Quantcast

ജോൺ ബ്രിട്ടാസിന്റെ പ്രസംഗത്തിന് അഭിനന്ദനവുമായി ഉപരാഷ്ട്രപതി

അഭിനന്ദനത്തിന് ജോൺ ബ്രിട്ടാസ് നന്ദി അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    18 Dec 2021 1:41 PM GMT

ജോൺ ബ്രിട്ടാസിന്റെ  പ്രസംഗത്തിന് അഭിനന്ദനവുമായി ഉപരാഷ്ട്രപതി
X

ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയിൽ നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു. അതിഗംഭീരമായ പ്രസംഗമാണ് ജോണ്‍ ബ്രിട്ടാസ് എം.പി നടത്തിയതെന്നും പക്ഷേ ദേശീയ മാധ്യമങ്ങളിൽ ആ പ്രസംഗം വാർത്തയായില്ലെന്നത് നിരാശാജനകമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.

വി.കെ മാധവൻകുട്ടി പുരസ്‌കാര വിതരണ ചടങ്ങിലായിരുന്നു ഉപരാഷ്ട്രപതിയുടെ അഭിനന്ദന പരാമർശം. അഭിനന്ദനത്തിന് ജോൺ ബ്രിട്ടാസ് നന്ദി അറിയിച്ചു. ഫേസ്‌ബുക്കിൽ ഉപരാഷ്ട്രപതിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം നന്ദി അറിയിച്ചത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡുവിന്റെ വാക്കുകൾ ഇന്നലെ അക്ഷരാർഥത്തിൽ എന്നെ അത്ഭുതപ്പെടുത്തി. രാജ്യസഭാ ചെയർമാൻ കൂടിയായ അദ്ദേഹത്തെപ്പോലുള്ള ഉന്നത വ്യക്തിത്വം പരസ്യമായി എന്നെക്കുറിച്ച് പറയും എന്ന് ഞാൻ വിചാരിച്ചില്ല.

"ജഡ്ജിമാരുടെ പെൻഷൻ ബില്ല് സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ കേരളത്തിൽനിന്നുള്ള അംഗം ജോൺ ബ്രിട്ടാസ് അത്യുഗ്രമായ പ്രസംഗമാണ് നടത്തിയത്...wonderful. ഞാൻ മുഴുവൻ കേട്ടു. വിമർശനാത്മകമായിരുന്നുവെങ്കിലും എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. പക്ഷെ തൊട്ടടുത്ത ദിവസം ഞാൻ നിരാശനായി. കാരണം പ്രസംഗത്തിലെ ഒരു വരിപോലും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. മലയാള മാധ്യമങ്ങളുടെ സ്ഥിതി എനിക്കറിയില്ല. ഇതല്ല ജേണലിസം.

പിറ്റേന്ന് രാവിലെ ഞാൻ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു .............."" ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

നമ്രതയോടെ അദ്ദേഹത്തിന്റെ നല്ല വാക്കുകൾക്ക് ഞാൻ നന്ദി പറയുന്നു. അദ്ദേഹത്തിന്റെ ഫോൺവിളി ചെറിയൊരു ഞെട്ടലോടെയാണ് ഞാൻ സ്വീകരിച്ചത്. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും കാര്യമായ തെറ്റ് ഉണ്ടായതുകൊണ്ടാണോ ഇങ്ങനെ ഒരു വിളി?പ്രസംഗത്തിന്റെ ആദ്യഭാഗത്ത് 12 എംപിമാരെ സസ്പെൻഡ് ചെയ്ത അദ്ദേഹത്തിൻ്റെ നടപടിയെ ഞാൻ നിശിതമായി വിമർശിച്ചിരുന്നു. ശങ്കർദയാൽ ശർമ്മയെപ്പോലുള്ള മഹാരഥന്മാർക്ക് സഭയിൽ പൊട്ടിക്കരയേണ്ടി വന്നിട്ടും അന്നൊന്നും ആരെയും സസ്പെൻഡ് ചെയ്തിരുന്നില്ലല്ലോ എന്ന് ഞാൻ എടുത്തു ചോദിച്ചിരുന്നു. എന്നാൽ എൻ്റെ ആശങ്കകളെ ദൂരീകരിച്ചു കൊണ്ട് ഉപരാഷ്ട്രപതി ലൈനിൽ വന്നപ്പോൾ പ്രസംഗത്തിനുള്ള അഭിനന്ദനവും പ്രോത്സാഹനവും ആണ് നൽകിയത് . വ്യക്തിപരമായ ഫോൺവിളി ആയതുകൊണ്ട് തന്നെ ഞാനത് സ്വകാര്യമായി സൂക്ഷിച്ചു. ഞാൻ കൂടി ഭാഗഭാക്കായ മാധ്യമത്തിൽ പോലും ഉപരാഷ്ട്രപതിയുടെ ഫോൺ വിളിയെ കുറിച്ച് ഒരു വാർത്തപോലും കൊടുത്തിരുന്നില്ല. അപ്പോഴാണ് ഇന്നലെ ഡൽഹിയിൽ പ്രധാനപ്പെട്ട പല മാധ്യമപ്രവർത്തകരെയും സാക്ഷിനിർത്തി ഉപരാഷ്ട്രപതി ഭവനിൽ നടന്ന വി കെ മാധവൻകുട്ടി പുരസ്കാരചടങ്ങിൽ അദ്ദേഹം തന്നെ ഇക്കാര്യം പറഞ്ഞത്.

ഉപരാഷ്ട്രപതി പരാമർശിച്ച പ്രസംഗം ഏതാനും ദിവസങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്തിരുന്നു.


Summary : Vice President congratulates John Brittas on his speech

TAGS :

Next Story