ബി.ജെ.പിയുടെ 'ചൗക്കിദാർ ഗൗരി', ക്രിസ്ത്യൻ-മുസ്‌ലിം വിദ്വേഷം; ആരാണ് വിക്ടോറിയ ഗൗരി? എന്തുകൊണ്ട് വിവാദനായിക?
ഇസ്‌ലാമിക സംഘങ്ങളെക്കാൾ കൂടുതൽ അപകടകാരികളാണ് ക്രിസ്ത്യാനികളെന്നാണ് 'ഭാരത്‍മാര്‍ഗ്' അഭിമുഖത്തിൽ ഗൗരി ആരോപിച്ചത്. ക്രിസ്ത്യൻ മതപരിവർത്തനങ്ങളുടെ അത്ര ഭീകരമല്ലെ ബോംബ് സ്‌ഫോടനങ്ങളെന്നുള്ള നിരീക്ഷണവും നടത്തിയിട്ടുണ്ട്
ചെന്നൈ: മദ്രാസ് ഹൈക്കോടതി അഡിഷനൽ ജഡ്ജിയായി ലക്ഷ്മണചന്ദ്ര വിക്ടോറിയ ഗൗരിയുടെ നിയമനം രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയിലെ തന്നെ 21 അഭിഭാഷകരാണ് രാഷ്ട്രപതി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സമീപിച്ചിരിക്കുന്നത്. മുസ്‌ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പരാമർശങ്ങൾ മുതൽ സജീവ ബി.ജെ.പി പ്രവർത്തകയും നേതാവുമാണെന്നതടക്കമുള്ള വിഷയങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.
കോളീജിയം ശിപാർശ പ്രകാരമായിരുന്ന ഗൗരിയുടെ നിയമനം. എന്നാൽ, മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരായ അന്ന മാത്യുസ്, സുധാ രാമലിംഗം, ഡി. നാഗശില എന്നിവർ കൊളീജിയം ശിപാർശ പുനഃപരിശോധിക്കണമെന്നും ഗൗരിയുടെ നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി നൽകി. എന്നാൽ, രാഷ്ട്രീയ നിയമനങ്ങൾ ഇതിനുമുൻപും ഉണ്ടായിട്ടുണ്ടെന്നും കൊളീജിയം ശിപാർശ റദ്ദാക്കാനാകില്ലെന്നുമാണ് ഇപ്പോൾ കോടതി വ്യക്തമാക്കിയിരിക്കുന്നത്. സുപ്രിംകോടതി ഹരജി തള്ളിയ അതേ സമയത്ത് തന്നെ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു.
'ഓർഗനൈസറി'ലെ ക്രിസ്ത്യൻ വിദ്വേഷ ലേഖനം
ആർ.എസ്.എസ് മുഖപത്രം 'ഓർഗനൈസറി'ൽ വിക്ടോറിയ ഗൗരി എഴുതിയ ലേഖനമാണ് അഭിഭാഷകർ ഉയർത്തിയ ഒന്നാമത്തെ വിഷയം. Aggressive baptising destroying social harmony എന്ന തലക്കെട്ടോടെ 2012ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ക്രിസ്തു മതത്തിനും സഭകൾക്കുമെതിരെ ആഞ്ഞടിക്കുന്നുണ്ട് ഗൗരി.
കഴിഞ്ഞ 50 വർഷമായി ശക്തമായ ക്രിസ്ത്യൻ സഭയ്‌ക്കെതിരെയാണ് അരികുവൽക്കരിക്കപ്പെട്ട ഹിന്ദുക്കൾ പോരാടുന്നതെന്ന് ലേഖനത്തിൽ പറയുന്നു. രാജ്യത്ത് സാമുദായിക സംഘർഷങ്ങൾ ആസൂത്രണം ചെയ്യുന്നത് ക്രിസ്ത്യാനികളാണെന്ന് ആരോപിക്കുന്ന ഗൗരി നിർബന്ധിത മതപരിവർത്തനം തടയാൻ ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ക്രിസ്ത്യൻ വിഭാഗീയ-വർഗീയ വിഭാഗങ്ങൾ നടത്തുന്ന പ്രലോഭനങ്ങളിലൂടെയുള്ള മതപരിവർത്തങ്ങളിലൂടെ ഭൂരിപക്ഷമായിരുന്ന ഹിന്ദുക്കൾ ന്യൂനപക്ഷമായി മാറിയിരിക്കുകയാണെന്നും ലേഖനത്തിൽ ആരോപിക്കുന്നുണ്ട്.
'ക്രിസ്ത്യാനികൾ ഇസ്‌ലാമിക സംഘങ്ങളെക്കാൾ കൂടുതൽ അപകടകാരികൾ'
ഹിന്ദുത്വ പ്രസിദ്ധീകരണമായ 'ഭാരത്‍മാര്‍ഗി'ന്റെ യൂട്യൂബ് ചാനലിന് വിക്ടോറിയ ഗൗരി നൽകിയ അഭിമുഖമാണ് മറ്റൊരു വിഷയം. 2018 ഫെബ്രുവരിൽ പുറത്തുവിട്ട More Threat to National Security & Peace? Jihad or Christian Missionary? എന്ന തലക്കെട്ടിലുള്ള അഭിമുഖത്തിൽ മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ കടുത്ത വിദ്വേഷ പരാമർശങ്ങളാണ് ഗൗരി നടത്തിയത്.
ഇസ്‌ലാം പച്ച ഭീകരതയാണെങ്കിൽ ക്രിസ്തുമതം വെളുത്ത ഭീകരതയാണെന്നും ഇസ്‌ലാമിക സംഘങ്ങളെക്കാൾ കൂടുതൽ അപകടകാരികളാണ് ക്രിസ്ത്യാനികളെന്നും അഭിമുഖത്തിൽ ഗൗരി ആരോപിക്കുന്നു. 'ലൗജിഹാദ്' വിഷയത്തിൽ രണ്ടും ഒരുപോലെ അപകടമാണെന്നും ക്രിസ്ത്യൻ മതസംഘങ്ങൾ നടത്തുന്ന മതപരിവർത്തനങ്ങളെ അപേക്ഷിച്ച് ബോംബ് സ്‌ഫോടനങ്ങൾ അത്ര അപകടമല്ലെന്നും അഭിമുഖത്തിൽ തുടരുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്‌നം ക്രിസ്തുമതമാണെന്നും ആരോപിക്കുന്നുണ്ട്.
ഇതേ ചാനലിനു തന്നെ 2018 ജൂണിൽ നൽകിയ അഭിമുഖത്തിൽ രാജ്യത്ത് ക്രിസ്ത്യൻ മിഷനറികളുടെ സാംസ്‌കാരിക കൂട്ടക്കൊല നടക്കുകയാണെന്ന് ഇവർ ആരോപിക്കുന്നുണ്ട്. റോമൻ കത്തോലിക്കാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുത്സിതമായ മതപരിവർത്തന നടപടികളാണ് നടക്കുന്നതെന്ന് ആരോപിക്കുന്ന ഗൗരി ക്രിസ്ത്യൻ ഗാനങ്ങൾക്കു ചുവടുവച്ചുള്ള ഭരതനാട്യം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.
ബി.ജെ.പിയുടെ 'ചൗക്കിദാർ ഗൗരി'; മഹിളാ മോര്‍ച്ച നേതാവ്
വിക്ടോറിയ ഗൗരിയുടെ സജീവരാഷ്ട്രീയ ബന്ധമാണ് മറ്റൊരു വിഷയം. ബി.ജെ.പി വനിതാ വിഭാഗമായ 'ഭാരതീയ മഹിളാ മോർച്ച'യുടെ ദേശീയ ജനറൽ സെക്രട്ടറിയാണ് ഗൗരി. 2010ൽ മഹിളാ മോർച്ച കേരള ഘടകത്തിന്റെ ഇൻചാർജായിരുന്നു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബി.ജെ.പിക്കായി പ്രചാരണരംഗത്ത് സജീവമായിരുന്നു ഗൗരി. പ്രബലയായ ബി.ജെ.പി നേതാവാണ് ഇവരെന്ന് എല്ലാവർക്കും അറിയുന്ന വസ്തുതയാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം കേന്ദ്ര മന്ത്രിമാരും ബി.ജെ.പി നേതാക്കളും ട്വിറ്റർ പ്രൊഫൈൽ നാമങ്ങളിൽ 'ചൗക്കിദാർ' കൂട്ടിച്ചേർത്തപ്പോൾ കാംപയിനിനൊപ്പം പങ്കുചേർന്നയാളാണ് ഗൗരി. ട്വിറ്റർ അക്കൗണ്ട് പിന്നീട് ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.
********
ഇത്തരത്തിലൊരു പശ്ചാത്തലമുള്ളയാളെ രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തിൽ ഇരുത്തുന്നത് ഭരണഘടനാ നിയമങ്ങളുടെ ലംഘനമാണെന്ന് അഭിഭാഷകരും സാമൂഹിക പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. നിയമനം പരിഗണനയ്‌ക്കെടുക്കുമ്പോൾ ഗൗരി നടത്തിയ വിദ്വേഷ പരാമർശങ്ങളും വർഗീയ പ്രസ്താവനകളും കൊളീജിയം മുഖവിലയ്‌ക്കെടുത്തില്ല. ഇത്തരമൊരു വ്യക്തിയിൽനിന്ന് മുസ്‌ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങൾ എങ്ങനെ നീതി പ്രതീക്ഷിക്കുമെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
Summary: From hate-speech against Christians and Muslims to BJP affiliation-Reasons behind the controversy over Victoria Gowri's appointment as additional judge in the Madras High Court
Adjust Story Font
16