Quantcast

‘ശബരിമലയിലടക്കം പ്രസാദത്തിൽ മായം ചേർക്കുന്നു’; ക്ഷേത്രങ്ങളെ സർക്കാറിൽനിന്ന് മോചിപ്പിക്കാൻ കാമ്പയിനുമായി വിഎച്ച്പി

‘തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം’

MediaOne Logo

Web Desk

  • Published:

    25 Sep 2024 5:10 AM GMT

vhp
X

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ കാമ്പയിൻ ആരംഭിച്ച് വിശ്വ ഹിന്ദു പരിഷത്. ആന്ധ്ര പ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ പ്രസാദവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് വിഎച്ച്പിയുടെ നീക്കം. കഴിഞ്ഞദിവസം ക്ഷേത്രത്തിൽ ഭക്തരുടെ സമ്മേളനം വിഎച്ച്പി സംഘടിപ്പിച്ചിരുന്നു. ക്ഷേത്രങ്ങളുടെ നടത്തിപ്പിൽ വ്യാപക അഴിമതിയുണ്ടെന്ന് വിഎച്ച്പി ആരോപിക്കുന്നു. ക്ഷേത്രങ്ങൾ ഏറ്റെടുക്കുന്ന സർക്കാറുകൾക്ക് ‘മുസ്‍ലിം അധിനിവേശക്കാരുടെയും ​കൊളോണിയൽ ബ്രിട്ടീഷുകാരുടെയും’ ചിന്താഗതിയാണുള്ളതെന്നും സംഘടന കുറ്റപ്പെടുത്തി.

ഹിന്ദുക്കളുടെ സമ്പത്ത് കൊള്ളയടിക്കാനും സർക്കാറുകളിൽ ഇടം ലഭിക്കാത്ത രാഷ്ട്രീയക്കാരെ ഉൾക്കൊള്ളാനുമാണ് സർക്കാർ ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നതെന്ന് വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജയിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുപ്പതി ക്ഷേത്രത്തിലെ ​പ്രസാദത്തിൽ മൃഗ​ക്കൊഴുപ്പ് ചേർത്തത് മൊത്തം ഹിന്ദു സമുദായത്തെ രോഷാകുലരാക്കിയിട്ടുണ്ട്. കേരളത്തിലെ ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽനിന്ന് ഇത്തരം മായം ചേർക്കൽ റിപ്പോർട്ടുകൾ വരു​ന്നുണ്ടെന്നും സുരേന്ദ്ര ജയിൻ ആരോപിച്ചു.

ഇത് സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ക്രിമിനൽ പ്രവൃത്തിയാണ്. ഈ സംഭവങ്ങൾക്കെല്ലാമുള്ള ബന്ധം എന്നത് ഈ ക്ഷേത്രങ്ങളെല്ലാം സർക്കാറിന്റെ നിയ​ന്ത്രണത്തിലുള്ളതാണെന്നാണ്. ക്ഷേത്രങ്ങളെ സർക്കാറുകളുടെ നിയന്ത്രണത്തിൽനിന്ന് മോചിപ്പിച്ച് ഹിന്ദു സമൂഹത്തിന് നൽകുക എന്നത് മാത്രമാണ് ശാശ്വതമായ പരിഹാരം. സന്യാസിമാരുടെ മാർഗനിർദേശത്തിൽ സമുദായമായിരിക്കും ഈ ക്ഷേത്രങ്ങൾ കൈകാര്യം ചെയ്യുകയെന്നും ജെയിൻ കൂട്ടിച്ചേർത്തു.

സർക്കാറുകൾ ക്ഷേത്രങ്ങൾ നടത്തുന്നത് ഭരണഘടനാവിരുദ്ധമാണ്. ആർട്ടിക്കിൾ 12ൽ പറയുന്നത് സംസ്ഥാനങ്ങൾക്ക് മതമില്ല എന്നാണ്. പിന്നെ അവർക്ക് ആരാണ് ക്ഷേത്രങ്ങൾ നടത്താനുള്ള അവകാശം നൽകിയത്. ആർട്ടിക്കിൾ 25ഉം 26ഉം നമ്മുടെ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം നൽകുന്നുണ്ട്. ന്യൂനപക്ഷത്തിന് അവരുടെ സ്ഥാപനങ്ങൾ നടത്താൻ സാധിക്കുമെങ്കിൽ ഹിന്ദുക്കൾക്ക് എന്തുകൊണ്ട് ആയിക്കൂടായെന്നും ജെയിൻ ചോദിക്കുന്നു.

ഒരു പ്രത്യേക രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ആദ്യം മുസ്‍ലിം അധിനിവേശക്കാർ ക്ഷേത്രം തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ബ്രിട്ടീഷുകാർ കൂടുതൽ മിടുക്കരായിരുന്നു, അവർ ക്ഷേത്രങ്ങളുടെ നിയ​ന്ത്രണം ഏറ്റെടുത്തു. അങ്ങനെ ക്ഷേത്രങ്ങളെ കൊള്ളയടിക്കാൻ അവർ വ്യവസ്ഥാപിത സംവിധാനം ഒരുക്കി. നിർഭാഗ്യവശാൽ, സ്വാതന്ത്ര്യം ലഭിച്ചിട്ടും നമ്മുടെ രാഷ്ട്രീയക്കാർക്ക് ഈ കൊളോണിയൽ ചിന്താഗതിയിൽനിന്ന് മോചിതരാകാൻ കഴിഞ്ഞിട്ടില്ല. ഇതേ ചിന്താഗതിയോടെയാണ് സർക്കാറുകളും ക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ഈ കൊള്ളക്ക് അവസാനം കാണേണ്ടതുണ്ട്. ‘ഹിന്ദു ആവശ്യത്തിനായിരിക്കണം ഹിന്ദുക്ക​ളുടെ സമ്പത്ത്’ എന്നാണ് നമ്മുടെ മുദ്രാവാക്യമെന്നും ജെയിൻ വ്യക്തമാക്കി.

തമിഴ്നാട് സർക്കാറിന് കീഴിൽ മാത്രം 400ലധികം ക്ഷേത്രങ്ങളാണുള്ളത്. ഇവിടങ്ങളിൽനിന്ന് 50,000 കോടി രൂപയാണ് കഴിഞ്ഞ 10 വർഷത്തിനിടെ നഷ്ടമായതെന്നും ജെയിൻ ആരോപിക്കുന്നു.

സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന കാമ്പയിനിന്റെ ആദ്യപടിയായി എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനത്ത് പ്രതിഷേധ റാലി സംഘടിപ്പിക്കും. തുടർന്ന് മുഖ്യമന്ത്രിമാർക്ക് ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിക്കും. ആവശ്യമെങ്കിൽ നിയമനടപടിയും സ്വീകരിക്കും. ഇതിൽ പരിഹാരമായില്ലെങ്കിൽ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകുമെന്നും ജെയിൻ പറഞ്ഞു.

കേന്ദ്രത്തിൽ 10 ​വർഷം മോദി സർക്കാറും വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയും ഭരിച്ചിട്ടും എന്തുകൊണ്ട് ഇത് നടപ്പാക്കാൻ സാധിച്ചില്ലെന്ന ചോദ്യത്തിനും ജെയിൻ മറുപടി നൽകി. നേരത്തെയും ഈ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും ഇപ്പോഴാണ് കാമ്പയിൻ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സമുദായം തന്നെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവരുന്നുണ്ട്. അതിനാൽ ഇപ്പോൾ ഒരു കാമ്പയിൻ തുടങ്ങണമെന്നത് ദൈവത്തിന്റെ കൂടി ആഗ്രഹമായിരിക്കുമെന്നും ജെയിൻ കൂട്ടിച്ചേർത്തു. തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിൽ മായം കണ്ടെത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കുറ്റക്കാർക്ക് കടുത്ത ശിക്ഷ നൽകണമെന്നും വിഎച്ച്പി ആവശ്യപ്പെടുന്നുണ്ട്.

TAGS :

Next Story