർ ​വെബ്സൈറ്റിൽ തന്നെ വ്യക്തമാക്കുന്നത്. 1974ൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ അംഗീകരിക്കുന്ന ആദ്യ അറബ് ഇതര രാജ്യമായി ഇന്ത്യ മാറിയിരുന്നു. 1988ൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 1981ൽ ഫലസ്തീൻ ജനതക്കായുള്ള ഐക്യദാർഢ്യ ദിനത്തിന്റെ പശ്ചാത്തലത്തിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കി. കഴിഞ്ഞയാഴ്ച ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിക്ക് ഇന്ത്യ 2.5 മില്യൺ ഡോളർ സഹായമാണ് നൽകിയത്.

കാര്യങ്ങൾ ഇങ്ങനെ​യൊക്കെ ആണെങ്കിലും ഫലസ്തീൻ അനുകൂലികളെയും വംശഹത്യക്ക് ഇരയാവുന്ന ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടപ്പിക്കുന്നവരെയും ഭരണകൂടം തന്നെ തുറങ്കിലടക്കുന്ന കാഴ്ചയാണ്. മുഹറം ഘോഷയാത്രക്കിടെ ഫലസ്തീൻ പാതാക വീശിയതിനെതിരെ ബി.ജെ.പി, ഭജ്റംഗ് ദൾ, വിശ്വഹിന്ദു പരിഷത് തുടങ്ങിയ സംഘടനകളാണ് വിവിധ സംസ്ഥാനങ്ങളിലായി പരാതി നൽകിയിട്ടുള്ളത്. ഭാരതീയ ന്യായ സംഹിത, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം എന്നിവ പ്രകാരമാണ് പലർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

ഫലസ്തീൻ പതായ വീശിയതിന് ഒരാളെ ജാർഖണ്ഡിലെ ധുംകയിൽനിന്ന് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തു. പൊതുപ്രവർത്തകനെ അനുസരിക്കാതിരിക്കുക, പൊതുജന ശല്യം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചാർത്തിയിരിക്കുന്നത്. ആറ് മാസം വരെ ജയിൽ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

‘ഓരോ കാര്യങ്ങളും ചെയ്യാൻ പ്രത്യേക സ്ഥലങ്ങളുണ്ട്. മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കുന്ന കാര്യങ്ങൾ പൊതുയിടത്ത് ചെയ്യാനാകില്ല. പ്രകോപനകരമായ കാര്യങ്ങളിൽനിന്ന് വ്യക്തികളെ വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവുണ്ട്’ -ധുംകയിലെ എസ്.പി പീതാംബർ സിങ് പറഞ്ഞു. ജാർഖണ്ഡ് ബി.ജെ.പി അധ്യക്ഷൻ ബാബുലാൽ മറാണ്ടി ‘എക്സി’ൽ ഒരാൾ ഫലസ്തീൻ പതാക വീശുന്നതിന്റെ വിഡിയോ പങ്കുവെച്ചതിന്റെ പിന്നാലെയാണ് പൊലീസ് നടപടി. താലിബാൻ ചിന്താഗതിയുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ജമ്മു കശ്മീരിൽ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫലസ്തീൻ പതാക വീശുക, ലെബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ല അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുക തുടങ്ങിയ കാര്യങ്ങൾ ആരോപിച്ച് യു.എ.പി.എ അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ജയിലിലടച്ചവരെ ഉടൻ വിട്ടയക്കണമെന്ന് ശ്രീനഗർ എം.പി റൂഹുല്ല മെഹദി ആവശ്യപ്പെട്ടു. ഇത് അഭിപ്രായസ്വതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്നും അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് ​വേണ്ടിയാണ് അവർ നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായി സൗഹൃദമുള്ള രാജ്യത്തിന്റെ പതാക വീശുന്നത് കുറ്റകരമല്ലെന്ന് അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ വൃദ്ധ ഗ്രോവർ പറഞ്ഞു. ‘ജനങ്ങളെ നിശ്ശബ്ദരാക്കാനാണ് ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. രാഷ്ട്രീയ പ്രാതിനിധ്യം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഈ കേസുകളിൽ ഇത് ആക്രമിക്കപ്പെട്ടിരിക്കുന്നു. ഡൽഹിയിലാണ് ഫലസ്തീൻ എംബസി സ്ഥിതി ചെയ്യുന്നത്. വെറുമൊരു പതാക വീശുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ല’ -​വൃദ്ധ ഗ്രോവർ വ്യക്തമാക്കി.

ബിഹാറിൽ ഒരാഴ്ചക്കിടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലും മറ്റു സംസ്ഥാനങ്ങളിലും ഫലസ്തീൻ പതാക വീശിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ ഉടൻ വിട്ടയക്കണമെന്ന് സി.പി.ഐ (എം.എൽ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ ആവശ്യപ്പെട്ടു. ഗസ്സയിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് ഇവർ ഫലസ്തീൻ പതാക വീശിയത്. ഫലസ്തീനെ എന്നും പിന്തുണക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. അതിനാലാണ് ഫലസ്തീൻ എംബസി ന്യൂഡൽഹിയിൽ നിലനിൽക്കുന്നതെന്നും ഭട്ടാചാര്യ കൂട്ടിച്ചേർത്തു.

TAGS :

Next Story